ഭീകര വിരുദ്ധ പോരാട്ടത്തിനായി ഇന്ത്യൻ സൈന്യത്തിന് പൂർണ പ്രവർത്തന സ്വാതന്ത്ര്യം നൽകാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടുത്തിരുന്നു.
അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ തിരിച്ചടിക്ക് സജ്ജമെന്ന് സൂചിപ്പിച്ച് ഇന്ത്യൻ നേവി ഒരു ദൗത്യവും അകലെയല്ലെന്നും എക്സ് പോസ്റ്റിലൂടെ പറയുന്നു. അതേ സമയം ബിഎസ്എഫിനെ മാറ്റി പ്രധാന പോസ്റ്റുകളുടെ ചുമതല ഏറ്റെടുത്ത് സൈന്യം. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് പിന്തുണയറിയിച്ച് സേനകൾ രംഗത്തെത്തിയിരിക്കുന്നത്.
യുദ്ധക്കപ്പലുകളുടെ ചിത്രം പങ്കുവെച്ചാണ് ഇന്ത്യൻ നേവിയുടെ പോസ്റ്റ്. 'ഒരു ദൗത്യവും അകലെയല്ല, ഒരു കടലും അത്ര വലുതുമല്ല' എന്ന കുറിപ്പോടെയാണ് പൂര്‍ണസജ്ജമായ യുദ്ധകപ്പലുകളുടെ ചിത്രങ്ങള്‍ സഹിതം നാവികസേന എക്സില്‍ കുറിപ്പ് പങ്കുവെച്ചത്.
അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചതായി പാകിസ്ഥാന്‍ മന്ത്രി പ്രതികരിച്ചിരുന്നു. ഇന്ത്യൻ നടപടികളെ ഭയപ്പെടുന്നതായും പ്രതികരണത്തിൽ പറയുന്നു. ഭീകര വിരുദ്ധ പോരാട്ടത്തിനായി ഇന്ത്യൻ സൈന്യത്തിന് പൂർണ പ്രവർത്തന സ്വാതന്ത്ര്യം നൽകാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടുത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡൽഹിയിലെ വസതിയിൽ ചേർന്ന അടിയന്തര ഉന്നതതല യോഗത്തിലാണ് തീരുമാനം. ഭീകരരെ നേരിടാനുള്ള സമയവും രീതിയും ലക്ഷ്യവും സൈന്യത്തിന് നിശ്ചയിക്കാം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ, ദേശീയ സുരക്ഷാ മേധാവി അജിത് ഡോവൽ എന്നിവരാണ് പ്രധാനമന്ത്രിയെ കൂടാതെ യോഗത്തിൽ പങ്കെടുത്തത്.