പാകിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തികളിൽ തുടർച്ചയായി ആക്രമണം നടത്തിവരികയാണെന്ന് കേണൽ സോഫിയ ഖുറേഷി അറിയിച്ചു
പാകിസ്ഥാൻ ദീർഘദൂര ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം തുടരുന്നതായി സേന. ഇന്ത്യക്ക് വലിയ നാശനഷ്ടം ഉണ്ടായില്ലെന്നും നിയന്ത്രിതവും സംഘർഷം ഉയർത്താത്ത തരത്തിലും പ്രത്യാക്രമണം നടത്തിയതായി കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളെ പാകിസ്ഥാന്‍ ലക്ഷ്യമാക്കുന്നുവെന്ന് സേനയുടെ വിശദീകരണത്തില്‍ നിന്ന് വ്യക്തമാകുന്നു. വിദേശകാര്യ മന്ത്രാലയവും സേനയും ചേർന്ന് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് പാക് ആക്രമണങ്ങളും ഇന്ത്യയുടെ തിരിച്ചടിയും സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവെച്ചത്.
പാകിസ്ഥാന്റെ നടപടികളാണ് പ്രകോപനങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമായതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്നും ആവർത്തിച്ചു. ഇന്ന് രാവിലെയും പാകിസ്ഥാൻ പ്രകോപനപരമായ നടപടികൾ ആവർത്തിച്ചു. പാകിസ്ഥാന്‍റെ ആക്രമണങ്ങളെ പ്രതിരോധിച്ചെന്നും ഇന്ത്യ പ്രതികരിച്ചെന്നും വിക്രം മിസ്രി അറിയിച്ചു.
പാകിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തികളിൽ തുടർച്ചയായി ആക്രമണം നടത്തിവരികയാണെന്ന് കേണൽ സോഫിയ ഖുറേഷി അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങളും സ്കൂളുകളും വരെ പാകിസ്ഥാൻ ലക്ഷ്യമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഡ്രോണുകൾ, ദീർഘദൂര ആയുധങ്ങൾ, ലോയിറ്ററിങ് അമ്യൂണിഷൻ, യുദ്ധവിമാനങ്ങൾ എന്നിവ പാകിസ്ഥാൻ ഉപയോഗിച്ചു. ഇന്ത്യ ഇവ നിർവീര്യമാക്കി. 26 ലധികം സ്ഥലങ്ങളിൽ പാകിസ്ഥാൻ വ്യോമമാർഗം നുഴഞ്ഞുകയറാൻ ശ്രമിച്ചു. ഉധംപൂർ, ഭുജ്, പത്താൻകോട്ട്, ബട്ടിൻഡ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലെ ഉപകരണങ്ങൾക്ക് പാക് ആക്രമണങ്ങളിൽ കേടുപാടുകൾ വന്നുവെന്നും ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും കേണൽ അറിയിച്ചു. പുലർച്ചെ 1:40 ന് പഞ്ചാബിലെ വ്യോമതാവളം ലക്ഷ്യമാക്കി പാകിസ്ഥാൻ അതിവേഗ മിസൈലുകൾ ഉപയോഗിച്ചതായും കേണൽ സോഫിയ ഖുറേഷി കൂട്ടിച്ചേർത്തു.
പാകിസ്ഥാനിലെ സാങ്കേതിക സംവിധാനങ്ങൾ, കമാൻഡ് & കൺട്രോൾ സെന്ററുകൾ, റഡാർ സൈറ്റുകൾ, ആയുധ സ്റ്റോർ എന്നിവ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടി നല്‍കിയതായും കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. റഫീഖി, മുറിദ്, ചക്ലാല, റഹിം യാർ ഖാൻ, സുക്കൂർ, ചുനിയാൻ എന്നിവിടങ്ങളിലെ പാകിസ്ഥാൻ സൈനിക താവളങ്ങളില്‍ വ്യോമാക്രമണം നടത്തി. പാസ്രൂരിലെ റഡാർ സൈറ്റും സിയാൽകോട്ടിലെ വ്യോമയാന താവളവും ആക്രമിച്ചതായും കേണല്‍ അറിയിച്ചു.
