അംബേദ്കറും, മണിപ്പൂരും ഉൾപ്പെടെ തർക്കവിഷയങ്ങൾ, കയ്യാങ്കളി, പ്രതിഷേധം; അസാധാരണ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ശീതകാല സെഷൻ

അദാനി വിഷയത്തിൽ പരസ്പരം നീരസത്തിലായിരുന്ന ഇന്ത്യാസഖ്യ പാർട്ടികൾ അംബേദ്കറിനായി ഒന്നിച്ചുപോരാടി. കന്നിപ്രവേശം നടത്തിയ പ്രിയങ്കാഗാന്ധിയുടെ ബാ​ഗ്, ലോക മാധ്യമശ്രദ്ധ നേടിയതും ഇത്തവണത്തെ ശീതകാല സമ്മേളനത്തിന്റെ കൗതുകമായി.
അംബേദ്കറും, മണിപ്പൂരും ഉൾപ്പെടെ തർക്കവിഷയങ്ങൾ, കയ്യാങ്കളി, പ്രതിഷേധം; അസാധാരണ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ശീതകാല സെഷൻ
Published on

പാർലമെൻ്റിന്റെ ഇക്കൊല്ലത്തെ ശീതകാല സമ്മേളനം, നിരവധി അസാധാരണ സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അംബേദ്കറിനെ ചൊല്ലിയുണ്ടായ പ്രതിപക്ഷ- ഭരണപക്ഷ പോര് കൈയ്യാങ്കളിയായി. അദാനി വിഷയത്തിൽ പരസ്പരം നീരസത്തിലായിരുന്ന ഇന്ത്യാസഖ്യ പാർട്ടികൾ അംബേദ്കറിനായി ഒന്നിച്ചുപോരാടി. കന്നിപ്രവേശം നടത്തിയ പ്രിയങ്കാഗാന്ധിയുടെ ബാ​ഗ്, ലോക മാധ്യമശ്രദ്ധ നേടിയതും ഇത്തവണത്തെ ശീതകാല സമ്മേളനത്തിന്റെ കൗതുകമായി.

അദാനി, മണിപ്പുർ വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ട് ആരംഭിച്ച ശീതകാല സമ്മേളനം പതിവുപോലെ പ്രക്ഷുബ്ധമായിരുന്നു. സംഘർഷത്തിനും ഒട്ടും കുറവില്ലാത്ത സമ്മേളനത്തിൽ മണിപുർ, അദാനി വിഷയത്തിൽ പ്രതിപക്ഷം വലിയ വിമർശനം ഉന്നയിച്ചു. ഇതിന് ബദലായി കോൺ​ഗ്രസിനെതിരെ ജോ​ർ​ജ് സോ​റോ​സ് ബന്ധം എൻ​‍ഡിഎയും ആരോപിച്ചു. സഭാ ചർച്ച പലവട്ടം തടസ്സപ്പെട്ടു. ഇരുസഭകളും സ്തംഭിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അതിനിടെ ഇരുസഭകളിലും അവതരിപ്പിക്കപ്പെട്ടു. ബില്ല് ഭരണഘടനാ വിരു​ദ്ധമെന്നും ഫെ​ഡറൽ തത്വത്തിന് വിരുദ്ധമെന്നും പ്രതിപക്ഷം ആരോപിച്ചു. കൂടിയാലോചനകളില്ലാത്ത ബില്ലിൽ വിവാദവും വാക്പോരും കനത്തു.

ഒടുവിൽ ബില്ലിൽ ചർച്ചകൾക്കായി പ്രിയങ്കാഗാന്ധിയും കെ രാധാകൃഷ്ണനും ഉൾപ്പെട്ട 39 അം​ഗ ജെപിസിക്ക് വിട്ടു. ഭരണഘടനാ വാർഷികം സംബന്ധിച്ച ചർച്ചയ്ക്കിടെ കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ പരാമർശം വിവാദമായി. അംബേദ്കർ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് ഒരു ഫാഷനായി മാറി. ഇത്രയും വട്ടം ദൈവനാമം ജപിച്ചാൽ, ഇവർക്ക് ഏഴ് സ്വർഗം കിട്ടിയേനെ - അമിത് ഷായുടെ ഈ പ്രയോഗത്തെച്ചൊല്ലി പ്രതിപക്ഷം സഭയ്ക്കുള്ളിൽ ആഞ്ഞടിച്ചു. പ്രതിഷേധം ആളിക്കത്തി.

