ഗാസയിലെ സ്കൂളുകള്‍ക്കും അനാഥാലയത്തിനും നേരെ ആക്രമണം; 24 മണിക്കൂറില്‍ കൊല്ലപ്പെട്ടത് കുഞ്ഞുങ്ങളടക്കം 51 പേർ

ഒക്ടോബർ ഏഴിന് ശേഷം ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 41,689 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ് നേതൃത്വം കൊടുക്കുന്ന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
ഗാസയിലെ സ്കൂളുകള്‍ക്കും അനാഥാലയത്തിനും നേരെ ആക്രമണം; 24 മണിക്കൂറില്‍ കൊല്ലപ്പെട്ടത് കുഞ്ഞുങ്ങളടക്കം 51 പേർ
Published on

ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 22 മാസം പ്രായമുള്ള കുഞ്ഞ് അടക്കം 51 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. അഭയാർത്ഥി ക്യാംപായി പ്രവർത്തിച്ചിരുന്ന സ്കൂളുകള്‍ക്കും ആനാഥാലയത്തിനും നേരെയും ആക്രമണം നടന്നു. ഹമാസിനെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നുവെന്നാണ് ഇസ്രയേൽ സൈന്യത്തിന്‍റെ വിശദീകരണം.

കഴിഞ്ഞ രാത്രി ഇസ്രയേൽ യുദ്ധവിമാനങ്ങൾ ഗാസ സിറ്റിയിലെ തുഫക്കിനു സമീപമുള്ള മസ്‌കറ്റ് സ്‌കൂളിലും അൽ-അമൽ അനാഥാലയത്തിലും ആക്രമണം നടത്തി.  ഈ ആക്രമണത്തില്‍ കുറഞ്ഞത് 9 പേർ കൊല്ലപ്പെട്ടതായി പലസ്തീന്‍ വാർത്താ ഏജന്‍സിയായ വഫ റിപ്പോർട്ട് ചെയ്തു. മധ്യ ഗാസയിലെ ബ്രിഗ് ഹൈ സ്കൂളിലും ആക്രമണമുണ്ടാകുമെന്ന് ഇസ്രയേല്‍ സൈന്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രദേശത്തെ ആക്രമണത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ആക്രമണം നടന്ന സ്കൂളുകളും അനാഥാലയവും ഹമാസ് രഹസ്യ കേന്ദ്രമായി ഉപയോഗിച്ചു വരികയായിരുന്നുവെന്നാണ് ഇസ്രയേലിന്‍റെ വാദം. ഇത്തരത്തില്‍ നിരവധി വിദ്യാലയങ്ങള്‍ കഴിഞ്ഞ ഒരു വർഷത്തിനിടക്ക് ഇസ്രയേല്‍ ആക്രമിച്ചിട്ടുണ്ട്.

Also Read: സ്കൂളും, കൂട്ടുകാരും, ജീവനും നഷ്ടപ്പെടുന്ന ഗാസയിലെ കുട്ടികള്‍...!

ദക്ഷിണ ഗാസയിലെ ഫൈറ്റർ വിമാനങ്ങളും ടാങ്കുകളും ഉപയോഗിച്ച് നടന്ന ആക്രമണത്തില്‍ 32 പേർ കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ആശുപത്രി റെക്കോർഡുകള്‍ പ്രകാരം ഒന്‍പത് സ്ത്രീകളും 12 കുട്ടികളും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു.

ലെബനനിലും ഇസ്രയേല്‍ കരയുദ്ധം ശക്തമാക്കിയിരിക്കുകയാണ്. ലെബനനിലെ ഹിസ്ബുള്ള ആസ്ഥാനം, ആയുധ സംഭരണ ​​കേന്ദ്രങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ ഉൾപ്പെടുന്ന 150ലധികം തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ നശിപ്പിച്ചതായാണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ അവകാശവാദം. ആക്രമണത്തില്‍ 22 വയസുകാരനായ ഒരു ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു. ഹിസ്ബുള്ളയ്ക്ക് പിന്തുണ നല്‍കുന്ന ഇറാന്‍ കഴിഞ്ഞ ദിവസമാണ് ഇസ്രയേലിലേക്ക് 180ലധികം മിസൈലുകള്‍ വർഷിച്ചത്. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റള്ളയുടെ കൊലപാതകത്തില്‍ തിരിച്ചടിക്കുകയായിരുന്നു ഇറാന്‍.  ഭൂരിഭാഗം ഇറാന്‍ മിസൈലുകളും നിർജീവമാക്കിയതായാണ് ഇസ്രയേല്‍ അധികൃതർ പറയുന്നത്.

അതേസമയം, ഒക്ടോബർ ഏഴിന് ശേഷം ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 41,689 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ് നേതൃത്വം കൊടുക്കുന്ന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രദേശത്ത് 96,625 പേർക്ക് പരുക്കേറ്റതായാണ് ഔദ്യോഗിക കണക്ക്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരുടെ എണ്ണം ഇതുവരെ കൃത്യമായി കണക്കാക്കിയിട്ടില്ല. ഒക്ടോബർ 7ന് നടന്ന ഹമാസിന്‍റെ ഇസ്രയേല്‍ ആക്രമണത്തില്‍ 1,139പേരാണ് കൊല്ലപ്പെട്ടത്. 239 പേരാണ് ഹമാസിന്‍റെ ബന്ദികളായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com