വെടിനിർത്തല്‍ ച‍ർച്ചകള്‍ക്കിടെ ​ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍; ​ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 62 പേ‍ർ

2023 ഒക്ടോബർ 7ന് തുടങ്ങിയ ഇസ്രയേലിന്റെ ​ഗാസ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 46,000 കടന്നുവെന്നാണ് റിപ്പോർട്ടുകൾ
വെടിനിർത്തല്‍ ച‍ർച്ചകള്‍ക്കിടെ ​ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍; ​ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്  62 പേ‍ർ
Published on

ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം. അഭയാർഥി ക്യാംപായി പ്രവർത്തിച്ചിരുന്ന സ്കൂളടക്കം നിരവധി സ്ഥലങ്ങളിൽ നടന്ന ബോംബാക്രമണങ്ങളിൽ‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 62 പേരാണ് കൊല്ലപ്പെട്ടത്. വെടിനിർത്തൽ ചർച്ചകൾ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് ​ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങള്‍.



യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുൽ-ഫത്താഹ് അൽ സിസിയും ഇസ്രയേലിനോടും ഹമാസിനോടും കരാർ അം​ഗീകരിക്കാൻ സംയുക്തമായി ആഹ്വാനം ചെയ്തിട്ടുണ്ട്. ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയെന്നും എന്നാൽ ചില വിഷയങ്ങളിൽ അന്തിമ തീരുമാനമാകേണ്ടതുണ്ടെന്നുമാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത് . ഗാസയിലെ ഇസ്ലാമിക് ജിഹാദും ചർച്ചകൾക്കായി മുതിർന്ന പ്രതിനിധി സംഘത്തെ ഖത്തറിലേക്ക് അയച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെ ദോഹയിലെത്തിയ ഉദ്യോഗസ്ഥർ ചർച്ചകളിൽ പങ്കെടുക്കും.

മൂന്ന് ഘട്ടമായിട്ടാകും ഗാസയിൽ വെടിനിർത്തൽ കരാർ സാധ്യമാക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്രയേല്‍ തടവിലുള്ള നൂറുകണക്കിന് പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി ഹമാസിന്‍റെ പിടിയിലുള്ള 33 ബന്ദികളുടെ മോചനമാണ് ആദ്യഘട്ടം. സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍, 50 വയസിന് മുകളില്‍ പ്രായമുള്ളവർ എന്നീ വിഭാഗങ്ങള്‍ക്കായിരിക്കും മുന്‍ഗണന. ഹമാസ് മോചിപ്പിക്കുന്നവരിൽ അഞ്ച് വനിതാ ഇസ്രയേല്‍ സൈനികരും ഉൾപ്പെടും. കരാർ പ്രാബല്യത്തില്‍ വന്ന് 16ാം ദിവസം രണ്ടാംഘട്ട ചർച്ചകളാരംഭിക്കും. അവശേഷിക്കുന്ന ബന്ദികളുടെ മോചനവും കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള നടപടികളും ഈ ഘട്ടത്തിലാണുണ്ടാവുക. കരാർ പ്രകാരം ഘട്ടം ഘട്ടമായിട്ടായിരിക്കും ഇസ്രയേലിന്‍റെ സെെനിക പിന്മാറ്റം. ജോ ബൈഡൻ വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങുന്നതിന് മുന്നോടിയായി ബന്ദി മോചനം ഉറപ്പാക്കാൻ തിരക്കിട്ട ചർച്ചകളാണ് പുരോഗമിക്കുന്നത്.

2023 ഒക്ടോബർ 7ന് തുടങ്ങിയ ഇസ്രയേലിന്റെ ​ഗാസ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 46,00 കടന്നുവെന്നാണ് റിപ്പോർട്ടുകൾ. യുദ്ധത്തിൽ ഇതുവരെ 46,707 പലസ്തീനികൾ കൊല്ലപ്പെടുകയും 110,265 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com