
ഇന്ത്യ-പാക് സംഘർഷത്തിൽ നിർണാക ഇടപെടലുമായി യുഎസ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യ- പാക് ഭരണാധികാരികളുമായി സംസാരിച്ചു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ, പാക് സൈനിക മേധാവി അസിം മുനീർ, പാക് ഉപപ്രധാനമന്ത്രി ഇഷാക് ധർ എന്നിവരുമായാണ് റൂബിയോ ഫോണിൽ സംസാരിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ക്രിയാത്മകമായ ചർച്ചകൾക്ക് സഹായിക്കാമെന്നാണ് യുഎസിന്റെ വാഗ്ദാനം. ഇരുപക്ഷവും സംഘർഷം ലഘൂകരിക്കാനും തെറ്റിദ്ധാരണകൾ ഒഴിവാക്കാനും നേരിട്ടുള്ള ആശയവിനിമയം പുനഃസ്ഥാപിക്കണമെന്ന് റൂബിയോ ആവശ്യപ്പെട്ടു. ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കുന്നതിനായി ഫലപ്രദമായ ചർച്ചകൾ സാധ്യമാക്കുന്നതിൽ യുഎസ് പിന്തുണയുണ്ടാകുമെന്നും സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വക്താവ് ടാമി ബ്രൂസ് ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ സമീപനം എപ്പോഴും അളന്നുമുറിച്ചതും ഉത്തരവാദിത്തമുള്ളതുമാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും റൂബിയോയുമായി സംസാരിച്ച ശേഷം ജയ്‌ശങ്കർ എക്സിൽ കുറിച്ചു.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം എത്രയും വേഗം ശമിക്കുന്നത് കാണാനാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ട്രംപിന് ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി നല്ല ബന്ധമുണ്ടെന്നും മാർക്ക് റൂബിയോ ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തി, സംഘർഷം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി.
അതേസമയം, ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ യുഎസ് ഇടപെടില്ലെന്നാണ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചത്. രണ്ട് ആണവ ശക്തികൾ തമ്മിലുള്ള പോരാട്ടത്തില്‍ "അടിസ്ഥാനപരമായി തങ്ങൾക്ക് കാര്യമില്ല" എന്നാണ് വാൻസ് വ്യക്തമാക്കിയത്. സംഘർഷം ലഘൂകരിക്കാൻ യുഎസ് ശ്രമിക്കുമെന്നും എന്നാൽ ഇരുപക്ഷത്തെയും "ആയുധം താഴെ വയ്ക്കാൻ" നിർബന്ധിക്കാൻ കഴിയില്ലെന്നുമാണ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞത്.