കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന് നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എന്നെയും വേദനിപ്പിച്ചു എന്നായിരുന്നു വേടന്റെ മറുപടി
പൊലീസ്- വനം വകുപ്പുകളുടെ നടപടിയെ വിമർശിച്ച് റാപ്പർ വേടൻ. സമൂഹത്തിൽ ഇരട്ടനീതി നിലനിൽക്കുന്നു എന്നതിൽ തർക്കമില്ല. നമ്മുടേത് വിവേചനമുള്ള സമൂഹമാണ്. എല്ലാവരും ഇവിടെ ഒരുപോലെയല്ലെന്നും തൻ്റെ അറസ്റ്റ് കൊണ്ട് ഇക്കാര്യം ബോധ്യപ്പെട്ടെന്നും വേടൻ പ്രതികരിച്ചു. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന് നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എന്നെയും വേദനിപ്പിച്ചു എന്നായിരുന്നു വേടന്റെ മറുപടി.
"ഞാൻ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ആളാണ്. സർക്കാർ വിൽക്കുന്ന മദ്യമാണ് ഞാൻ വാങ്ങി കുടിക്കുന്നത്. ഞാൻ അതുകൊണ്ട് ഒരു മോശം മനുഷ്യനാണോ എന്ന് എനിക്ക് അറിയില്ല," വേടൻ പറഞ്ഞു. തന്റെ ഇത്തരം ശീലങ്ങൾ ആരാധകർ ഏറ്റെടുക്കരുതെന്നും വേടൻ അറിയിച്ചു.
Also Read: പുലിപ്പല്ല് കേസ്: "വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമില്ല"; ജാമ്യ ഉത്തരവിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന്
പുലിപ്പല്ല് കേസിൽ ബുധനാഴ്ചാണ് പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വേടന് ജാമ്യം അനുവദിച്ചത്. തുടരന്വേഷണം നടക്കുന്നത് കൊണ്ട് ജാമ്യം അനുവദിക്കരുതെന്ന വനംവകുപ്പ് ആവശ്യം, പെരുമ്പവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്നായിരുന്നു പെരുമ്പാവൂർ കോടതിയുടെ കണ്ടെത്തൽ. നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ലെന്നും മാലയിലെ പുലിപ്പല്ല് യഥാർഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതിയുടെ ജാമ്യ ഉത്തരവിൽ പറയുന്നു.
Also Read: "വേടനോട് കാണിച്ചത് വലിയ അനീതി"; അറസ്റ്റിനെ വിമർശിച്ച് വനം വകുപ്പ് മുൻ മേധാവി
എന്നാൽ, കേസിൽ കൂടുതൽ പിടിമുറുക്കാനാണ് വനംവകുപ്പിൻ്റെ തീരുമാനം. വേടനെതിരെ കൂടുതൽ തെളിവ് ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് വനംവകുപ്പ് നിർദേശം നൽകി. വേടൻ്റെ മാനേജർ അടക്കമുള്ളവരെ ചോദ്യം ചെയ്യും. ലോക്കറ്റ് നൽകിയതായി വനംവകുപ്പ് പറയുന്ന രഞ്ജിത്ത് കുംബിഡിയെ കണ്ടെത്താനും നീക്കം തുടങ്ങി.
അതേസമയം, വേടന്റെ അറസ്റ്റിൽ വനംവകുപ്പിനെ സിപിഐഎം രൂക്ഷമായി വിമർശിച്ചു. വനംവകുപ്പ് നടപടി ഗൗരവപൂർവം പരിശോധിക്കണം. ഒരു ചെറുപ്പക്കാരനോട് സ്വീകരിക്കേണ്ട നിലപാട് ഇതല്ലെന്നും വേടന്റെ കലാവാസനയെ പ്രോത്സാഹിപ്പിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.