fbwpx
ക്ലിന്റ് ഹീറോയാടാ! 94ലും സ്വാഗോടെ ഹോളിവുഡ് മാസ്റ്റർ
logo

ശ്രീജിത്ത് എസ്

Last Updated : 18 May, 2025 09:57 PM

“When you have to shoot, shoot, don’t talk!”, ദ ​ഗുഡ് ദ ബാഡ് ദ അ​ഗ്ലി എന്ന ചിത്രത്തിലെ ഈ ഡയലോ​ഗിന് ക്ലിന്റ് ഈസ്റ്റ്‌വുഡിന്‍റെ ഫിലിം മേക്കിങ്ങുമായി ഒരുപാട് ബന്ധമുണ്ട്

HOLLYWOOD


മുറിവേറ്റ് കമഴ്ന്ന് കിടക്കുന്ന ഒരു മനുഷ്യൻ. അയാൾക്ക് നേരെ തന്റെ ട്രേഡ്മാർക്ക് മാ​ഗ്നം .44 തോക്കും ചൂണ്ടി നിൽക്കുന്ന ഹാരി. ഇത് ഒരു ലോ ആം​ഗിൾ ഷോട്ടാണ്. നമുക്ക് ഹാരിയുടെ പരുക്കൻ മുഖം വ്യക്തമായി കാണാം. അയാളുടെ പരിഹാസം കലർന്ന ചുണ്ട്, ചുളിവു വീണ നെറ്റി, നിർവികാരമായ കണ്ണുകൾ... ഈ ഐക്കോണിക് ഇമേ‍ജ് അമേരിക്കൻ പോപ് കൾച്ചറിന്റെ ഭാ​ഗമാണ്.


വർഷങ്ങൾക്കിപ്പുറം ജൂറർ നമ്പർ 2 വിന്റെ സെറ്റിൽ ക്യാമറയ്ക്ക് പിന്നിൽ കൂനിയ മുതുകും പതറിയ പരുക്കൻ ശബ്ദവുമായി ഇരിക്കുന്ന ആ 94 കാരന് ഡേർട്ടി ഹാരിയുടെ ഛായയില്ല. അപ്പോഴും അയാളുടെ ആ ഇമേജ് ലോകം എങ്ങുമുള്ള സിനിമാപ്രേമികളെ ആവേശം കൊള്ളിക്കുന്നു. 40 പടം എടുത്ത ആ വൃദ്ധന്റെ സ്വാ​ഗ് ലോകത്തെ ഒരു സംവിധായകനും നമുക്ക് നൽകാനാകില്ല. നമ്മളെ ക്ലാസിക്കൽ അമേരിക്കൻ ഫിലിം മേക്കിങ്ങുമായി ബന്ധിപ്പിക്കുന്ന അവസാന കണ്ണിയാണയാൾ. എ ലെജൻഡ് വിത്ത് എ മൂവി ക്യാമറ. ക്ലിന്റ് ഈസ്റ്റ്‌വുഡ്.



Also Read: ബോങ് ജൂണ്‍ ഹോ: ഒരു കൊറിയന്‍ സിനിമാഗാഥ



1930 മെയ് 31 ന് സാൻ ഫ്രാൻസിസ്കോയിലാണ് ക്ലിന്റിന്റെ ജനനം. അച്ഛൻ, ക്ലിന്റ് ഈസ്റ്റ്‌വുഡ് സീനിയറിന്റെ ജോലികളുടെ ഭാ​ഗമായുള്ള ദേശാടനം ഈ കുടുംബത്തെയും പലയിടങ്ങളിൽ പറിച്ചുനട്ടു. ​ഗ്രേറ്റ് ഡിപ്രഷന്റെ കാലമായിരുന്നുവത്. സാമ്പത്തികമായി അസ്ഥരിമായ ചുറ്റുപാടിൽ ജീവിക്കുമ്പോഴും കഥപറച്ചിലിനോട് ഒരു അഭിനിവേശം ക്ലിന്റിൽ വളരുന്നുണ്ടായിരുന്നു. ഓക്ക്‌ലാന്‍ഡ് ടെക്നിക്കൽ ഹൈസ്കൂളിൽ പഠിക്കുമ്പോൾ അക്കാഡമിക്സിൽ പിന്നാക്കമായിരുന്നെങ്കിലും സം​ഗീതത്തിലും മെക്കാനിക്സിലും ക്ലിന്റ് താൽപ്പര്യം പ്രകടിപ്പിച്ചു. കൊറിയൻ യുദ്ധകാലത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമിയിലേക്ക് ഡ്രാഫ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ്, ലൈഫ് ഗാർഡ്, പേപ്പർ കാരിയർ, ഗ്രോസറി ക്ലാർക്ക് തുടങ്ങി വിവിധ ജോലികൾ ക്ലിന്റ് ഈസ്റ്റ്‌വുഡ് ചെയ്തു.


