വേടനെതിരെ ചില ഉദ്യോഗസ്ഥർക്ക് അമിത താൽപ്പര്യമുണ്ടെന്നും ഇത് ഒരിക്കലും അഭികാമ്യമല്ലെന്നും എംപി വ്യക്തമാക്കി
വേടൻ കഴുത്തിലിട്ടത് 'ആറ്റം ബോംബ് അല്ലല്ലോ' എന്ന് ജോൺ ബ്രിട്ടാസ് എംപി. എത്രയോ വീടുകളിൽ വന്യമൃഗങ്ങളുടെ ശരീരഭാഗം കൊണ്ടുള്ള കരകൗശല വസ്തുക്കൾ കാണുമെന്ന് ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു. വേടനെതിരെ ചില ഉദ്യോഗസ്ഥർക്ക് അമിത താൽപ്പര്യമുണ്ടെന്നും ഇത് ഒരിക്കലും അഭികാമ്യമല്ലെന്നും എംപി വ്യക്തമാക്കി.
വേടന്റെ അമ്മ ശ്രീലങ്കൻ വംശയാണെന്നും ആ ബന്ധം കേസിൽ ഉണ്ടെന്നുമുള്ള വനംവകുപ്പിന്‍റെ വാദങ്ങളേയും ജോൺ ബ്രിട്ടാസ് വിമർശിച്ചു. 'ശുദ്ധ തെമ്മാടിത്തവും അസംബന്ധവും' ആണിത് എന്നായിരുന്നു എംപിയുടെ അഭിപ്രായം. വംശീയ യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ പോലും ഇത്തരത്തിലുള്ള ഉദ്ഘോഷമുണ്ടാവില്ലെന്നും ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.
Also Read: സമൂഹത്തിൽ ഇരട്ടനീതി നിലനിൽക്കുന്നു, അറസ്റ്റ് കൊണ്ട് അത് ബോധ്യപ്പെട്ടു: വേടന്‍
പുലിപ്പല്ല് കേസിൽ ബുധനാഴ്ചാണ് പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വേടന് ജാമ്യം അനുവദിച്ചത്. തുടരന്വേഷണം നടക്കുന്നത് കൊണ്ട് ജാമ്യം അനുവദിക്കരുതെന്ന വനംവകുപ്പ് ആവശ്യം, കോടതി തള്ളുകയായിരുന്നു. കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്നായിരുന്നു പെരുമ്പാവൂർ കോടതിയുടെ കണ്ടെത്തൽ. നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ലെന്നും മാലയിലെ പുലിപ്പല്ല് യഥാർഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതിയുടെ ജാമ്യ ഉത്തരവിൽ പറയുന്നു.
ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
റാപ്പർ വേടനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിൻറെ സംഗീതശാഖ എനിക്കത്ര പരിചിതവുമല്ല. എന്നാൽ അദ്ദേഹത്തെ മുൻനിർത്തി സൃഷ്ടിക്കപ്പെട്ട വിവാദത്തെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെ. എന്നാൽ ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ല. വേടന്റെ കഴുത്തിൽ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടത്. ആറ്റംബോംബ് ഒന്നുമല്ലല്ലോ അത്. എത്രയോ പഴയ വീടുകളിൽ വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങൾ കൊണ്ട് ഉണ്ടാക്കിയ കരകൗശല വസ്തുക്കൾ ഉണ്ടാകും. ഇതിനേക്കാൾ എന്നെ അസ്വസ്ഥനാക്കിയത് മറ്റൊരു വാർത്താ ശകലമാണ്; “വേടന്റെ അമ്മ ശ്രീലങ്കൻ വംശജ, ആ കണക്ഷൻ കേസിൽ ഉണ്ടെന്ന് വനംവകുപ്പ്”. ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണ് ഇത്. വംശീയ യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ പോലും ഇത്തരത്തിലുള്ള ഉദ്ഘോഷമുണ്ടാവില്ല.
വന്യമൃഗങ്ങളുടെ ശല്യം കാരണം കേരളത്തിലെ പല ഭാഗങ്ങളിലും കൃഷി അസാധ്യമായിരിക്കുകയാണ്. കാട്ടുപന്നിയെയും കുരങ്ങനെയുമൊക്കെ ക്ഷുദ്രജീവികളാക്കണമെന്നാണ് കേരള സർക്കാരിന്റെ ആവശ്യം. എന്നാൽ ഇപ്പോഴും അടുക്കളയിൽ കയറി കറിച്ചട്ടി പൊക്കാൻ വെമ്പുന്ന ചില വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ട്. ഇത്തരത്തിലുള്ള അത്യുൽസാഹമൊന്നും കേരളസമൂഹം അംഗീകരിക്കുന്നില്ലെന്ന് അവർ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.