പാകിസ്ഥാൻ ധനമന്ത്രി ഖ്വാജ ആസിഫിനും പാക് സൈന്യത്തിൻ്റെ പ്രചരണ വിഭാഗമായ ഐഎസ്‌പിആറിനും ഇന്ത്യയിൽ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന് ഇന്ത്യയിൽ വിലക്ക്. പാകിസ്ഥാൻ ധനമന്ത്രി ഖ്വാജ ആസിഫിനും പാക് സൈന്യത്തിൻ്റെ പ്രചരണ വിഭാഗമായ ഐഎസ്‌പിആറിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ബ്ലോക്ക് ചെയ്തിരിക്കുന്നത്.
ഗായകൻ ആതിഫ് അസ്ലം, ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദി, ബാബർ അസം, നടൻ ഫവാദ് ഖാൻ, ഹാനിയ ആമിർ, മഹിര ഖാൻ എന്നിവരുൾപ്പെടെ നിരവധി പാകിസ്ഥാൻ സെലിബ്രിറ്റികളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും സസ്പെൻഡ് ചെയ്തവയുടെ കൂട്ടത്തിൽ പെടുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ ഈ ചാനലുകലള്‍ പ്രകോപനപരവും വർഗീയവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്ന ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണ്ടെത്തലിനെ തുടർന്നാണ് നടപടിയെടുത്തത്.
ALSO READ: നാഷണൽ ഹെറാൾഡ് കേസ്: സോണിയയ്ക്കും രാഹുലിനും ഹാജരാകാന്‍ കോടതി നോട്ടീസ്
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യാ വിരുദ്ധ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്. ഡോൺ, സമ ടിവി, എആർവൈ ന്യൂസ്, ബോൾ ന്യൂസ്, റാഫ്താർ, ജിയോ ന്യൂസ്, സുനോ ന്യൂസ് എന്നീ വാർത്താ ഏജൻസികളുടെ യൂട്യൂബ് ചാനലുകളും നിരോധിച്ച ചാനലുകളുടെ കൂട്ടത്തിൽ പെടുന്നു.
മാധ്യമപ്രവർത്തകരായ ഇർഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമർ ചീമ, മുനീബ് ഫാറൂഖ് എന്നിവരുടെ യൂട്യൂബ് ചാനലുകളും നിരോധിച്ചിട്ടുണ്ട്. പാകിസ്ഥാൻ റഫറൻസ്, സമ സ്പോർട്സ്, ഉസൈർ ക്രിക്കറ്റ്, റാസി നാമ എന്നിവയാണ് നിരോധിച്ച മറ്റ് അക്കൗണ്ടുകൾ.
ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ വിദേശ കമ്പനികൾ പാക് വ്യോമ പാത ഒഴിവാക്കാൻ തീരുമാനിച്ചുവെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ വിമാനക്കമ്പനികൾ പാക് വ്യോമപാത നിരോധിച്ചിരുന്നു. ഇപ്പോൾ വിദേശ വിമാനക്കമ്പനികളും പാക് വ്യോമ പാത ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
വിദേശ കമ്പനികൾ പാക് വ്യോമ പാത ഉപേക്ഷിക്കുന്നത് നയതന്ത്ര തലത്തിൽ പാകിസ്ഥാന് തിരിച്ചടിയാകും. ലുഫ്താൻസ, ബ്രിട്ടീഷ് എയർവേയ്‌സ്, സ്വിറ്റ്‌സർലൻഡ്, എയർ ഫ്രാൻസ്, ഇറ്റലിയിലെ ഐടിഎ, പോളണ്ടിലെ ലോട്ട് എന്നി മുൻനിര യൂറോപ്യൻ വിമാനക്കമ്പനികളാണ് സ്വമേധയാ പാക് വ്യോമപാത ഉപേക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട്.