Also Read: ക്ലീഷേയ്ക്ക് കത്തിവെച്ച ആല്‍ഫ്രഡ് ഹിച്ച്കോക്ക്; സസ്പെന്‍സ് ത്രില്ലറുകളുടെ രസതന്ത്രം


ആർമിയിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഈസ്റ്റ്‌വുഡിന് അഭിനയത്തോടുള്ള താൽപര്യം തോന്നി തുടങ്ങിയത്. ഡിസ്ചാർജ് ചെയ്ത ശേഷം, അദ്ദേഹം ലോസ് ഏഞ്ചൽസിലേക്ക് മാറി. അവിടെ ആക്ടിങ് ക്ലാസുകളിൽ ചേർന്ന ക്ലിന്റ് ചെറിയ ചില വേഷങ്ങൾക്കായി ഓഡിഷനും പോയി. അദ്ദേഹത്തിന്റെ പരുക്കൻ സൗന്ദര്യവും കരിസ്മയും പെട്ടെന്ന് കാസ്റ്റിങ് ഡയറക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. 1959ൽ "റോഹൈഡ്" എന്ന ടെലിവിഷൻ പരമ്പരയിൽ റൗഡി യേറ്റ്‌സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതാണ് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ തലവര മാറ്റിയത്. ഈ സീരീസ് വഴി കിട്ടിയ പോപ്പുലാരിറ്റിയാണ് ക്ലിന്റിനെ ഇറ്റാലിയൻ ഡയറക്ടർ സെർജിയോ ലിയോണിന് പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ സ്പഗെറ്റി വെസ്റ്റേൺ ക്ലാസിക്കായ "ഡോളേഴ്‌സ് ട്രിലോജി"യാണ് പുരുഷത്വത്തിന്‍റെ പ്രതീകമായി ക്ലിന്റ് ഈസ്റ്റ്‌വുഡിനെ മാറ്റുന്നത്. "മാൻ വിത്ത് നോ നെയിം" എന്ന ഈ കഥാപാത്രം പ്രേക്ഷകർക്ക് അഭിനേതാവ് തന്നെയായി. ക്ലിന്റ് ഈസ്റ്റ്വുഡ് തരം​ഗമായി.



വർഷം 1971. ക്ലിന്റ് ഈസ്റ്റ്‌വുഡിന്‍റെ കരിയറിൽ ആ വർഷത്തിന് വലിയ പ്രാധാന്യമാണുള്ളത്. ആ വർഷമാണ് അദ്ദേഹം നായകനായ ഡോൺ സീഗലിന്റെ "ഡേർട്ടി ഹാരി" റിലീസ് ആയത്. സിനിമയിലെ ഇൻസ്പെക്ടർ ഹാരി കല്ലഹൻ എന്ന കഥാപാത്രം ഇതിഹാസത്തിന്റെ കസേര ക്ലിന്റിനായി വലിച്ചിട്ടു കൊടുത്തു. ഹാരിയുടെ "Go ahead, make my day" എന്ന ക്യാച്ച് ഫ്രേസ് അമേരിക്ക ഏറ്റെടുത്തു. അതേവർഷം തന്നെയാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധായകന്റെ കുപ്പായവും അണിഞ്ഞത്.



ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല പിന്നിലും 'ക്ലിന്റ് ഹീറോയാടാ' എന്ന് ആദ്യ ചിത്രമായ പ്ലേ മിസ്റ്റി ഫോർ മീയിൽ തന്നെ വിരുദ്ധരോട് അയാൾ വിളിച്ചുപറഞ്ഞു. ഡേവ് ഗാർവർ എന്ന മൃദുലമായ ശബ്ദമുള്ള ഒരു റേഡിയോ ഡിജെയാണ് ഈ സിനിമയിലെ നായകൻ. ക്ലിന്റ് ഈസ്റ്റ്‌വുഡ് തന്നെയാണ് ഈ വേഷം ചെയ്തിരിക്കുന്നത്. എല്ലാ രാത്രിയിലും ഒരു സ്ത്രീ ഡേവിന്റെ ഷോയിലേക്ക് വിളിച്ച് "മിസ്റ്റി" എന്ന ​ഗാനം പ്ലേ ചെയ്യാൻ അഭ്യർത്ഥിക്കുന്നു. അവർ ഒടുവിൽ കണ്ടുമുട്ടുകയും ഒരു ക്യാഷ്വൽ ഫ്ലിം​ഗിലേക്ക് എത്തുകയും ചെയ്യുന്നു. എന്നാൽ ഡേവിനോടുള്ള ഈ സ്ത്രീയുടെ പെരുമാറ്റം ഭ്രാന്തമായ ഒബ്സഷനാകുന്നു. ഇതാണ് കഥ. നിങ്ങൾ ആലോചിക്കണം, കൗബോയിയായി സ്ക്രീനിൽ വന്ന ഒരു മനുഷ്യന്റെ ആദ്യ ചിത്രമാണ്. മുൻവിധികളോടെ തിയേറ്ററിലെത്തിയ പ്രേക്ഷകർ, തങ്ങളുടെ ഹീറോയെ ശരിയാംവണ്ണം തങ്ങൾ മനസിലാക്കിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞു. അവിടുന്നങ്ങോട്ട് ക്ലിന്റ് ഈസ്റ്റ്വുഡ് സിനിമകൾക്കായുള്ള കാത്തിരിപ്പായിരുന്നു. ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി, മില്യൺ ഡോളർ ബേബി, സള്ളി, അമേരിക്കൻ സ്നൈപ്പ‍ർ, മിസ്റ്റിക് റിവർ എന്നിങ്ങനെ എണ്ണം പറഞ്ഞ 40 സിനിമകൾ സമ്മാനിച്ച് ആ ലെജൻഡ് പ്രേക്ഷകരുടെ കാത്തിരിപ്പിനോട് നീതി പുലർത്തി.


Also Read: VIDEO | റേയുടെ ആരാധകനായ ഹോളിവുഡ് സംവിധായകന്‍ ; ഫന്‍റാസ്റ്റിക് മിസ്റ്റർ ആന്‍ഡേഴ്സണ്‍


“When you have to shoot, shoot, don’t talk!”, 'ദ ​ഗുഡ്, ദ ബാഡ്, ദ അ​ഗ്ലി' എന്ന ചിത്രത്തിലെ ഈ ഡയലോ​ഗിന് ക്ലിന്റ് ഈസ്റ്റ്‌വുഡിന്‍റെ ഫിലിംമേക്കിങ്ങുമായി ഒരുപാട് ബന്ധമുണ്ട്. വളരെ മിനിമലിസ്റ്റിക്കായ സമീപനമാണ് അദ്ദേഹത്തിന് സിനിമയോടുള്ളത്. വളരെ നീണ്ട പ്രീ പ്രൊഡക്ഷനോ, റിഹേഴ്സലുകളോ ഉണ്ടാകില്ല. 30-40 ദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കും. ഓരോ സീനിലും ഒന്നോ രണ്ടോ ടേക്കുകളെ പോകാറുള്ളൂ. ഒരേ ചെറിയ ടീമിനൊപ്പമാണ് അദ്ദേഹം എപ്പോഴും പ്രവർത്തിക്കുന്നത്. ഇതൊക്കെ സമയവും പണവും ലാഭിക്കുന്നു. 50 മില്യൺ മുടക്കി ഇറക്കിയ ഹിയറാഫ്റ്ററാണ് അദ്ദേഹത്തിന്റെ ബി​ഗ് ബഡ്ജറ്റ് ചിത്രം. "അമിതമായി സംവിധാനം ചെയ്യാൻ നിൽക്കരുത്. അഭിനേതാക്കൾ അഭിനയിക്കട്ടെ. അങ്ങനെ പണം ലാഭിക്കുക" - അതാണ് ക്ലിന്റ് ഈസ്റ്റ്‌വുഡിന്‍റെ ഷൂട്ടിങ് ഫിലോസഫി.