അമിത് ഷായുടെ മാപ്പിനായി പ്രതിപക്ഷം ഒറ്റക്കെട്ടായി അംബേദ്കർ അനുകൂല പോസ്റ്ററുമായി ഇരുസഭകളിലും സഭയ്ക്ക് പുറത്തും അല സൃഷ്ടിച്ചു. അംബേദ്കറെ നെഹ്റു വഞ്ചിച്ചെന്ന മുദ്രാവാക്യം ഭരണപക്ഷവും ഉയർത്തി.. ഇത് ഒടുവിൽ കൈയ്യാങ്കളിയിലെത്തി.. പതിനഞ്ച് വർഷത്തിനിടെയുള്ള ഏറ്റവും വലിയ പരസ്യ പ്രതിഷേധം സഭ കണ്ടു. രണ്ട് ബി‍ജെപി അം​ഗങ്ങളെ രാഹുൽ ​ആക്രമിച്ചെന്ന ആരോപണമുയർന്നു. രാഹുൽ അപമര്യാദയായി പെരുമാറിയെന്ന് ബി‍‍ജെപി എം.പി ഫാങ്‌നോൺ കൊന്യാക് രാജ്യസഭ ചെയർമാനോട് പരാതിപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടി ലോക്സഭ സ്പീക്കറിന് മല്ലികാർജുൻ ഖർ​ഗെ കത്തെഴുതി. ഖർ​ഗയുടെ പരാതിയിൽ പൊലീസ് കേസെടുത്തില്ല. രാഹുലിനെതിരെ കേസെടുത്തു. രാഹുൽ അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചു എന്ന് ആരോപിച്ച് ഭരണപക്ഷം അവകാശലംഘന നോട്ടീസ് നൽകി. പ്രതിഷേധം പരിധിവിട്ടതോടെ സ്പീക്കർ പാർലമെൻ്റ് വളപ്പിലുള്ള സമരത്തിന് വിലക്കേർപ്പെടുത്തി.

ലോകമാധ്യമശ്രദ്ധ നേടിയ ഇത്തവണത്തെ കൗതുകം പ്രിയങ്കാഗാന്ധിയുടെ ബാഗായിരുന്നു. പലസ്തിൻ, ബംഗ്ലാദേശ് വിഷയങ്ങളിൽ നിലപാട് സൂചിപ്പിക്കുന്ന ചിത്രങ്ങളുള്ള ബാഗാണ് പ്രിയങ്ക കൊണ്ടുവന്നത്. ഇതോടെ ബിജെപിയിൽ നിന്ന് വിമർശനവും പാക് മന്ത്രിയില്‍ നിന്നടക്കം പ്രശംസയും പ്രിയങ്കയ്ക്ക് ലഭിച്ചു. ലോകമാധ്യമങ്ങളിൽ ഇത് വാർത്തയായി. ഇതിന് മറുപടിയായി 84 ലെ സിഖ് വിരുദ്ധ കലാപത്തിൻ്റെ ഓർമപ്പെടുത്തുന്ന ബാഗ് സമ്മാനിച്ചു ഒഡിഷ ബിജെപി എംപി. അപരാജിത സാരംഗി.

ശീതകാല സമ്മേളനത്തിൽ മറ്റൊന്ന് കൂടി സംഭവിച്ചു. ഇന്ത്യാസഖ്യത്തിലെ ചേരിതിരിവ് മാറ്റിവെച്ച് ഒരുമിച്ച് പോരാടാൻ അംബേദ്കർ വിഷയം കാരണമായി. അദാനി കരാർ, ഇന്ത്യാ സഖ്യത്തിലെ നേതൃസ്ഥാനം തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസിൽ നിന്ന് വ്യത്യസ്ത നിലപാടുണ്ടായിരുന്ന സഖ്യ കക്ഷികൾ സഭയിൽ ബിജെപിയ്ക്കും അമിത് ഷായ്ക്കുമെതിരെ ഒരുമിച്ച് പോരാടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com