
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി മുന്നണികൾ. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഏഴ് മഹാറാലികൾ സംഘടിപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി. മറുപക്ഷത്ത്, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും ആർജെഡി നേതാവ് തേജസ്വി യാദവിനെയും പങ്കെടുപ്പിച്ച് വൻ പ്രചരണ റാലികൾക്ക് ഒരുങ്ങുകയാണ് ഇന്ത്യാ സഖ്യം.
ജാർഖണ്ഡിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നവംബർ 13നും രണ്ടാംഘട്ടം 20നുമാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഏഴ് പ്രചരണ റാലികളാണ് ബിജെപി സംസ്ഥാനത്ത് സംഘടിപ്പിക്കുക. നാല് പ്രചരണ റാലികൾ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും മൂന്ന് റാലികൾ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലുമാകും നടക്കുക.
ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ പ്രചരണ റാലി എന്‍ഡിഎയുടെ ശക്തി പ്രകടനമാക്കാനാണ് ബിജെപിയുടെ ശ്രമം. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ എജെഎസ്‌യു നേതാവ് സുദേഷ് മഹാതോ എന്നിവർ റാഞ്ചിയിലെ റാലിയിൽ മോദിക്കൊപ്പം പങ്കെടുക്കുമെന്നാണ് ബിജെപി നേതാക്കൾ നൽകുന്ന വിവരം.
എന്നാല്‍, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) വിട്ട് ബിജെപിയിലേക്കെത്തിയ മുന്‍ മുഖ്യമന്ത്രി ചംപയ് സോറനും കുടുംബത്തിനും അമിത പ്രാധാന്യം നല്‍കുന്നുവെന്നത് ബിജെപിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പല പ്രമുഖ നേതാക്കളും പാർട്ടി വിട്ടു. അതില്‍ പലരും പ്രധാന എതിർ കക്ഷിയായ ജെഎംഎമ്മിലാണ് ചേക്കേറുന്നത് എന്നതാണ് ബിജെപിയുടെ തലവേദന. വന്‍ പ്രചരണറാലിയിലൂടെ ഈ കോട്ടം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം.
ഇന്ത്യാ സഖ്യമാകട്ടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവരെ പ്രചരണ റാലികളിൽ ഒന്നിച്ച് അണിനിരത്താനാണ് ശ്രമിക്കുന്നത്. ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളും സംസ്ഥാനത്ത് ഇന്ത്യാ സഖ്യത്തിനായി പ്രചരണത്തിനെത്തിയേക്കും.
നവംബർ 20ന് തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും പ്രചരണരംഗം ചൂട് പിടിക്കുകയാണ്. മഹായുതിയിലേയും മഹാ വികാസ് അഘാഡിയിലേയും സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. കോൺഗ്രസ് 16 സ്ഥാനാർഥികളുടെ മൂന്നാംഘട്ട പട്ടികയാണ് ഒടുവിൽ പ്രഖ്യാപിച്ചത്. ഇതോടെ മത്സരരംഗത്തുള്ള ആകെ കോൺഗ്രസ് സ്ഥാനാർഥികളുടെ എണ്ണം 87 ആയി. 288 നിയോജക മണ്ഡലങ്ങളിലും സഖ്യത്തിന് ഒറ്റസ്ഥാനാർഥി മതിയെന്ന നിലപാടിലാണ് മഹാ വികാസ് അഘാഡിയിൽ ചർച്ചകള്‍ പുരോഗമിക്കുന്നത്.
സമാജ് വാദി പാർട്ടിയും ഇടത് പാർട്ടികളും ആം ആദ്മി പാർട്ടിയുമെല്ലാം മഹാ വികാസ് അഘാഡിയുടെ ഭാഗമാണെന്ന് കോൺഗ്രസ് നേതാക്കൾ പറയുമ്പോഴും, ഈ പാർട്ടികളുടെ സീറ്റുകളുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. വിദർഭ, നാസിക്, മുംബൈ മേഖലകളിലെ സീറ്റുകളിൽ ഇപ്പോഴും ചർച്ച തുടരുകയാണ്. മഹായുതിയിൽ തർക്കം അവശേഷിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ ഉടൻ തീരുമാനത്തിലെത്താനാണ് സഖ്യകക്ഷികളുടെ ശ്രമം.