
ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം ഡോക്‌ടറുടെ 10 മക്കളിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നാസർ മെഡിക്കൽ കോംപ്ലക്സിനുള്ളിലെ അൽ-തഹ്‌രിർ ആശുപത്രിയിലെ പീഡിയാട്രിക് സ്പെഷ്യലിസ്റ്റായ ഡോ. അലാ അൽ-നജ്ജാറിൻ്റെ കുട്ടികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഡോക്‌ടർ ജോലി ചെയ്യുന്ന ഖാൻ യൂനിസ് നഗരത്തിലെ അവർ ജോലി ചെയ്യുന്ന ആശുപത്രി അധികൃതരാണ് ഈ വിവരം പുറത്തുവിട്ടത്. ആക്രമണത്തിൽ ഡോക്‌ടറുടെ വീട് തകർന്നതായും റിപ്പോർട്ടുണ്ട്. കുട്ടികളിൽ ഒരാൾക്കും ഭർത്താവിനും പരിക്കേറ്റിറ്റുണ്ടെന്നും അവർ രക്ഷപ്പെട്ടുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
"മതി! എല്ലാ രാജ്യങ്ങളോടും,അന്താരാഷ്ട്ര സമൂഹത്തോടും, ജനങ്ങളോടും, ഹമാസിനോടും,എല്ലാ വിഭാഗങ്ങളോടും കരുണ കാണിക്കാൻ ഞങ്ങൾ അപേക്ഷിക്കുന്നു," ബന്ധുവായ യൂസഫ് അൽ-നജ്ജാർ ഏജൻസി ഫ്രാൻസ്-പ്രസ്സിനോട് പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ഡ്യൂട്ടിയിലായിരിക്കെ, അലാ അൽ-നജ്ജാറിന് തൻ്റെ കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് പുറത്തെടുക്കുന്നത് നോക്കി നിൽക്കേണ്ടിവന്നു. ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലെ നഴ്‌സിംഗ് മേധാവി മുഹമ്മദ് സഖർ ഗാർഡിയനോട് പറഞ്ഞു. കുട്ടികളെ രക്ഷിക്കുന്നതിനായി ജീവിതം സമർപ്പിച്ച ഒരു ശിശുരോഗ വിദഗ്‌ധന് നേരിടേണ്ടി വന്ന ഏറ്റവും ഹൃദയഭേദകമായ ദുരന്തങ്ങളിലൊന്നാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.