മുപ്പത്തി ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രയ്ലര്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്
ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന കമല്‍ ഹാസന്‍ - മണിരത്‌നം ചിത്രം തഗ് ലൈഫിന്റെ ട്രെയ്‌ലര്‍ ഇന്നലെയാണ് പുറത്തിറങ്ങിയത്. ട്രെയ്‌ലറിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചതെങ്കിലും ചലര്‍ വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്. കമല്‍ ഹാസന് ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്. ത്രിഷയും അഭിരാമിയുമാണ് ആ വേഷം ചെയ്യുന്നത്. ഇരുവരുമായുള്ള റൊമാന്റിക് സീനുകളും ട്രെയ്‌ലറിലുണ്ട്. അതിനെതിരെയാണിപ്പോള്‍ വിമര്‍ശനം ഉയര്‍ന്നുവരുന്നത്.
റെഡ്ഡിറ്റിലാണ് കൂടുതല്‍ വിമര്‍ശനങ്ങളും വന്നിരിക്കുന്നത്. താരങ്ങളുടെ പ്രായ വ്യത്യാസത്തെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. കമല്‍ ഹാസന്റെ തന്റെ 70കളിലാണെന്നും 40കളിലുള്ള നടിമാരുമായി പ്രണയ രംഗങ്ങള്‍ ചെയ്യുന്നത് വിചിത്രമാണെന്നുമാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ ഏറെയും.
"ഒരു പ്രായമായ ആള്‍ ചെറുപ്പക്കാരിയുമായി പ്രണയത്തിലാകുന്നത് പ്രശ്‌നമല്ല. അത് കൃത്യമായി പറഞ്ഞുവെക്കണമെന്ന് മാത്രം. പക്ഷെ പ്രായമായ ആള്‍ ചെറുപ്പക്കാരനായി അഭിനയിച്ച് പ്രണയരംഗം ചെയ്യുന്നത് വിചിത്രമാണ്", റെഡ്ഡിറ്റില്‍ ഇങ്ങനെയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ശ്രുതി ഹാസനേക്കാളും മൂന്ന് വയസ് മാത്രമെ തൃഷയ്ക്ക് കൂടുതലുള്ളൂ എന്നും കമന്റുകളുണ്ട്.
ALSO READ : "തലോടും താനേ കഥ തുടരും"; തിയേറ്ററില്‍ ആവേശമായ ആ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
എന്നാല്‍ ചിലര്‍ കമല്‍ ഹാസനെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. "ഈ പെയറിംഗില്‍ ഒരു തെറ്റുമില്ല. പ്രായമായൊരു ഗ്യാങ്സ്റ്റര്‍ ചെറുപ്പക്കാരിയായ ഒരു സ്ത്രീയുമായി പ്രണയത്തിലാണെന്നാണ് ട്രെയ്‌ലര്‍ കാണിക്കുന്നത്. പക്ഷെ തീര്‍ച്ചയായും അഭിരാമിയെ കിസ് ചെയ്യുന്ന സീന്‍ കുറച്ച് പ്രശ്‌നമാണ്. എന്നാലും അവരുടെ പ്രായവ്യത്യാസം കഥാപാത്രങ്ങളെന്ന നിലയില്‍ കുറവായിരിക്കും", എന്ന തരത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
അതേസമയം മുപ്പത്തി ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രയ്ലര്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.