സർക്കാർ മർക്കട മുഷ്ടി കാണിക്കുന്നതെന്തിന്, സ്പോട്ട് ബുക്കിങ് വേണം; ശബരിമലയിലെ ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ കെ. സുരേന്ദ്രന്‍

സർക്കാർ മർക്കട മുഷ്ടി കാണിക്കുന്നതെന്തിന്, സ്പോട്ട് ബുക്കിങ് വേണം; ശബരിമലയിലെ ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ കെ. സുരേന്ദ്രന്‍

ഒത്തുകളി പിണറായിയും സതീശനും തമ്മിലാണെന്നും, ആ പാപക്കറയിലും രക്തത്തിലും ബിജെപിക്ക് പങ്കില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു
Published on

ശബരിമല തീർഥാടനം അലങ്കോലമാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു എന്ന് സംശയമുള്ളതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്പോട്ട് ബുക്കിങ്ങിൽ നിലപാട് മാറ്റാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും സ്പോട്ട് ബുക്കിങ്ങിൽ സർക്കാർ മർക്കട മുഷ്ടി എന്തിന് കാണിക്കുന്നുവെന്നും കെ. സുരേന്ദ്രൻ വിമർശനം ഉന്നയിച്ചു.

തീർഥാടകർ പല രീതിയിലാണ് വരുന്നത്. കൃത്യസമയത്ത് ദർശനം നടത്തുന്നത് അസാധ്യമാണ്. ഓൺലൈൻ ബുക്കിങ്ങിനെ എതിർക്കുന്നില്ല. ഒരുലക്ഷത്തിലധികം ആളുകൾ നേരത്തെ ദർശനം നടത്തിയിട്ടുണ്ട്. സർക്കാർ ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല. ഒരുമാസം മാത്രമാണ് ഇനി തീർഥാടനതിനുള്ളത്. നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ ഒരു മുന്നൊരുക്കവുമില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ തികഞ്ഞ പരാജയമാണ്. മന്ത്രിക്ക് ഇതിനെക്കുറിച്ച് ധാരണയില്ല. അശാസ്ത്രീയ തീരുമാനമാണ്, സ്പോട്ട് ബുക്കിങ്ങ് വേണം.

ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ട്. നിയമസഭയിലെ അടിയന്തര പ്രമേയം ഒത്തുകളിയാണ്. പിണറായി, സതീശൻ എന്നിവർക്ക് ദുഷ്ടലാക്കാണ്. സർക്കാരിനെതിരെ ഗുരുതര വിഷയങ്ങൾ ഉണ്ടായിട്ടും ആർഎസ്എസ് കൂടിക്കാഴ്ചയാണ് പ്രമേയം. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വർണക്കടത്ത് എന്തുകൊണ്ട് ചർച്ച ആകുന്നില്ല. ഫോൺ ചോർത്തൽ എന്തുകൊണ്ട് സഭയിൽ ഉന്നയിക്കുന്നില്ല. എസ്‍സിഎസ്‍ടി അട്രോസിറ്റി ആക്ട് തനിക്കെതിരെ എടുക്കാൻ കഴിയില്ല. മഞ്ചേശ്വരം കേസിൽ ഗൂഢാലോചന നടന്നു. കോടതിയിൽ ഫൈറ്റ് ചെയ്താണ് താൻ കുറ്റവിമുക്തനായത്. സർക്കാരുമായി ഒരു ഒത്തുകളിയും ഇക്കാര്യത്തിൽ നടന്നിട്ടില്ല.



മലപ്പുറം വിഷയം ഇത്രവലിയ വിവാദമാക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യംവെച്ചാണ്. ലാവ്‌ലിൻ കേസ് തള്ളിയത് കോൺഗ്രസ് ഭരണകാലത്താണ്. കോൺഗ്രസ് പിണറായിക്ക് മുന്നിൽ മുട്ടുമടക്കിയെന്നും ഒത്തുകളി പിണറായിയും സതീശനും തമ്മിലാണെന്നും, ആ പാപക്കറയിലും രക്തത്തിലും ബിജെപിക്ക് പങ്കില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ശബരിമലയില്‍ 80,000 ത്തിന് മുകളിൽ ഭക്തർ എത്തിയാൽ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും തീർഥാടകരുടെ ക്ഷേമം മുൻനിർത്തിയാണ് തീരുമാനമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ശബരിമല ദർശനം ഓൺലൈൻ ബുക്കിംഗിലൂടെ മാത്രമായിരിക്കും സാധ്യമാവുക എന്നും മന്ത്രി ഉറപ്പിച്ചു പറഞ്ഞു.

News Malayalam 24x7
newsmalayalam.com