ഇറാൻ തുറമുഖത്തെ സ്ഫോടനം: 25 പേർ കൊല്ലപ്പെട്ടു, 800 ഓളം പേർക്ക് പരിക്ക്

ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷേഷ്കിയാൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിക്കുകയും,അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്
ഇറാൻ തുറമുഖത്തെ സ്ഫോടനം: 25 പേർ കൊല്ലപ്പെട്ടു, 800 ഓളം പേർക്ക് പരിക്ക്
Published on

ഇറാനിലെ ഷാഹിദ് രാജി തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടതായും, 800 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ബന്ദർ അബ്ബാസിന് സമീപമുള്ള രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായ ഷാഹിദ് രാജിയിലാണ് കഴിഞ്ഞ ദിവസം സ്ഫോടനം നടന്നത്. ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളിൽ ഉപയോഗിക്കാൻ കൊണ്ടുവന്ന ഖര ഇന്ധനം കൈകാര്യം ചെയ്ത രീതിയിലെ പിഴവാണ് തീപിടുത്തത്തിന് കാരണമെന്ന് ആംബ്രെ ഇൻ്റലിജൻസ് പറഞ്ഞു.

ഇറാനിലെ ഏറ്റവും വലുതും നൂതനവുമായ ടെർമിനലാണ് ഷാഹിദ് രാജി തുറമുഖം. രാജ്യത്തെ വാണിജ്യ കപ്പൽ ഗതാഗതത്തിൻ്റെ ഭൂരിഭാഗവും ഷാഹിദ് രാജി തുറമുഖം വഴിയാണ് നടക്കുന്നത്. ഇറാനിലെ എണ്ണ ശുദ്ധീകരണശാലകൾ, ഇന്ധന ടാങ്കുകൾ, പൈപ്പ്‌ ലൈനുകൾ എന്നിവയുമായി തുറമുഖത്തുണ്ടായ സ്‌ഫോടനത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഇറാൻ്റെ ദേശീയ എണ്ണ ഉൽപാദന കമ്പനി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

"മുഴുവൻ ഗോഡൗണും പുകയും പൊടിയും ചാരവും കൊണ്ട് നിറഞ്ഞിരുന്നു. ഞാൻ മേശയ്ക്കടിയിലേക്ക് പോയതാണോ അതോ സ്ഫോടനമുണ്ടായപ്പോൾ അവിടേക്ക് എറിയപ്പെട്ടതാണോ എന്ന് എനിക്ക് ഓർമയില്ല," പ്രദേശത്തുണ്ടായിരുന്ന ഒരാൾ സ്റ്റേറ്റ് ടിവിയോട് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഒരു കണ്ടെയ്‌നറിൽ നിന്ന് മറ്റൊന്നിലേക്ക് തീ പടരുന്നതായി ഇറാൻ ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചിരുന്നു. മേഖലയിലെ സ്‌കൂളുകളും ഓഫീസുകളും അടച്ചിടാനും ഉത്തരവിട്ടിട്ടുണ്ട്.


ഇറാൻ്റെ ആണവ പദ്ധതിയെക്കുറിച്ച് ഇറാനും യുഎസ് ഉദ്യോഗസ്ഥരും തമ്മിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ഒമാൻ മധ്യസ്ഥർ വഴി നടത്തിയ ചർച്ചകളിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഇരുപക്ഷവും അറിയിച്ചു. എന്നാൽ അഭിപ്രായവ്യത്യാസങ്ങൾ കുറയ്ക്കുന്നതിന് ഇനിയും ശ്രമം ആവശ്യമാണെന്നും ചർച്ചകൾ അടുത്ത ആഴ്ചയും തുടരുമെന്നും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്)അറിയിച്ചിരുന്നു. ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷേഷ്കിയാൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിക്കുകയും,അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com