
പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയിൽ ലോഡിങ് തൊഴിലാളിയായ ജിതിൻ കൊല്ലപ്പെട്ടക്കേസിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. സംഭവത്തിൽ പ്രധാന പ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, കൊലക്കുപിന്നിൽ ബിജെപി - ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്.
ഞായാറാഴ്ച രാത്രി പത്ത് മണിയോടെയാണ് ജിതിൻ കൊല്ലപ്പെട്ടത്. പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് ജിതിനു കുത്തേറ്റത്. റാന്നി പെരുനാട് സ്വദേശിയാണ് ജിതിൻ. ലോഡിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രഥമിക നിഗമനം.
സംഘർഷത്തിൽ രണ്ടുപേർക്കാണ് കുത്തേറ്റത്. ഇരുവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിതിൻ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ തർക്കം ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.