തന്റെ പുതിയ ചിത്രമായ 'ഡൈ മൈ ലൗ' ന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജനിഫർ
കാന്‍ ചലച്ചിത്ര മേളയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പോസ്റ്റപാര്‍ട്ടം ഡിപ്രഷനെ കുറിച്ചുള്ള തന്റെ അനുഭവം തുറന്ന് പറഞ്ഞ് ഹോളിവുഡ് നടി ജനിഫര്‍ ലോറന്‍സ്. തന്റെ പുതിയ ചിത്രമായ 'ഡൈ മൈ ലൗ' ന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജനിഫര്‍. പുതിയതായി അമ്മയായ സ്ത്രീയുടെ ജീവിതത്തെ കുറിച്ചാണ് സിനിമ പറഞ്ഞുവെക്കുന്നത്.
"ഒരു അമ്മ എന്ന നിലയില്‍ ഞാന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ചെയ്തതും ആ കഥാപാത്രമായി ചെയ്തതും വേര്‍തിരിക്കാനാവില്ല. അത് ശരിക്കും ഹൃദയഭേദകമായിരുന്നു", സിനിമയുടെ ഷൂട്ടിംഗിനെ കുറിച്ച് ജനിഫര്‍ ലോറന്‍സ് പറഞ്ഞു. "എന്റെ ആദ്യത്തെ കുഞ്ഞിന് ഞാന്‍ ജന്മം നല്‍കിയിരുന്നു. പിന്നെ പേസ്റ്റ്പാര്‍ട്ടം പോലെ മറ്റൊന്നുമില്ല. അത് വിലയ ഒറ്റപ്പെടലാണ്. പക്ഷെ അത് രസകരമായിരുന്നു. സംവിധായകന്‍ ലൈന്‍ സിനിമയില്‍ ആ ദമ്പതികളെ മോണ്‍ടാനയിലേക്ക് കൊണ്ട് പോകുമ്പോള്‍ അവള്‍ക്ക് അവിടെ ആരുമില്ല. അവളുടെ സ്വന്തം ആളുകള്‍ ഇല്ല. പക്ഷെ നിങ്ങള്‍ എവിടെയാണെങ്കിലും വിഷാദവും ആന്‍സൈറ്റിയും തീര്‍ത്തും ഒറ്റപ്പെടലാണെന്നതാണ് യാഥാര്‍ത്ഥ്യം. നിങ്ങള്‍ക്ക് ഒരു അന്യഗ്രഹജീവിയെ പോലെ തോന്നും", എന്നും ലോറന്‍സ് വ്യക്തമാക്കി.
ALSO READ : ക്ലിന്റ് ഹീറോയാടാ! 94ലും സ്വാഗോടെ ഹോളിവുഡ് മാസ്റ്റർ
തന്റെ രണ്ടാമത്തെ കുഞ്ഞുമായി അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെയാണ് 'ഡൈ മൈ ലൗ' ഷൂട്ട് ചെയ്തതെന്നും ജനിഫര്‍ പറഞ്ഞു. "കുട്ടികള്‍ ഉണ്ടാകുന്നത് നിങ്ങളുടെ ജീവിതത്തെ ആകെ മാറ്റി മറയ്ക്കും. അത് ക്രൂരവും രസകരവുമാണ്", മാതൃത്വത്തെ കുറിച്ച് ലോറന്‍സ് പറഞ്ഞത് ഇങ്ങനെയാണ്. "അതിനാല്‍ ഞാന്‍ ജോലി ചെയ്യണോ, ഞാന്‍ എവിടെ ജോലി ചെയ്യണം, ഞാന്‍ ജോലി ചെയ്യുമ്പോള്‍ എങ്ങനെയായിരിക്കണം എന്നിങ്ങനെയുള്ള എല്ലാ തീരുമാനങ്ങളിലും അവര്‍ ഇടപെടുന്നു. മാത്രമല്ല, അവര്‍ എന്നെ പല കാര്യങ്ങളും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതായത് എനിക്ക് ഇത്രയധികം അനുഭവിക്കാന്‍ കഴിയുമെന്നും എന്റെ ജോലിക്ക് വികാരവുമായി വളരെ അധികം ബന്ധമുണ്ടെന്നും എനിക്ക് അറിയില്ലായിരുന്നു. അത് ശരിക്കും പൊള്ളലേല്‍ക്കും പോലെയാണ്. വളരെ സെന്‍സിറ്റീവ്. അതിനാല്‍ എന്റെ ജീവിതം മികച്ചതായി. ഒരു അഭിനേതാവ് ആകണമെങ്കില്‍ കുട്ടികള്‍ ഉണ്ടായിരിക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം", ജനിഫര്‍ പറഞ്ഞു.
'ഡൈ മൈ ലൗ' 78-ാമത് കാന്‍ ചലച്ചിത്ര മേളയില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകര്‍ ആറ് മിനിറ്റ് നേരം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. അരിയാന ഹാര്‍വിച്ചിന്റെ 2017ലെ 'ഡൈ മൈ ലൗ' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തില്‍ റോബര്‍ട്ട് പാറ്റിന്‍സണ്‍ ആണ് ജനിഫര്‍ ലോറന്‍സിന്റെ ഭര്‍ത്താവിന്റെ വേഷം അവതരിപ്പിക്കുന്നത്.