സംഘത്തിൽ രണ്ട് മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. 40 ഓളം ഇന്ത്യക്കാർ ആയുധധാരികളുടെ നടുവിലാണ് ഉള്ളത്
ജോലി തട്ടിപ്പിനിരയായി ഇന്ത്യക്കാർ മ്യാൻമറിലെ ജയിലിൽ കഴിയുന്നുവെന്ന റിപ്പോർട്ട് പുറത്ത്. ന്യൂസ് മലയാളമാണ് ഇതു സംബന്ധിച്ച വാർത്ത ആദ്യമായി പുറത്തുവിട്ടത്. സംഘത്തിൽ രണ്ട് മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. 40 ഓളം ഇന്ത്യക്കാർ ആയുധധാരികളുടെ നടുവിലാണ് ഉള്ളത്.
നല്ല ജോലിയാണ്, സൂപ്പർ മാർക്കറ്റിലെ വർക്കാണ് എന്നൊക്കെ പറഞ്ഞിട്ടാണ് ജോലിക്കെത്തിയതെന്നും,തൻ്റെ കൂട്ടുകാരനും തന്നോടൊപ്പം ഉണ്ടെന്നും മ്യാൻമറിൽ കുടുങ്ങിയ ശരത് പ്രദീപ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. അവിടെ എത്തിയപ്പോൾ ആകെ പെട്ടു പോയ അവസ്ഥയാണെന്നും പുറത്തൊന്നും പോകാതെ റൂമിൽ തന്നെ ഇരിക്കുകയാണെന്നും ശരത് പ്രദീപ് പ്രതികരിച്ചു.
ALSO READ: ഇനി കൗമാരക്കുതിപ്പിൻ്റെ നാളുകൾ; സംസ്ഥാന സ്കൂൾ കായിക മേളയിൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
മൂന്നും നാലും ലക്ഷം രൂപയാണ് അവർ ആവശ്യപ്പെടുന്നത്. പണം നൽകാൻ കഴിയാത്തതിനാൽ വെള്ളവും വെളിച്ചവുമില്ലാത്ത മുറിയിലേക്ക് മാറ്റിയെന്നും ക്രൂര മർദനത്തിനിരയാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. മലയാളി ഏജൻ്റാണ് തങ്ങളെ ഇവിടെ എത്തിച്ചതെന്നും ശരത് വെളിപ്പെടുത്തി. എത്രയും വേഗത്തിൽ സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നാണ് തട്ടിപ്പിനിരയായവരുടെ കുടുംബം ആവശ്യപ്പെടുന്നത്.