ഹമാസ് ബന്ദികളെ വിട്ടയയ്ക്കണം, ഇല്ലെങ്കില്‍ ഗാസയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കും; ഭീഷണിയുമായി ഇസ്രയേല്‍

ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹമാസ് ബന്ദികളെ വിട്ടയയ്ക്കണം, ഇല്ലെങ്കില്‍ ഗാസയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കും; ഭീഷണിയുമായി ഇസ്രയേല്‍
Published on


ഹമാസിന്റെ നിയന്ത്രണത്തിലുള്ള ബാക്കി ബന്ദികളെ കൂടി വിട്ടയച്ചില്ലെങ്കില്‍ ഗാസയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രയേല്‍. ഇസ്രയേല്‍ പ്രതിരോധ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗാസയുടെ തെക്കന്‍ അതിര്‍ത്തി പ്രദേശമായ റഫയും ബെയ്റ്റ് ലഹിയയുടെ വടക്കന്‍ ടൗണും ലക്ഷ്യമാക്കിയാണ് ഇസ്രയേല്‍ സൈന്യം നീങ്ങിയത്. ഗാസ സിറ്റി അടക്കമുള്ള വടക്കന്‍ ഗാസയില്‍ ഉപരോധം ഏര്‍പ്പെടുത്തിയതായും സൈന്യം അറിയിച്ചിട്ടുണ്ട്.

'ഗാസയുടെ കൂടുതല്‍ അതിര്‍ത്തികള്‍ പിടിച്ചെടുക്കാന്‍ ഞാന്‍ സൈന്യത്തോട് പറഞ്ഞു. ബന്ദികളെ വിടാന്‍ ഹമാസ് തയ്യാറാകാതിരുന്നാല്‍ കൂടുതല്‍ അതിര്‍ത്തികല്‍ നഷ്ടമായേക്കും. അത് ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കും,' പ്രതിരോധ മന്ത്രി പറഞ്ഞു.

അതേസമയം തുടര്‍ച്ചയായ മൂന്നാം ദിവസവും ആക്രമണം തുടരുകയാണ്. ഇതുവരെ 590ലധികം പലസ്തീനികളാണ് ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗാസയിലെ ഇസ്രേയല്‍ ആക്രമണത്തില്‍ ഇതുവരെ 49,617 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി 112,950 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു.

തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിന് കിഴക്കുള്ള അബാസന്‍ അല്‍-കബീറ പട്ടണത്തിലെ തകര്‍ന്നുവീണ അവശിഷ്ടങ്ങളില്‍ നിന്ന് ഗാസയിലെ വീടുകളെ ലക്ഷ്യം വച്ചാണ് പ്രധാനമായും ഇസ്രയേലിന്റെ ആക്രമണം നടന്നതെന്ന് പലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു. ബാനി സുഹൈലയിലും, അബാസാന്‍ അല്‍-കബീറയിലും, അല്‍-ഫുഖാരിയിലെ അല്‍-അമൂറിലും, റാഫയ്ക്കടുത്തുള്ള മോസ്‌ബെയിലെയും കുടുംബങ്ങളെ ലക്ഷ്യം വച്ച് നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബെയ്റ്റ് ലാഹിയയ്ക്ക് സമീപമുള്ള ഒരു വീട്ടിലെ ഏഴ് പേര്‍ കൊല്ലപ്പെട്ടുവെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടു ദിവസം മുന്‍പാണ് ഗാസയില്‍ കരമാര്‍ഗമുള്ള ആക്രമണത്തിന് ഇസ്രയേല്‍ ആഹ്വാനം ചെയ്തത്. 400ഓളം പേരുടെ ജീവനെടുത്ത വ്യോമാക്രമണത്തിന് പിന്നാലെയാണ് കരമാര്‍ഗമുള്ള ആക്രമണം ആരംഭിച്ചത്. ജനുവരി 19 മുതല്‍ പ്രാബല്യത്തില്‍ വന്ന ഇസ്രയേലും ഹമാസും തമ്മിലുള്ള രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ കരാര്‍, ഇസ്രായേല്‍ നടത്തിയ സമീപകാല ആക്രമണത്തോടെ അവസാനിക്കുകയായിരുന്നു.

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നേരത്തെ പിന്‍വാങ്ങിയ നെറ്റ്‌സാരിം ഇടനാഴിയുടെ ഒരു ഭാഗം തിരിച്ചുപിടിച്ചതായി സൈന്യം അറിയിച്ചു. മധ്യ ഗാസ നഗരത്തിലെ യുഎന്‍ ആസ്ഥാനത്ത് ബുധനാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു വിദേശ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും അഞ്ച് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com