
ഐപിഎൽ മത്സരങ്ങൾക്ക് വേദിയാകാത്ത സംസ്ഥാനങ്ങളിലെ 50 നഗരങ്ങളിൽ ഫാൻ പാർക്കുമായി ബിസിസിഐ. ഇതിലൂടെ ക്രിക്കറ്റ് പ്രേമികൾക്ക് ബിഗ് സ്ക്രിനിൽ ഒരുമിച്ചിരുന്ന് മത്സരം കാണാനുള്ള അവസരമുണ്ടാകും. കേരളത്തിൽ കൊച്ചി കലൂർ സ്റ്റേഡിയത്തിന്റെ ഈസ്റ്റ് സൈഡ് പാർക്കിങ്ങിലും, പാലക്കാട് കോട്ട മൈതാനത്തുമാണ് മത്സരങ്ങൾ പ്രദർശിപ്പിക്കുക. മാർച്ച് 22, 23 തീയതികളിലാണ് കൊച്ചിയിൽ ബിഗ് സ്‌ക്രീനിൽ മത്സരങ്ങൾ കാണാൻ കഴിയുക. ഇന്ത്യൻ പ്രീമയർ ലീഗിന്റെ 18-ാം പതിപ്പിന് മാർച്ച് 22 ശനിയാഴ്ചയാണ് തുടക്കമാകുന്നത്.
സ്റ്റേഡിയത്തിൽ ഇരുന്ന് മത്സരം കാണുന്ന അതെ അനുഭവം സൃഷ്ടിക്കുന്നതിന് ആവശ്യമായ ഒരുക്കങ്ങൾ ചെയ്തിട്ടുണ്ടെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും ബിസിസിഐ സീനിയർ മാനേജർ സുമീത് മല്ലപുർക്കർ പറഞ്ഞു. 23 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തുമാകും ബിസിസിഐ ഫാൻ പാർക്ക് സജ്ജീകരിക്കുക. 2015ലാണ് ആരാധകരിലേക്ക് ഐപിഎല്ലിനെ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാൻ പാർക്കുകൾ ആരംഭിച്ചത്. ഫാൻ പാർക്കുകളിലേക്കുള്ള പ്രവേശനം സൗജന്യമാണ്. താൽപ്പര്യമുണ്ടെങ്കിൽ കാഴ്ചക്കാർക്ക് പണമടച്ച് ഭക്ഷണവും സാധനങ്ങളും വാങ്ങാനുള്ള സൗകര്യവുമുണ്ടാകും. വാരാന്ത്യങ്ങളിലാണ് ഫാൻ പാർക്കുകൾ പ്രവർത്തിക്കുക.
തത്സമയ മത്സര പ്രദർശനങ്ങൾ, സംഗീതം, വിനോദം, ഫുഡ് കോർട്ടുകൾ, കുട്ടികളുടെ കളിസ്ഥലം, വെർച്വൽ ബാറ്റിങ് സോൺ, ബൗളിങ് നെറ്റുകൾ, ഫെയ്‌സ് പെയിന്റിങ് സോണുകൾ, റെപ്ലിക്ക ഡഗൗട്ടുകൾ, ചിയർ-ഒ-മീറ്റർ, 360 ഡിഗ്രി ഫോട്ടോ ബൂത്തുകൾ എന്നിവയും ഫാൻ പാർക്കുകളിലുണ്ടാകും.
ഐപിഎൽ 2025ലെ ആദ്യ ഫാൻ പാർക്കുകൾ അഞ്ച് നഗരങ്ങളിലാകും തുറക്കുക. റോഹ്തക് (ഹരിയാന), ബിക്കാനീർ (രാജസ്ഥാൻ), ഗാങ്‌ടോക്ക് (സിക്കിം), കൊച്ചി (കേരളം), കോയമ്പത്തൂർ (തമിഴ്‌നാട്) എന്നിവിടങ്ങളിലാണ് ആദ്യ ഫാൻ പാർക്കുകൾ വരുന്നത്. വിവിധ സംസ്ഥാനങ്ങളിലായി എല്ലാ വാരാന്ത്യത്തിലും ഫാൻ പാർക്കുകൾ പ്രവർത്തിക്കും. ബിസിസിഐയുടെ കണക്കനുസരിച്ച്, കാക്കിനാഡ (ആന്ധ്രാപ്രദേശ്), ദിമാപൂർ (നാഗാലാൻഡ്), കാരക്കൽ (പുതുച്ചേരി), മൻഭും, പുരുലിയ (പശ്ചിമ ബംഗാൾ), റോഹ്തക് എന്നിവിടങ്ങളിൽ ഇതാദ്യമായാണ് ഐപിഎൽ ഫാൻ പാർക്കുകൾ നടക്കുന്നത്.