
യുദ്ധം തുടരാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും, യുദ്ധത്തിൽ ഒരു രാജ്യത്തിനും പുരോഗതി കൈവരിക്കാൻ കഴിയില്ലെന്നും പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ദോഹയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈയിൽ അധികാരമേറ്റതിനു ശേഷമുള്ള ഇറാൻ പ്രസിഡന്റിന്റെ മൂന്നാമത്തെ വിദേശയാത്രയാണ് ഇത്.
ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ ഇറാനെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നത് ഇസ്രയേലാണ് എന്നും പെസെഷ്കിയൻ പറഞ്ഞു. ജൂലൈ 31 ന് ടെഹ്‌റാനിൽ വെച്ച് ഹമാസ് രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയയെ ഇസ്രയേൽ വധിച്ചതിനെ തുടർന്ന് സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇറാൻ സംയമനം പാലിച്ചതായും അദ്ദേഹം പറഞ്ഞു.
ALSO READ: 'പാശ്ചാത്യ രാജ്യങ്ങൾ പശ്ചിമേഷ്യ വിട്ടുപോകണം'; ഇറാന്‍റെ മിസൈല്‍ ആക്രമണത്തിനു ശേഷം പൊതുവേദിയില്‍ ആയത്തൊള്ള അലി ഖമേനി
ഇറാൻ സംയമനം കാണിച്ച സമയത്ത്, ഗാസയിലും ലെബനനിലും ആളുകളെ കൊല്ലുന്നത് നിർത്തുന്നതിനുപകരം ഇസ്രയേൽ ഭരണകൂടം ആക്രമണം ശക്തമാക്കി. ഇറാനെ യുദ്ധത്തിന് നിർബന്ധിതരാക്കുന്നത് ഇസ്രയേൽ ആണെന്നും പ്രസിഡണ്ട് പെസെഷ്കിയൻ പറഞ്ഞു.
സെപ്റ്റംബർ 27 ന് ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹനിയ, ലെബനനിലെ ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസ്റല്ല എന്നിവരുടെ കൊലപാതകങ്ങൾക്ക് മറുപടിയായാണ് ഇസ്രയേൽ സൈനിക, സുരക്ഷാ സ്ഥാനങ്ങൾക്ക് നേരെ ഇറാൻ 180 മിസൈലുകൾ തൊടുത്തുവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ ഇനിയും യുദ്ധം തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇറാൻ കൂടുതൽ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഇസ്രയേലിനോട് യുദ്ധം അവസാനിപ്പിക്കാൻ യുഎസും, യൂറോപ്പും ആവശ്യപ്പെടണമെന്നും ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി. മേഖലയിലെ സമാധാനവും സുരക്ഷയും വീണ്ടെടുക്കാൻ പൂർണ പിന്തുണ നൽകുമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ ഉറപ്പ് നൽകി.
യുദ്ധം അവസാനിപ്പിക്കാനായി ഖത്തർ ശ്രമിക്കുമ്പോഴും ഇസ്രയേൽ ആക്രമണം ശക്തമാക്കി. ഗാസ, അധിനിവേശ വെസ്റ്റ്ബാങ്ക്, ലെബനൻ എന്നിവിടങ്ങളിലെ യുദ്ധം അവസാനിപ്പിക്കണമെന്നും ഖത്തർ അഭ്യർത്ഥിച്ചു. യുദ്ധം അവസാനിപ്പിക്കാനും പലസ്തീൻ പ്രദേശത്ത് തടവിലാക്കിയ ഇസ്രയേലി തടവുകാരെ മോചിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മധ്യസ്ഥ ശ്രമങ്ങൾ ഖത്തർ തുടരുമെന്നും അമീർ പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനും ഗാസയ്‌ക്കെതിരായ ആക്രമണം നിർത്താൻ ഇസ്രയേലിനോട് ആവശ്യപ്പെടാനും ഷെയ്ഖ് തമീം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.