വളരെ ശാന്തമായിരിക്കും ക്ലിന്റ് ഈസ്റ്റ്വുഡിന്റെ സെറ്റുകൾ. ആക്ഷൻ, കട്ട് നിലവിളികൾ പോലുമുണ്ടാകില്ല. “Whenever you’re ready,” എന്ന് പതുക്കെ പറയുക മാത്രം ചെയ്യും. ഇത്തരമൊരു അന്തരീക്ഷത്തിൽ അഭിനേതാക്കളിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കും എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. കൃത്യമായ സാഹചര്യം ഒരുക്കി ആദ്യ ടേക്കിൽ തന്നെ അഭിനേതാക്കളിൽ നിന്ന് മികച്ചത് പുറത്തെടുക്കാനാണ് ക്ലിന്റ് ശ്രമിക്കുക. അതുകൊണ്ട് തന്നെ കാസ്റ്റിങ്ങിന് അദ്ദേഹത്തിന്റെ സിനിമകളിൽ പ്രധാന്യം ഏറെയാണ്. ബാക്കി എല്ലാം അദ്ദേഹം ഉൾവിളികൾക്ക് വിട്ടുകൊടുക്കും. അതിതുവരെ തെറ്റിയിട്ടില്ല.പ്ലേ



"പ്ലേ മിസ്റ്റി ഫോർ മീ"യിൽ തുടങ്ങി ജൂറർ നമ്പർ 2 വരെയെത്തി നിൽക്കുന്ന ക്ലിന്റിന്റെ ഫിലിമോ​ഗ്രഫിയിൽ ഏത് സിനിമയെടുത്താൽ അദ്ദേഹത്തിന്റെ സിനിമാറ്റിക് സ്റ്റൈൽ പൂർണമായി മനസിലാക്കാൻ സാധിക്കും? ആരെയും കുഴയ്ക്കുന്ന ഒരു ചോദ്യമാണിത്. നാല് ഓസ്കാർ നേടിയ അൺഫോർ​ഗീവൺ നല്ലൊരു ഓപ്ഷനാണ്. സ്പ​ഗെറ്റി സിനിമയ്ക്കുള്ളിൽ ഒരു ക്ലിന്റ് ഈസ്റ്റ്വുഡ് ഡ്രാമ എന്ന കോംപിനേഷൻ തന്നെയാണ് ഈ സിനിമയുടെ പ്രധാന സവിശേഷത. പിന്നെ ഒട്ടുമിക്ക ക്ലിന്റ് ഈസ്റ്റ്‌വു കേന്ദ്രകഥാപാത്രങ്ങളുടെയും സത്ത സിനിമയിലെ നായകനായ വില്യം മണ്ണിയിൽ നമുക്ക് കാണാം.


ഈ സിനിമയിലൂടെ താൻ കൂടി ചേർന്ന് നിർമിച്ചെടുത്ത വെസ്റ്റേൺ സിനിമകളുടെ സ്വഭാവത്തെ ക്ലിന്‍റ് ഈസ്റ്റ്‌വുഡ് ഉടച്ചുവാർക്കുന്നു. വ്യക്തമായ നായകനോ വില്ലന്മാരോ ചിത്രത്തിൽ ഇല്ല. പിഴവുകളുള്ള, ധാർമ്മികമായി ഉഴറുന്ന "അൺഫോർ​ഗീവണിലെ" കഥാപാത്രങ്ങളെ ഒട്ടും ​ഗ്ലാമറസായിട്ടല്ല അദ്ദേഹം അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങൾ വൈകാരികമായും ശാരീരികമായും കഷ്ടപ്പെടുന്നു. ബൗണ്ടി ഹണ്ടിങ്ങിനെ പഴയ മാതൃകയിൽ മഹത്വവത്കരിച്ചല്ല ഈ സിനിമയിൽ കാണിച്ചിരിക്കുന്നത്. കൊലപാതകം ആവേശമല്ല മറിച്ച് അത് ആഘാതവും ആഴത്തിൽ അസ്വസ്ഥതയും ഉണ്ടാക്കുന്നുവെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു.



