പന്തിന് വേണ്ടി ലഖ്‌നൗ സൂപ്പർ ജയന്റ്സ് വാരിയെറിഞ്ഞത് 27 കോടി രൂപയായിരുന്നു.
ഐപിഎല്ലിലെ മോശം ഫോം തുടർന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്ത്. പന്തിന് വേണ്ടി ലഖ്‌നൗ സൂപ്പർ ജയന്റ്സ് വാരിയെറിഞ്ഞത് 27 കോടി രൂപയായിരുന്നു. ഈ മത്സരത്തിലും റിഷഭ് പന്ത് നിരാശപ്പെടുത്തിയതോടെ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ പ്രതികരണമാണ് വൈറലാവുന്നത്.
പന്തിന്റെ വിക്കറ്റ് വീണതോടെ സഞ്ജീവ് ഗോയങ്ക അതൃപ്തി വ്യക്തമാക്കി ടീമിന്റെ ബാൽക്കണിയിൽ നിന്ന് തിരികെ കയറി പോയി. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ലഖ്‌നൗ സൂപ്പർ ജയന്റ്സിൻ്റെ ഇന്നിങ്സിലെ 12ാം ഓവറിലാണ് പന്തിന്റെ വിക്കറ്റ് വീണത്. നിർണായക മത്സരത്തിൽ വൺഡൗണായാണ് പന്ത് ഇറങ്ങിയത്.
ബാറ്റിങ് ഓർഡറിൽ മുകളിലേക്ക് കയറി ഇറങ്ങിയിട്ടും നായകന് റൺ ഉയർത്താനായില്ല. ഇഷാൻ മലിംഗയുടെ ഫുൾ ലെങ്ത് ഡെലിവറിയിൽ റിട്ടേൺ ക്യാച്ച് നൽകിയാണ് പന്ത് മടങ്ങിയത്. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ ആറ് പന്തിൽ നിന്ന് ഏഴ് റൺസ് മാത്രം എടുത്താണ് പന്ത് മടങ്ങിയത്. ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് 135 റൺസാണ് പന്ത് നേടിയത്. 12.27 ആണ് പന്തിൻ്റെ ബാറ്റിങ് ശരാശരി.
12ാം മത്സരത്തിൽ ഹൈദരാബാദിനോട് ആറ് വിക്കറ്റിൻ്റെ തോൽവിയേറ്റ് വാങ്ങിയ ലഖ്‌നൗവിന് പ്ലേ ഓഫ് സാധ്യതകൾ മങ്ങിയിരുന്നു. രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ അവർക്ക് അവസാന നാലിലേക്ക് എത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.