Also Read: അതിർത്തികളിൽ പാക് പ്രകോപനം തുടരുന്നു; പാക് പോസ്റ്റുകളും ഭീകരരുടെ ലോഞ്ചിങ് പാഡുകളും തകർത്ത് ഇന്ത്യൻ സൈന്യം
ഇന്ത്യൻ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം നശിപ്പിച്ചതായും സൂറത്തിലെയും സിർസയിലെയും വ്യോമതാവളങ്ങൾ തകർത്തതായും അവകാശപ്പെട്ടുകൊണ്ട് പാകിസ്ഥാൻ തുടർച്ചയായി ക്ഷുദ്രകരമായ വ്യാജ വാർത്തകള്‍ പ്രചാരിപ്പിക്കുന്നതായി വിങ് കമാന്‍ഡർ വ്യോമിക സിംഗ് അറിയിച്ചു. പാകിസ്ഥാന്‍റെ ഇത്തരം തെറ്റായ അവകാശവാദങ്ങളെ ഇന്ത്യ അസന്ദിഗ്ധമായി തള്ളിക്കളഞ്ഞു.
കഴിഞ്ഞ ദിവസവും വിദേശകാര്യമന്ത്രാലയും സേനയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തില്‍ തെളിവുകൾ സഹിതം പാക് ആക്രമണങ്ങളെപ്പറ്റി വിശദീകരിച്ചിരുന്നു. 400ഓളം തുർക്കി ഡ്രോണുകൾ ഉപയോഗിച്ച് 36 സ്ഥലങ്ങളിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചുവെന്നാണ് കേണൽ സോഫിയ ഖുറേഷി ഇന്നലെ അറിയിച്ചത്. മെയ് 7, 8 തീയതികളിൽ പശ്ചിമ അതിർത്തി പ്രദേശത്തെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് പാക് ആക്രമണം നടന്നത്. പാകിസ്ഥാൻ പല തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സേന സ്ഥിരീകരിച്ചു. യാത്രാവിമാനങ്ങളുടെ മറപറ്റിയായിരുന്നു പാകിസ്ഥാന്‍റെ ആക്രമണം. മറുപടിയായി, പാകിസ്ഥാനിലെ നാല് വ്യോമ പ്രതിരോധ കേന്ദ്രങ്ങളിൽ ഇന്ത്യ സായുധ ഡ്രോണുകൾ വിക്ഷേപിച്ചു. ഇതില്‍ ഒരു ഡ്രോണിന് പാകിസ്ഥാന്‍റെ എഡി റഡാർ നശിപ്പിക്കാൻ കഴിഞ്ഞുവെന്നുമാണ് വിങ് കമാൻഡർ വ്യോമിക സിംഗ് വ്യക്തമാക്കിയത്.
തിരിച്ചടി ലഭിച്ചിട്ടും കഴിഞ്ഞ ദിവസവും പാകിസ്ഥാൻ ഡ്രോണാക്രമണവും ഷെല്ലിങ്ങും തുടർന്നു. പഞ്ചാബിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഫിറോസ്‌പൂരിൽ പാകിസ്ഥാൻ ഡ്രോൺ ജനവാസ മേഖലയിൽ പതിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് പരിക്കേറ്റത്. പഞ്ചാബില്‍ ഇന്ന് രാവിലെയും പാക് ഡ്രോണാക്രമണങ്ങൾ തുടർന്നു. ബൈക്കർ യിഹാ III ടൈപ്പ് കാമിക്കാസേ ഡ്രോണുകള്‍ ഉപയോഗിച്ച് അമൃത്സറിലായിരുന്നു ആക്രമണം.