
ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തില്‍ നിന്നും റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു. ചെറിയ അളവില്‍ റേഡിയോ ആക്ടീവ് സാമ്പിള്‍ ശേഖരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മുന്‍പ് നടന്ന ശ്രമങ്ങൾ സാങ്കേതിക തകരാർ കാരണം താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു.
ഫുകുഷിമ ആണവനിലയം ഡീക്കമ്മീഷന്‍ ചെയ്യുന്നതിനു മുന്നോടിയായി ആണ് റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്. ഇങ്ങനെ ശേഖരിക്കുന്ന അവശിഷ്ടങ്ങളിൽ പഠനം നടത്തിയാണ് റിയാക്ടറിനുള്ളിലെ അവസ്ഥ മനസിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ടോക്യോ ഇലക്ട്രിക് പവർ കമ്പനി (ടെപ്കോ)ആണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്. ഇതിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി കമ്പനി അറിയിച്ചു. പൂർത്തിയാക്കാന്‍ രണ്ടാഴ്ച സമയമെടുക്കുമെന്നാണ് കരുതുന്നത്. ഓഗസ്റ്റ് 22ന് മാലിന്യം നീക്കം ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, ആവശ്യമായ ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ സാധിക്കാത്തതിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചു.
ALSO READ: സുരക്ഷിത ഇടമില്ലാത്ത ഗാസ; അല്‍-മവാസിലെ അഭയാർഥി ടെന്റുകള്‍ക്ക് നേരെ ആക്രമണം; കൊല്ലപ്പെട്ടത് 40 പേർ
13 വർഷം മുന്‍പുണ്ടായ സുനാമിയിലാണ് ഫുകുഷിമ ആണവനിലയം തകർന്നത്. ഏകദേശം 880 ടണ്‍ അപകടകരമായ മാലിന്യമാണ് സുനാമിക്ക് ശേഷം ഫുകുഷിമയില്‍ അവശേഷിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഇത്. ഫുകുഷിമ ആണവനിലയത്തില്‍ നിന്നും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് ലോകത്തിലെ തന്നെ ഏറ്റവും പ്രയാസമേറിയ ജോലിയായിട്ടാണ് വിലയിരുത്തുന്നത്.
2011 മാർച്ച് 11ന് നിലയത്തിലെ മൂന്ന് പ്ലാന്റുകള്‍ പ്രവർത്തിക്കുന്നുണ്ടായിരുന്നു. സുനാമിയില്‍ ഇവ പൂർണമായി തകർന്നു. റേഡിയോ ആക്ടീവായ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ പ്രത്യേകതരം റോബോട്ടുകളെയാണ് ടെപ്കോ വികസിപ്പിച്ചിരിക്കുന്നത്. രണ്ട് മിനി ഡ്രോണുകളും പാമ്പിന്റെ ആകൃതിയിലുള്ള റോബോട്ടിനേയുമാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനായി വിന്യസിച്ചത്.
അതേസമയം, കഴിഞ്ഞ വർഷം ഫുകുഷിമ നിലയത്തിലെ സംസ്കരിച്ച ജലം ജപ്പാന് പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കിവിട്ടു. തീർത്തും സുരക്ഷിതമായ രീതിയിലാണ് ജലം ഒഴുക്കിവിട്ടത് എന്നാണ് ജപ്പാന്റെ വാദം. എന്നാല്‍, ഇത് ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി നയതന്ത്ര പ്രശ്നങ്ങള്‍ക്ക് കാരണമായി. ഇരു രാജ്യങ്ങളും ജപ്പാനില്‍ നിന്നുള്ള സീഫുഡ് ഇറക്കുമതി വിലക്കി. ഫുകുഷിമ പ്രദേശത്ത് നിന്നുള്ള ഭക്ഷ്യ വസ്തുക്കള്‍ പ്രചരിപ്പിക്കാനും ടെപ്കോ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഈ പ്രദേശത്ത് നിന്നുള്ള പീച്ച് വില്‍ക്കുകയാണ് കമ്പനി. ആരാധകർ ഏറെയുള്ള ഈ പീച്ചിന് രുചിയുടെ അത്രതന്നെ വിലയുമുണ്ട്. 80 യൂറോ ആണ് ഒരു ബോക്സ് പീച്ചിന്റെ വില.