സൈന്യത്തിന് വീഴ്ചകൾ സംഭവിച്ചു, ഹമാസിനെ വിലകുറച്ചുകണ്ടു; ഒക്ടോബർ 7 ആക്രമണത്തിൽ ഇസ്രയേലിന്‍റെ ആദ്യ അന്വേഷണ റിപ്പോർട്ട് പുറത്ത്

ആക്രമണം പ്രതിരോധിക്കുന്നതില്‍ മണിക്കൂറുകളോളം പരാജയമേറ്റുവാങ്ങിയെന്നും റിപ്പോർട്ടിൽ.
സൈന്യത്തിന് വീഴ്ചകൾ സംഭവിച്ചു, ഹമാസിനെ വിലകുറച്ചുകണ്ടു; ഒക്ടോബർ 7 ആക്രമണത്തിൽ ഇസ്രയേലിന്‍റെ ആദ്യ അന്വേഷണ റിപ്പോർട്ട് പുറത്ത്
Published on

ഗാസ യുദ്ധത്തിലേക്ക് നയിച്ച 2023 ഒക്ടോബർ 7ലെ ആക്രമണത്തിൽ സൈന്യത്തിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് ഇസ്രയേലിന്റെ ആദ്യ അന്വേഷണ റിപ്പോർട്ട്. സാധാരണക്കാരെ സംരക്ഷിക്കുന്നതില്‍ സെെന്യം പരാജയപ്പെട്ടു. ഹമാസിനെ വിലകുറച്ചു കണ്ടെന്നും യുദ്ധത്തിന് മുതിരില്ലെന്ന് കണക്കുകൂട്ടിയെന്നും വിമർശനം. ആക്രമണം പ്രതിരോധിക്കുന്നതില്‍ മണിക്കൂറുകളോളം പരാജയമേറ്റുവാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹമാസില്‍ നിന്നുള്ള ആക്രമണം മുന്‍കൂട്ടി കാണുന്നതിലും പ്രതിരോധിക്കുന്നതിലും ഐഡിഎഫിനുണ്ടായ വീഴ്ചകള്‍ എണ്ണിപ്പറയുന്നതാണ് 19 പേജുള്ള റിപ്പോർട്ട്. 2018 മുതല്‍ ഇസ്രയേലിനെതിരായ ആക്രമണത്തിന് ഹമാസ് നടത്തുന്ന മുന്നൊരുക്കങ്ങള്‍ ഇന്‍റലിജന്‍സിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ അതിർത്തി കടന്നുള്ള ആക്രമണത്തിന് ഹമാസ് മുതിരില്ലെന്ന് ഇസ്രയേല്‍ കണക്കുകൂട്ടി. ഹമാസിന്‍റെ തുരങ്ക ശൃംഖലകൾ ദുർബലമാണെന്നും ഹൈടെക് അതിർത്തി വേലികള്‍ നുഴഞ്ഞുകറ്റം പ്രതിരോധിക്കുമെന്നും അമിത ആത്മവിശ്വാസം പുലർത്തി. ഹമാസില്‍ നിന്നുള്ള ആക്രമണസാധ്യതകളെ അപ്രായോഗികമെന്ന് വിലയിരുത്തി. ഹിസ്ബുള്ളയിലും ഇറാനിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ തെക്കന്‍ അതിർത്തികളിലെയും ഗാസയിലെയും സുരക്ഷാപാളിച്ചകള്‍ കാണാതെപോയി.

റിപ്പോർട്ട് പ്രകാരം, 2022 ഏപ്രിലില്‍ തന്നെ ഹമാസ് ആക്രമണ പദ്ധതി ആരംഭിച്ചിരുന്നു. 2022 സെപ്റ്റംബറോടെ 85 ശതമാനം സജ്ജീകരണങ്ങളും പൂർത്തിയാക്കി. 2023 മെയ് മാസത്തോടെ ഒക്ടോബർ 7 ആക്രമണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും ഹമാസ് പൂർത്തിയാക്കി. ആക്രമണത്തിന്‍റെ തലേദിവസം ഒക്ടോബർ 6ന് ഇസ്രയേല്‍ ചേർന്ന സുരക്ഷായോഗത്തില്‍ ഹമാസില്‍ നിന്ന് അസാധാരണ നീക്കങ്ങളുണ്ടെന്ന് കണ്ടിട്ടും പ്രതിരോധത്തിന് സജ്ജമായില്ല. ഹമാസിനെ വിലകുറച്ചുകണ്ട വർഷങ്ങളുടെ ഇന്‍റലിജന്‍സ് വീഴ്ചയാണ് അവിടെയും ആവർത്തിച്ചത്.

ഫലം, ഹമാസും മറ്റ് പലസ്തീനിയന്‍ ഗ്രൂപ്പുകളും ചേർന്ന 5000ത്തോളം തോക്കുധാരികൾ ഇസ്രായേലിലേക്ക് ഇരച്ചുകയറുകയും സെെനികരും സാധാരണക്കാരുമടക്കം 1200 പേരെ വധിക്കുകയും ചെയ്തു. 251 പേർ ബന്ദികളാക്കപ്പെട്ട ആക്രമണത്തില്‍ ഒന്നരവർഷത്തിനുശേഷമുണ്ടായ വെടിനിർത്തലില്‍ 20 ഓളം പേരെ മാത്രമാണ് ഇസ്രയേലിന് ഇതുവരെ ജീവനോടെ തിരിച്ചെത്തിക്കാനായത്. സാധാരണക്കാരെ സംരക്ഷിക്കുന്നതില്‍ സെെന്യം പരാജയപ്പെട്ടെന്ന തുറന്ന കുറ്റസമ്മതമാണ് ഇതുസംബന്ധിച്ച് റിപ്പോർട്ടിലുള്ളത്. ഹമാസിന്‍റെ ആക്രമണം പ്രതിരോധിക്കാന്‍ എണ്ണത്തില്‍ കുറഞ്ഞ ഐഡിഎഫ് സൈനികർ മണിക്കൂറുകളോളം പാടുപെട്ടു. ആക്രമണസമയത്ത് എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാകാത്ത ആശയക്കുഴപ്പമുണ്ടായി. സാധാരണക്കാരെയും സെെനികരെയും അക്രമികളെയും പരസ്പരം തിരിച്ചറിയാന്‍ പോലും രക്ഷാപ്രവർത്തനത്തിനെത്തിയ ഇസ്രയേലി വ്യോമസേനയ്ക്ക് കഴിഞ്ഞില്ല. സുരക്ഷാവീഴ്ചയുടെ പൂർണ്ണ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ട് ഐഡിഎഫ് മേധാവി ജനറൽ ഹെർസി ഹലേവി കഴിഞ്ഞ മാസം രാജിവച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com