വിഷയത്തിൽ ബാര്‍ കൗണ്‍സില്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് യോഗം ചേരും
തിരുവനന്തപുരം വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ കേരള ബാര്‍ കൗണ്‍സില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിർദേശം. വിഷയത്തിൽ ബാര്‍ കൗണ്‍സില്‍ ഇന്ന് അടിയന്തര യോഗം ചേരും. വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം. സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസിനനെതിരായ അച്ചടക്ക നടപടിയാണ് യോഗം ചർച്ചചെയ്യുക.
അതേസമയം, പിരിച്ചുവിട്ടതിലുള്ള കാരണം അറിയാനാണ് വീണ്ടും ഓഫീസിലേക്ക് പോയതെന്നും സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസ് തന്നെ മർദിക്കുമെന്ന് വിചാരിച്ചില്ലെന്നും അഭിഭാഷക ശ്യാമിലി. വളരെയധികം ഇഷ്ടപ്പെട്ട പ്രൊഫഷനായതിനാലാണ് പിരിച്ചുവിട്ടതിലുള്ള കാരണം അറിയാനായി അവിടെ പോയതെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു.
"മർദനമേറ്റതിന്റെ വേദനയുണ്ട്. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. പൊലീസ് അന്വേഷണത്തിൽ അതൃപ്തിയുമില്ല. വളരെ നല്ലരീതിയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ബാർ കൗൺസിലിൽ ഇ-മെയിൽ വഴി പരാതി നൽകിയിട്ടുണ്ട്. ബാർ അസോസിയേഷനിൽ പരാതി നേരിട്ട് നൽകും. നിയമനടപടിയുമായി മുന്നോട്ട് പോകാണ് തീരുമാനമെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു.
മർദിക്കുമെന്ന് ഓഫീസിലുള്ള ആരും വിചാരിച്ചില്ല. സംഭവത്തിന് ശേഷം ബെയിലിനെ ഓഫീസിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്യണമെന്നായിരുന്നു എനിക്ക്. എന്നാൽ വക്കീൽ ഓഫീസിൽ നിന്നും ഒരു വക്കീലിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകാൻ സമ്മതിക്കില്ല എന്നായിരുന്നു ബാർ അസോസിയേഷന്റെ നിലപാട്. അസോസിയേഷൻ സെക്രട്ടറിയാണ് അത് പറഞ്ഞത്. അസോസിയേഷന്റെ തെരഞ്ഞെടുപ്പ് സമയത്ത് ബെയ്ലിൻ ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടാവാം അദ്ദേഹത്തെ സംരക്ഷിച്ചത് ശ്യാമിലി പറഞ്ഞു.
നിലവിൽ ബാർ അസോസിയേഷനിൽ നിന്നും വളരെയധികം സഹകരണം ഉണ്ട്. ബാർ അസോസിയേഷന്റെയും കൗൺസിലിന്റെയും ഭാഗത്തുനിന്നും കർശന നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന് ഇനി യൂണിഫോം ധരിക്കാൻ കഴിയാത്ത തരത്തിലുള്ള നടപടികൾ ഉണ്ടാകണമെന്നും ശ്യാമിലി പറഞ്ഞു.
ഓഫീസിലെ തർക്കത്തെ തുടർന്നാണ് പാറശാല സ്വദേശിയായ ജൂനിയർ അഭിഭാഷകയ്ക്ക് അതിക്രൂര മർദനമേറ്റത്. ഓഫീസിലെ ടൈപ്പിസ്റ്റിനെ ജൂനിയർ അഭിഭാഷക അപമാനിച്ചുവെന്ന് പറഞ്ഞായിരുന്നു മർദനം. സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ/ തടഞ്ഞുവയ്ക്കൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തി ബെയിലിനെതിരെ കേസെടുത്തിരുന്നു. പിന്നാലെ തിരുവനന്തപുരം ബാർ അസോസിയേഷനും ബെയിലിൻ ദാസിനെ സസ്‌പെൻഡ് ചെയ്തിരുന്നു.