ആലപ്പുഴയിലെ നവജാത ശിശുവിന്റെ വൈകല്യം; ആശയവിനിമയം നടത്തുന്നതിൽ ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

കുഞ്ഞിന്റെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും വിദഗ്ധ സംഘം ശുപാർശ ചെയ്തു
ആലപ്പുഴയിലെ നവജാത ശിശുവിന്റെ വൈകല്യം; ആശയവിനിമയം നടത്തുന്നതിൽ ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
Published on


ആലപ്പുഴയിലെ നവജാത ശിശുവിന്റെ വൈകല്യത്തിൽ ആരോഗ്യമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ഡോക്ടർമാരുടെ വിദഗ്ധ സംഘം. നവജാത ശിശുവിന്റെ വൈകല്യത്തിൽ ആശയവിനിമയം നടത്തുന്നതിൽ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായിട്ടുണ്ട്. കുഞ്ഞിനെ പരിശോധിച്ച ഡോക്ടർമാരെ താക്കീത് ചെയ്യണമെന്നും വിദഗ്ധ സംഘം ശുപാർശ ചെയ്തു. പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി രക്ഷിതാക്കളെ അറിയിക്കണം. കുഞ്ഞിന്റെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും വിദഗ്ധ സംഘം ശുപാർശ ചെയ്തു.

കുഞ്ഞിന്റെ രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തിയതോടെ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു.

അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് അസാധാരണ വൈകല്യം കണ്ടെത്തിയത്. സ്കാനിങ്ങിൽ വൈകല്യം കണ്ടെത്തിയില്ലെന്നും, സ്കാനിങ് നടത്തിയത് ഡോക്ടർ ഇല്ലാതെയാണെന്നുമാണ് മാതാപിതാക്കൾ പരാതി നൽകിയത്. സംഭവത്തിൽ ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നു.

കുഞ്ഞിന് കൈയ്ക്കും കാലിനും ജനനേന്ദ്രിയത്തിനും വൈകല്യങ്ങൾ ഉണ്ടെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. കുഞ്ഞിന്റെ ഹൃദയത്തിനും ദ്വാരമുണ്ട്. കുട്ടി ശ്വാസം എടുക്കുന്നത് ബുദ്ധിമുട്ടിയാണ്. ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കാനാകില്ല. മലർത്തിക്കിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണെന്നും അമ്മ പറഞ്ഞിരുന്നു.

ഗർഭകാലത്ത് പലതവണ സ്കാനിങ് നടത്തിയപ്പോഴും ഇക്കാര്യം പറഞ്ഞിരുന്നില്ല. സ്വകാര്യ സ്കാനിങ് സെന്ററിൽ ആണ് പരിശോധനകൾ നടത്തിയത്. പരിശോധന സമയത്ത് ഡോക്ടർ ഇല്ലായിരുന്നുവെന്നുമായിരുന്നു പരാതി. ഇക്കാര്യം പൊലീസും കണ്ടെത്തിയിരുന്നു. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് സ്വകാര്യ സ്കാനിങ് സെന്ററിൽ പരിശോധന നടന്നത് ഡോക്ടർ ഇല്ലാതെയാണെന്ന് കണ്ടെത്തിയത്. എന്നാൽ ഡോക്ടറുടെ ഒപ്പും സീലും നൽകിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com