
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സേന മറുപടി നൽകിയത് ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സൈനിക നടപടിയിലൂടെയായിരുന്നു. പാക് ഭീകര ക്യാമ്പുകൾ തകർത്തെറിഞ്ഞുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി. തൊട്ടടുത്ത ദിവസം മുതൽക്കെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരും അതിന്റെ വകഭേദങ്ങളും നേടിയെടുക്കാനായി ബോളിവുഡ് സിനിമാ നിർമാതാക്കൾ തിരക്കുകൂട്ടുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ ട്രേഡ്മാർക്ക് റജിസ്ട്രി പോർട്ടലിലും, ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ടൈറ്റിൽ കോപ്പിറൈറ്റ് ലഭിക്കാനായി നിരവധി അപേക്ഷകളാണ് എത്തുന്നത്.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വാർത്ത പുറത്തെത്തി മണിക്കൂറുകൾക്കകം തന്നെ ടൈറ്റിൽ രജിസ്ട്രേഷനായി തിരക്ക് തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സൈന്യം പാക് ഭീകര കേന്ദ്രങ്ങൾ തകർത്തെറിഞ്ഞെന്ന വാർത്തയ്ക്ക് ലോക മാധ്യമങ്ങളിലടക്കം വലിയ പ്രാധാന്യം ലഭിച്ചിരുന്നു. പിന്നാലെയാണ് അപേക്ഷകളുടെ ഒഴുക്കെത്തിയത്. രാജ്യത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോഴെല്ലാം ടൈറ്റിൽ രജിസ്റ്റർ ചെയ്യാൻ ആളുകളെത്താറുണ്ടെന്ന് ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (IMPPA) സെക്രട്ടറി അനിൽ നാഗരതിനെ ഉദ്ധരിച്ച് ദി ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നു.
"ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോഴെല്ലാം, ടൈറ്റിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളുണ്ട്. എല്ലാത്തിനുമുപരി, ഒരു ചലച്ചിത്രകാരൻ തനിക്ക് ചുറ്റും കാണുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി മാത്രമാണ് സിനിമ നിർമിക്കുന്നത്. അതിനാൽ 'ഉറി' സിനിമ പോലെ, ഈ സാഹചര്യം ഒരു സിനിമയാക്കാൻ നിരവധി ആളുകൾ ആഗ്രഹിക്കുന്നു, " അനിൽ നാഗരത പറഞ്ഞു. പ്രതികാരത്തിൻ്റെ സിന്ദൂരം(സിന്ദൂർ കാ ബദ്‌ല), സിന്ദൂരത്തിനുള്ള കടം(സിന്ദൂർ കാ കർസ്), സിന്ദൂരത്തിൻ്റെ തുരുമ്പ് (സിന്ദൂർ ഏക് ജംഗ്) തുടങ്ങി ഓപ്പറേഷൻ സിന്ദൂറിൻ്റെ പല വകഭേദങ്ങളാണ് ടൈറ്റിൽ രജിസ്ട്രേഷനായി എത്തിയിരിക്കുന്നത്. ഉറി-ബാലക്കോട്ട് ആക്രമണങ്ങളുടെ സമയത്തും ടൈറ്റിൽ രജിസ്ട്രേഷനു വേണ്ടി സമാനമായ തിരക്ക് അനുഭവപ്പെട്ടിരുന്നെന്നും അനിൽ നാഗരത് പറയുന്നു.
ടൈറ്റിൽ രജിസ്ട്രേഷൻ അംഗീകരിക്കാൻ സമയമെടുക്കുമെന്നണ് അപേക്ഷ സമർപ്പിച്ച ചലച്ചിത്ര നിർമാതാക്കളിലൊരാളായ അശോക് പണ്ഡിറ്റ് ദി ക്വിൻ്റിനോട് പറഞ്ഞത്. 35ഓളം നിർമാതാക്കൾ ടൈറ്റിൽ ക്ലെയിമിനായി അപേക്ഷകളയച്ചിട്ടുണ്ട്. ഇത് വളരെ സാധാരണമായ കാര്യമാണെന്നാണ് നിർമാതാവിൻ്റെ പക്ഷം. "ജെപി ദത്തയുടെ സിനിമകളാകട്ടെ, 'ഹഖീഖത്ത്' ആകട്ടെ; നമ്മുടെ രാജ്യം മികച്ച യുദ്ധ സിനിമകൾ നിർമിച്ചിട്ടുണ്ട്. ഇതിൽ വിചിത്രമായി ഒന്നുമില്ല. യുദ്ധ സിനിമകൾ നിർമ്മിക്കുന്നതിൽ ശരിക്കും വൈദഗ്ധ്യമുള്ള മികച്ച ചലച്ചിത്ര നിർമാതാക്കൾ നമുക്കുണ്ട്," അശോക് പണ്ഡിറ്റ് പറയുന്നു.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ടൈറ്റിൽ രജിസ്ട്രേഷനായി മുകേഷ് അംബാനിയുടെ റിലയന്‍സ് അടക്കം രംഗത്തെത്തിയിരുന്നു. എന്നാൽ ട്രേഡ് മാര്‍ക്കിനായുള്ള റിലയൻസിൻ്റെ നീക്കത്തിനെതിരെ സോഷ്യല്‍മീഡിയയിൽ വലിയ വിമർശനമുയർന്നു. ഇതോടെ റിലയൻസ് അപേക്ഷ പിൻവലിച്ചു. ഇന്ത്യൻ ധീരതയുടെ പ്രതീകമായി മാറിയ ഓപ്പറേഷൻ സിന്ദൂർ എന്ന കോഡിന്റെ ട്രേഡ്മാർക്ക് സ്വന്തമാക്കാൻ ഉദ്ദേശ്യമില്ലെന്നും റിലയൻസിൻ്റെ യൂണിറ്റായ ജിയോ സ്റ്റുഡിയോസിൽ ജോലി ചെയ്യുന്ന ജൂനിയർ ഉദ്യോഗസ്ഥൻ അബദ്ധവശാൽ ഫയൽ ചെയ്ത അപേക്ഷയാണിതെന്നുമായിരുന്നു കമ്പനി പിന്നീട് നൽകിയ വിശദീകരണം.