ലബനനില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്ത് ഇസ്രയേല്‍ വ്യോമാക്രമണം; 21 പേർ കൊല്ലപ്പെട്ടു

ഗാസയ്ക്ക് സമാനമായി ലബനനിലും സുരക്ഷിതമായി കണക്കാക്കുന്ന സ്ഥലങ്ങളിലേക്കാണ് ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്തുന്നത്
ലബനനില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്ത് ഇസ്രയേല്‍ വ്യോമാക്രമണം; 21 പേർ കൊല്ലപ്പെട്ടു
Published on

വടക്കന്‍ ലബനനില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഐറ്റോയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 21 പേർ കൊല്ലപ്പെട്ടു. വടക്കന്‍ നഗരമായ ട്രിപ്പോളിക്ക് സമീപമുള്ള തീരദേശ ഗ്രാമമാണ് ഐറ്റോ. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് റോക്കറ്റുകള്‍ തൊടുത്താണ് ഹിസ്ബുള്ള ആക്രമണത്തോട് പ്രതികരിച്ചത്.

ആക്രമണത്തില്‍ ഐറ്റോയിലെ കെട്ടിടങ്ങള്‍, വാഹനങ്ങള്‍ എന്നിവ തകർന്നു. തെരുവുകളില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ പരുക്കേറ്റും മരിച്ചും കിടക്കുന്നവരുടെ ദ്യശ്യങ്ങള്‍ ലബനന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഹിസ്ബുള്ളക്ക് നേരെയായിരുന്നു ആക്രമണം എന്നാണ് ഇസ്രയേലിന്‍റെ വിശദീകരണം. എന്നാല്‍, ഹിസ്ബുള്ള ശക്തി കേന്ദ്രങ്ങളില്‍ നിന്നും അകലെയാണ് ഐറ്റോ സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിലെ പല വീടകളും യുദ്ധത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് വാടകയ്ക്ക് നൽകിയിരുന്നതായി മേയർ ജോസഫ് ട്രാഡ് റോയിട്ടേഴ്സിനോട് പറഞ്ഞു.

ഗാസയ്ക്ക് സമാനമായി ലബനനിലും സുരക്ഷിതമായി കണക്കാക്കുന്ന സ്ഥലങ്ങളിലേക്കാണ് ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്തുന്നത്. ഇത്തരത്തില്‍ ഒന്നായിരുന്നു ദക്ഷിണ ലബനനിലെ ഐക്യരാഷ്ട്ര സഭ സമാധാന സേനക്ക് നേരെ നടന്ന ആക്രമണം. സമാധാന സേനയിലെ അഞ്ച് അംഗങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിന് ഇസ്രയേൽ അന്താരാഷ്ട്ര വിമർശനം നേരിടുകയാണ്. സമാധാന സേനാംഗങ്ങൾക്ക് നേരെയുള്ള ഏതൊരു ബോധപൂർവമായ ആക്രമണവും അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെയും 1701 ലെ സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിൻ്റെയും ഗുരുതരമായ ലംഘനമാണെന്നും ഐക്യരാഷ്ട്ര സഭയുടെ സമാധാന സേന അറിയിച്ചിരുന്നു.  എന്നാല്‍, ഇസ്രയേൽ സൈന്യം സമാധാന സേനയെ മനഃപൂർവം ഉപദ്രവിച്ചുവെന്ന ആരോപണം പൂർണമായും തെറ്റാണെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

അതേസമയം, യുഎൻ സമാധാന സേനാംഗങ്ങൾ ദക്ഷിണ ലബനനിലെ തങ്ങളുടെ സ്ഥാനങ്ങളിൽ തുടരുമെന്ന് സമാധാന സേനാ മേധാവി ജീൻ പിയറി ലാക്രോയിക്സ് പറഞ്ഞു. ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന യുദ്ധമേഖലകളില്‍ നിന്നും സമാധാന സേന പിന്‍വാങ്ങണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടിരുന്നു. 

2023 ഒക്ടോബർ മുതൽ ലബനനിലെ ഇസ്രയേൽ ആക്രമണത്തിൽ 2,309 മരിച്ചതായും 10,782 പേർക്ക് പരുക്കേറ്റതായും ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 23ന് ശേഷം മാത്രം ഇസ്രയേൽ വ്യോമാക്രമണങ്ങളില്‍  കുറഞ്ഞത് 1,542 പേർ കൊല്ലപ്പെടുകയും 4,555 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.  1.34 ദശലക്ഷത്തിലധികം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com