ഇക്കാര്യം അറിയിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും രണ്ട് രാജ്യങ്ങൾക്കും അഭിനന്ദനങ്ങളെന്നും യുഎസ് പ്രസിഡൻ്റ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഡൊണാള്‍ഡ് ട്രംപ്
ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിനു തയ്യാറെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിന്റെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിനു സമ്മതിച്ചതെന്ന് ട്രംപ് പറഞ്ഞു. ഇക്കാര്യം അറിയിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും രണ്ട് രാജ്യങ്ങൾക്കും അഭിനന്ദനങ്ങളെന്നും യുഎസ് പ്രസിഡൻ്റ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
Also Read: "ഏത് ഭീകരപ്രവർത്തനവും യുദ്ധമായി കാണും, തിരിച്ചടിക്കും"; പാകിസ്ഥാന് ശക്തമായ താക്കീതുമായി ഇന്ത്യ
"അമേരിക്കയുടെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും പൂർണമായ വെടിനിർത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സാമാന്യബുദ്ധിയും സാമർത്ഥ്യവും ഉപയോഗിച്ചതിന് ഇരു രാജ്യങ്ങൾക്കും അഭിനന്ദനങ്ങൾ. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!," ട്രംപ് കുറിച്ചു.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പാക് സൈനിക മേധാവി അസിം മുനീർ, പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ധർ എന്നിവരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, പാക് സൈനിക മേധാവി അസിം മുനീർ, പാക് ഉപപ്രധാനമന്ത്രി ഇഷാക് ധർ എന്നിവരുമായാണ് റൂബിയോ ഫോണിൽ സംസാരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ക്രിയാത്മകമായ ചർച്ചകൾക്ക് സഹായിക്കാമെന്നായിരുന്നു യുഎസിന്റെ വാഗ്ദാനം. ഇരുപക്ഷവും സംഘർഷം ലഘൂകരിക്കാനും തെറ്റിദ്ധാരണകൾ ഒഴിവാക്കാനും നേരിട്ടുള്ള ആശയവിനിമയം പുനഃസ്ഥാപിക്കണമെന്ന് റൂബിയോ ആവശ്യപ്പെട്ടിരുന്നു. ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കുന്നതിനായി ഫലപ്രദമായ ചർച്ചകൾ സാധ്യമാക്കുന്നതിൽ യുഎസ് പിന്തുണയുണ്ടാകുമെന്നും സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഇതിനു പിന്നാലെ വന്ന പാകിസ്ഥാന്‍ നേതാക്കളുടെ പ്രതികരണങ്ങളിലെ തീവ്രത കുറഞ്ഞിരുന്നു.
ഇന്ത്യ തുടർ ആക്രമണങ്ങൾ നടത്താതിരുന്നാൽ പാകിസ്ഥാൻ നടപടി അവസാനിപ്പിക്കുമെന്നായിരുന്നു പാക് വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ധറിന്‍റെ പ്രതികരണം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ പാക് വിദേശകാര്യമന്ത്രി ഈ സന്ദേശം അറിയിച്ചതായും റിപ്പോർട്ടുകള്‍ വന്നു. ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന പ്രചരണം പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും തള്ളി. പാകിസ്ഥാന്റെ നാഷണൽ കമാൻഡ് അതോറിറ്റി യോഗം ചേരുന്നതായി വാർത്തകൾ വന്നതിനു പിന്നാലെയായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം.