
ഗാസയിലെ സെയ്‌ടൗൺ മേഖലയിൽ അഭയാർത്ഥികൾ താമസിച്ചിരുന്ന സ്‌കൂളിന് നേരെ ഇസ്രായേൽ വ്യോമാക്രമണം. 22 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് കമാൻഡ് സെൻ്റർ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പറയുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
13 കുട്ടികളും ആറ് സ്ത്രീകളുമാണ് കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നത്. മൈതാനത്ത് കുട്ടികള്‍ കളിക്കുന്നതിനിടെയാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. "സ്ത്രീകളും അവരുടെ കുട്ടികളും സ്കൂൾ മൈതാനത്ത് ഇരിക്കുകയായിരുന്നു. ചില കുട്ടികൾ മൈതാനത്ത് കളിക്കുന്നുണ്ടായിരുന്നു. ഇതിനിടെ പെട്ടെന്നാണ് അവരുടേ മേൽ റോക്കറ്റുകൾ പതിച്ചത്".- ആക്രമണത്തിന് സാക്ഷിയായ അൽ മലാഹി പറഞ്ഞു.
നേരത്തേ സ്‌കൂളായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ ഇപ്പോള്‍ ഹമാസിന്‍റെ കമാന്‍ഡ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടത്. ഹമാസിന്‍റെ കമാന്‍ഡ് സെന്റര്‍ ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. എന്നാൽ ഹമാസ് ഇത് നിഷേധിച്ചു.