ഒരുകാലത്ത് ക്രൂരനായ കുറ്റവാളിയായിരുന്ന വില്യം മണ്ണി തന്റെ ഭാര്യയുടെ മരണ ശേഷം രണ്ട് മക്കളുമായി ഒരു ഫാമിൽ കഴിഞ്ഞുകൂടുകയാണ്. മൂക്കറ്റം വിസ്കി കുടിച്ച് അയാൾ ചെയ്ത ക്രൂരതകൾക്ക് കയ്യും കണക്കുമില്ല. ഭാര്യയാണ് അയാളെ മാറ്റിയെടുത്തത്. പെട്ടെന്നൊരു ദിവസം അയാളെ തേടി പഴയ ഒരു സ്നേഹിതന്റെ മകൻ എത്തുന്നു. ബി​ഗ് വിസ്കി എന്ന ടൗണിലെ ബൗണ്ടിയുടെ കാര്യം ധരിപ്പിക്കുന്നു. തോക്ക് തൊട്ടിട്ട് 12 വർഷമായ അയാളെ ഒപ്പം ക്ഷണിക്കുന്നു. ഇവിടെ നിന്നാണ് കഥ ആരംഭിക്കുന്നത്.


പണ്ടത്തെ വെസ്റ്റേണുകളുടെ ശൈലി അപ്പാടെ മാറുന്നത് ഈ സിനിമയിൽ കാണാം. ഈ സിനിമയിൽ സ്ത്രീകൾ ഇരകളല്ല. ഇവിടെ ബൗണ്ടി പ്രഖ്യാപിക്കുന്നത് ഒരുകൂട്ടം ലൈംഗിക തൊഴിലാളികളാണ്. ക്ലിന്റ് അവതരിപ്പിച്ച വില്യം മണ്ണിയുടെ കാര്യം എടുത്താലോ? അയാൾ തീർത്തും ദുർബലനാണ്. പ്രായവും മാനസാന്തരവും അയാളുടെ കൈവഴക്കത്തെ ബാധിച്ചു. മര്യാദയ്ക്ക് ഒരു കുതിരയെ ഓടിക്കാൻ പോലും അയാൾക്ക് സാധിക്കുന്നില്ല. ബി​ഗ് വിസ്കിയിൽ എത്തുന്ന മണ്ണിയെ അവിടുത്തെ ഷെരീഫ് ലിറ്റിൽ ബിൽ നല്ലപോലെ പെരുമാറി വിടുന്നുണ്ട്. ആ പാവം കിഴവനെ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് ബൗണ്ടി ഏർപ്പെടുത്തിയ സ്ത്രീകൾ ചോദിക്കുന്ന വിധം ക്രൂരമായിരുന്നു മർദനം. എന്നാൽ ക്ലൈമാക്സിനോട് അടുക്കുന്ന രം​ഗത്തിൽ ഇതേ ഇടത്തിൽ കഥ തിരിയുന്നു. തന്റെ സുഹൃത്തിന്റെ മരണ വാർത്ത അറിഞ്ഞ നിമിഷം, വിസ്കി ബോട്ടിൽ ചുണ്ടോട് അടുപ്പിച്ച ആ സെക്കൻഡിൽ 12 വർഷം കൊണ്ട് വീണ്ടെടുത്ത തന്നിലെ മനുഷ്യനെ അയാൾ ഉപേക്ഷിക്കുന്നു. “I’ve killed women and children... and I’m here to kill you, Little Bill," എന്ന ഡയലോ​ഗിൽ അയാൾ ചുറ്റുമുള്ളവരെ എല്ലാം ഭയപ്പെടുത്തുന്നു. കാണികളേയും.


Also Read: VIDEO | ക്ഷമിക്കൂ, ഈ ശബ്ദം സെന്‍‌സറിങ്ങിന് വഴങ്ങില്ല! ജാഫർ പനാഹിയുടെ സിനിമകളും പ്രതിരോധവും


ദസ്തയേവ്സ്കി കഥാപാത്രങ്ങളുടെ നിഴൽ എവിടെയൊക്കെയോ മണ്ണിയിൽ കാണാം. കുറ്റവും ശിക്ഷയും പേറിയാണ് അയാൾ ജീവിക്കുന്നത്. കഴിഞ്ഞുപോയ കാലം അയാളെ വേട്ടയാടുന്നു. ഇതേ വേട്ടയാടൽ, ചെയ്തത് ശരിയായിരുന്നോ എന്ന തോന്നൽ, മിക്കവാറും ക്ലിന്റ് ഈസ്റ്റ്‍വുഡ് കഥാപാത്രങ്ങളിലും കാണാം. അവർ അതിപ്രതാപ​ഗുണവാന്മാരല്ല. അവർ കഥാ​ഗതിയിൽ എവിടെയോ ആണ് തങ്ങളുടെ ശരിയും തെറ്റും കണ്ടെത്തുന്നത്. ഒരു തരത്തിൽ ഓരോ ക്ലിന്റ് ഈസ്റ്റ്‍വുഡ് പടവും പ്രേക്ഷകർക്കും ഒരു യാത്രയാണ്. തീവ്രമായ വൈകാരിക സഞ്ചാരം. അവസാന ചിത്രമായ ജൂറർ നമ്പർ 2വിൽ വരെ നമുക്ക് അത് കാണാം.



