കേരളത്തിലെ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലൊക്കേഷനാണ് ഇത്. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ജയിലര്‍ 2. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. ശനിയാഴ്ച്ചയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് ആരംഭിച്ചിട്ടുണ്ട്. ബിസി റോഡിലുള്ള സുദര്‍ശന്‍ ബംഗ്ലാവിലാണ് ചിത്രീകരണം നടക്കുന്നത്. കേരളത്തിലെ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലൊക്കേഷനാണ് ഇത്. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അട്ടപ്പാടി ഷെഡ്യൂള്‍ പൂര്‍ത്തിയായത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ രജനികാന്തും കോഴിക്കോട് എത്തും. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ചിത്രത്തിന്റെ ആദ്യ ഭാഗം വന്‍ വിജയമാകാന്‍ കാരണം രജനികാന്തിന്റെ സാനിധ്യത്തിന് അപ്പുറം മള്‍ട്ടി സ്റ്റാര്‍ കാസ്റ്റിംഗ് കൂടിയായിരുന്നു. മോഹന്‍ലാല്‍, കന്നഡ സ്റ്റാര്‍ ശിവ് രാജ്കുമാര്‍, ജാക്കി ഷെരോഫ് എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത് മുതല്‍ മോഹന്‍ലാല്‍ ജയിലര്‍ 2വിന്റെ ഭാഗമാകുമോ എന്ന ചോദ്യം ആരാധകരില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നു. അതിന് മറുപടിയായി അടുത്തിടെ മോഹന്‍ലാലിന്റെ സിനിമാ സെറ്റില്‍ നെല്‍സണ്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു.
ALSO READ : 'ഓപ്പറേഷൻ സിന്ദൂർ': പേര് നേടാൻ പിടിവലി; ടൈറ്റിൽ രജിസ്ട്രേഷനായി അപേക്ഷ സമർപ്പിച്ച് സിനിമാ നിർമാതാക്കൾ
സത്യന്‍ അന്തിക്കാട് സിനിമ 'ഹൃദയപൂര്‍വ്വം' സെറ്റിലാണ് നെല്‍സണ്‍ എത്തിയത്. ഇതോടെ 'ജയിലര്‍ 2'ല്‍ രജനിക്കൊപ്പം മോഹന്‍ലാലും ഉണ്ടാകും എന്നായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. മുന്‍പ് 'എമ്പുരാന്‍' പ്രമോഷനിടെ ജയിലറുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നടത്തിയ പ്രസ്താവനയോട് ചേര്‍ത്താണ് ഈ കൂടിക്കാഴ്ചയെ ആരാധകര്‍ കാണുന്നത്. 'ജയിലര്‍ 2 ഷൂട്ടിംഗ് തുടങ്ങിയിട്ടുണ്ട്. എന്നെ വിളിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ പോയി അഭിനയിക്കും. കൂടുതലൊന്നും എനിക്കറിയില്ല', എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം. ജനുവരി 14 നാണ് നിര്‍മാതാക്കള്‍ ജയിലര്‍ രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്മെന്റ് വീഡിയോ പുറത്തുവിട്ടത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റേയും സംഗീതം ഒരുക്കുന്നത്.