ഒരാള്‍ നന്മ ചെയ്യാന്‍ ഒരുങ്ങിയാല്‍ അവരെ വേറെ എന്തെങ്കിലും കേസ് പറഞ്ഞ് ഒതുക്കും. പേരെടുത്തവന്റെ മേല്‍ കല്ലെറിഞ്ഞാലേ ആരെങ്കിലും എറിഞ്ഞെന്ന് അറിയൂ എന്നും ഗണേഷ് കുമാർ
സി.പി.എം നേതാവ് പി.കെ. ശശിയെ പുകഴ്ത്തി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പി.കെ. ശശിയെ പോലെ ഒരു സത്യസന്ധനെ താന്‍ വേറെ കണ്ടിട്ടില്ലെന്നും കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. പി.കെ. ശശി ഫണ്ട് തിരിമറി നടത്തിയെന്ന് കണ്ടെത്തിയ മണ്ണാര്‍ക്കാട്ടെ യൂണിവേഴ്‌സല്‍ കോളേജിലെ ഒരു പരിപാടിക്കിടെയായിരുന്നു പരാമര്‍ശം.
'ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ഏറ്റവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടമസ്ഥരായിരിക്കുന്ന ഒരു എജുക്കേഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് മണ്ണാര്‍ക്കാട് എജുക്കേഷന്‍ സൊസൈറ്റി എന്ന് പറയുന്നതില്‍ വളരെ സന്തോഷവും അഭിമാനവുമുണ്ട്. പി.കെ. ശശിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അദ്ദേഹം എന്റെ സഹോദരനാണ്,' കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
ALSO READ : റിബേഷ് നിരപരാധി, വർഗീയത പ്രചരിപ്പിച്ചത് യു ഡി എഫ്; കാഫിർ വിവാദത്തിൽ പ്രതികരണവുമായി കെ.കെ. ലതിക
കൂടപ്പിറപ്പിനേക്കാള്‍ ബന്ധമുള്ളയാളാണ്. വാക്കുകള്‍ കൊണ്ട് പറഞ്ഞാല്‍ തീരാത്ത അത്ര ആത്മബന്ധം തനിക്ക് പി.കെ. ശശിയോട് ഉണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ ഞങ്ങള്‍ വിളിക്കാറുണ്ട്. അടുത്തിടെ പുറത്തുവരുന്ന ചില വാര്‍ത്തകള്‍ തീര്‍ത്തും തള്ളിക്കളയേണ്ടതാണ്. കാരണം അദ്ദേഹത്തിനൊപ്പം അടുത്ത് നിന്ന് അദ്ദേഹവുമായുള്ള മനസ് പങ്കുവെച്ച ഒരാളെന്ന നിലയില്‍ ഇദ്ദേഹത്തെ പോലെ സത്യസന്ധനും സ്‌നേഹ നിധിയുമായ ഒരു മനുഷ്യനെ വേറെ കണ്ടിട്ടില്ല. രാഷ്ട്രീയം നോക്കാതെ ആരെയും സഹായിക്കുന്ന ആളാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഒരാള്‍ നന്മ ചെയ്യാന്‍ ഒരുങ്ങിയാല്‍ അവരെ വേറെ എന്തെങ്കിലും കേസ് പറഞ്ഞ് ഒതുക്കും. പേരെടുത്തവന്റെ മേല്‍ കല്ലെറിഞ്ഞാലേ ആരെങ്കിലും എറിഞ്ഞെന്ന് അറിയൂ. സത്യമേവ ജയതേ എന്ന് മുദ്രാവാക്യമുള്ള ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ഇവിടെ കള്ളം പറയുകയും അസത്യം പ്രവര്‍ത്തിക്കും ചെയ്താല്‍ മിടുക്കരാണെന്ന് പറയും. എന്നാല്‍ അത് താത്കാലികം മാത്രമാണ്. ഈ പ്രസ്ഥാനത്തെ വളര്‍ത്തിക്കൊണ്ടു വരാന്‍ മുന്നോട്ടു വരുന്ന പികെ ശശിയെ കരിവാരിത്തേക്കാനുള്ള ശ്രമത്തില്‍ സത്യമില്ല. അസത്യം പ്രവര്‍ത്തിക്കുന്നവന്‍ കരിഞ്ഞ് ചാമ്പലാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഫണ്ട് തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് പികെ ശശിയെ പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പികെ ശശിയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഗണേഷ് കുമാറിന്റെ പ്രസ്താവന.