രണ്ടാം ഘട്ട വെടിനിർത്തൽ കരാർ: ഇസ്രയേലും ഹമാസും സമവായത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്

യുഎസ് പിന്തുണയുള്ള മധ്യസ്ഥ ചർച്ചകള്‍ക്കായി ഇസ്രയേല്‍ പ്രതിനിധി സംഘം തിങ്കളാഴ്ച ദോഹയിലേക്ക് തിരിക്കുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്
രണ്ടാം ഘട്ട വെടിനിർത്തൽ കരാർ: ഇസ്രയേലും ഹമാസും സമവായത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്
Published on

പ്രതിസന്ധിയിലായ ഗാസ വെടിനിർത്തലിന്‍റെ രണ്ടാംഘട്ടചർച്ചകളില്‍ ഇസ്രയേലും ഹമാസും സമവായത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. യുഎസ് പിന്തുണയുള്ള മധ്യസ്ഥ ചർച്ചകള്‍ക്കായി ഇസ്രയേല്‍ പ്രതിനിധി സംഘം തിങ്കളാഴ്ച ദോഹയിലേക്ക് തിരിക്കുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഈജിപ്ത്, ഖത്തർ മധ്യസ്ഥരുടെ നേതൃത്വത്തില്‍ കെയ്റോയില്‍ ഹമാസുമായുള്ള സമാന്തരചർച്ചകള്‍ പുരോഗമിക്കുകയാണ്.



അതേസമയം, ആദ്യഘട്ട കരാർ അവസാനിച്ച മാർച്ച് ഒന്നിനുശേഷം ഗാസമുനമ്പില്‍ ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ തുടരുകയാണ്. ശനിയാഴ്ച റഫയിലുണ്ടായ ആക്രമണത്തില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ഗാസയിലേക്കുള്ള സഹായ ട്രക്കുകളും ഇസ്രയേലി സേന അതിർത്തികളില്‍ തടയുന്നുവെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ബന്ദികളെ എത്രയുംവേഗം മോചിപ്പിക്കണമെന്നും ഉടൻ ​ഗാസ വിട്ടുപോകണമെന്നുമുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ അന്ത്യശാസനം ഹമാസ് തള്ളിയിരുന്നു. 

ഗാസയിൽ 59 ബന്ദികളെയാണ് ഹമാസ് തടവിലാക്കിയത്. ഇതിൽ 35 പേർ മരിച്ചതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചിരുന്നു. 25 ബ​ന്ദി​ക​ളെ​യും എ​ട്ടു മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​ണ് 42 ദി​വ​സം നീ​ണ്ട വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൻ്റെ ഭാ​ഗ​മാ​യി ജ​നു​വ​രി മു​ത​ൽ ഹ​മാ​സ് വി​ട്ടു​ന​ൽ​കി​യ​ത്. രണ്ടാ​യി​ര​ത്തോ​ളം പ​ല​സ്തീ​ൻ ത​ട​വു​കാ​രെ ഇ​സ്രയേ​ലും മോ​ചി​പ്പി​ച്ചു.



ഒന്നാം ഘട്ട വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെ ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങൾക്ക് ഇസ്രയേൽ തടയിട്ടിരുന്നു. ഭക്ഷണവുമായെത്തുന്ന ട്രക്കുകളും മറ്റ്‌ അവശ്യസാധനങ്ങളുടെ വിതരണവുമാണ് ഇസ്രയേൽ തടഞ്ഞത്. സൈന്യത്തെ പിൻവലിക്കാതെ തന്നെ ബന്ദികളെ മോചിപ്പിക്കണമെന്നായിരുന്നു ഇസ്രയേലിൻ്റെ ആവശ്യം. ഹമാസ് ഇത് അം​ഗീകരിക്കാൻ വിസമ്മതിച്ചതോടെ ഗാസയിൽ ഉപരോധം ഏർപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിൽ നിന്നും അറിയിപ്പ് പുറത്തുവിട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com