ജൂററിന്റെ പ്രിമിയറിന് ക്ലിന്റ് ഈസ്റ്റ്‌വുഡ് പങ്കെടുത്തിരുന്നില്ല. വയസായ ആ മനുഷ്യൻ കൂനിക്കൂടി റെഡ് കാർപ്പറ്റിലൂടെ നടന്നു വരുന്നത് പകർത്താൻ നിന്ന ക്യാമറാ കണ്ണുകളെ നിരാശരാക്കി അദ്ദേഹം വിട്ടുനിന്നു. ക്യാമറകൾക്ക് മുന്നിൽ താരങ്ങൾ ഒന്നൊന്നായി വന്നുപോകുമ്പോഴും, "വി ലവ് യു ക്ലിന്റ്", എന്ന് കാണികൾ വിളിച്ചുകൂവി. അദ്ദേഹം അസുഖബാധിതനാണ് എന്ന അഭ്യൂഹം വേ​ഗം പരന്നു. 94ന്റെ അവശതകൾ പാപ്പരാസി ​ഗോസിപ്പുകൾ മാത്രമാകില്ലല്ലോ? പങ്കാളിയായ ക്രിസ്റ്റീന സാൻഡെറയുടെ പെട്ടെന്നുള്ള മരണവും ഗാർഹിക പീഡനക്കുറ്റത്തിന് മകൾ ഫ്രാൻസെസ്ക അറസ്റ്റിലായതും അദ്ദേഹത്തിന്റെ ആരോഗ്യം വഷളാക്കിയിരുന്നു. എന്നാൽ അയാൾ വീണുപോകുമോ? ഇല്ല!



ഒക്ടോബർ 15ന് ക്ലിന്റിന്റെ ഒഫിഷ്യൽ എക്സ് പോസ്റ്റ് വന്നു. അതിങ്ങനെയാണ്..."ഞാൻ ജോലിയിലേക്ക് മടങ്ങുകയാണ്, എന്റെ മാൽപാസോയിലെ ഓഫീസിൽ സ്ക്രിപ്റ്റ് വായനയിലാണ്". ഒപ്പം ലെതർ ജാക്കറ്റിലുള്ള ഒരു ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തു. ഈ ചിത്രവും ഒപ്പമുള്ള ആ രണ്ട് വരിയും അടുത്തൂൺ പറ്റിയ ഒരു വൃദ്ധന്റേതല്ല. അയാളുടെ കയ്യിൽ ഒരു മാ​ഗ്നം .44 ഇല്ലെന്നെയൊള്ളൂ. അത് തലമുറകളെ ത്രസിപ്പിച്ച ആ പേരില്ലാ നായകൻ തന്നെയാണ്, ഡേർട്ടി ഹാരി തന്നെയാണ്, വില്യം മണ്ണി തന്നെയാണ്. അയാൾക്ക് ഉന്നം തെറ്റില്ല. NO ONE CAN STOP HIM.

KERALA
മുകൾ നില പൂർണമായും കത്തി നശിച്ചു; പുതിയ സ്റ്റാൻഡിൽ വൻ തീപിടിത്തം; കോഴിക്കോട് നഗരത്തിൽ ഗതാഗത, വൈദ്യുതി നിയന്ത്രണം
Also Read
user
Share This

Popular

KERALA
KERALA
ആളിക്കത്തിയത് ആശങ്കയുടെ അഞ്ചുമണിക്കൂറുകൾ; കോഴിക്കോട് പുതിയ സ്റ്റാൻഡിൽ പടർന്ന തീ നിയന്ത്രണ വിധേയം; വസ്ത്ര ഗോഡൗൺ കത്തിയമർന്നു