ചിതറയിലെ പൊലീസുകാരൻ്റെ കൊലപാതകം: മന്ത്രവാദി അബ്ദുൽ ജബ്ബാറിനെ കേന്ദ്രീകരിച്ച് അന്വേഷണം

ചിതറയിലെ പൊലീസുകാരൻ്റെ കൊലപാതകം: മന്ത്രവാദി അബ്ദുൽ ജബ്ബാറിനെ കേന്ദ്രീകരിച്ച് അന്വേഷണം

നഗ്ന പൂജ നടത്തിയെന്ന യുവതിയുടെ പരാതിക്ക് പിന്നാലെ 2022 മുതൽ ഇയാൽ ഒളിവിലാണ്
Published on

കൊല്ലം ചിതറയിൽ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ മന്ത്രവാദി അബ്ദുൾ ജബ്ബാറിനെ കേന്ദ്രീകരിച്ച് അന്വേഷണം. പ്രതി സഹദുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് അബ്ദുൾ ജബ്ബാർ. നഗ്ന പൂജ നടത്തിയെന്ന യുവതിയുടെ പരാതിക്ക് പിന്നാലെ 2022 മുതൽ ഇയാൽ ഒളിവിലാണ്.

ചിതറ കൊലക്കേസിലെ മുഖ്യപ്രതി സഹദിൻ്റെ ആത്മീയ ഗുരുവാണ് അബ്ദുൾ ജബ്ബാർ. ഇയാളെ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിലൂടെ നിർണായക വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് സൂചന. സഹദിൻ്റെ വീട്ടിൽ നിന്ന് ആയുധങ്ങളും മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ വീട്ടുകാരുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് പറയുന്നു.


കേരള ആംഡ് പൊലീസ് (കെ.എ.പി.) അടൂർ ക്യാമ്പിലെ ഹവിൽദാർ നിലമേൽ വളയിടം ചരുവിള പുത്തൻവീട്ടിൽ ഇർഷാദിനെയാണ് (26) കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ സുഹൃത്തിൻ്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ഇർഷാദും സഹദും സുഹൃത്തുക്കളായിരുന്നു. കുറച്ച് നാളായി ഇർഷാദ് സഹദിൻ്റെ വീട്ടിലായിരുന്നു താമസം. പ്രതി കൃത്യത്തിനുപയോഗിച്ച ആയുധങ്ങൾ പൊലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു.

മകൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിൽ ഇർഷാദിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയതെന്ന് സഹദിൻ്റെ പിതാവ് പറഞ്ഞു. കഴക്കൂട്ടം, പോത്തൻകോട്, ചടയമംഗലം, കടയ്ക്കൽ, ചിതറ ഉൾപ്പെടെയുള്ള വിവിധ സ്റ്റേഷനുകളിൽ സഹദിനെതിരെ പതിനാല് ലഹരിക്കേസുകളുണ്ട്.

News Malayalam 24x7
newsmalayalam.com