'എന്‍റെ ഹീറോ, ജീവിതത്തിലുടനീളം അനുകരിക്കാന്‍ ശ്രമിച്ചയാള്‍'; രത്തന്‍ ടാറ്റയെ അനുസ്മരിച്ച് കമല്‍ഹാസന്‍

രാഷ്ട്രനിര്‍മാണത്തിലെ അദ്ദേഹത്തിന്‍റെ സംഭവനകള്‍ ആധുനിക ഇന്ത്യയുടെ കഥയില്‍ എക്കാലവും പതിഞ്ഞുകിടക്കുമെന്നും കമല്‍ ഹാസന്‍ അനുസ്മരിച്ചു
'എന്‍റെ ഹീറോ, ജീവിതത്തിലുടനീളം അനുകരിക്കാന്‍ ശ്രമിച്ചയാള്‍'; രത്തന്‍ ടാറ്റയെ അനുസ്മരിച്ച് കമല്‍ഹാസന്‍
Published on



അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്‍റെ മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് നടന്‍ കമല്‍ ഹാസന്‍. ജീവിതത്തിലുടനീളം രത്തന്‍ ടാറ്റയെ അനുകരിക്കാന്‍ ശ്രമിച്ചുണ്ടെന്നും രാഷ്ട്ര നിര്‍മാണത്തിലെ അദ്ദേഹത്തിന്‍റെ സംഭവനകള്‍ ആധുനിക ഇന്ത്യയുടെ കഥയില്‍ എക്കാലവും പതിഞ്ഞുകിടക്കുമെന്നും കമല്‍ ഹാസന്‍ അനുസ്മരിച്ചു. രത്തന്‍ ടാറ്റ രാജ്യത്തിന്‍റെ ദേശീയ നിധിയാണെന്നും എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കമല്‍ഹാസന്‍റെ പ്രതികരണം.

രത്തന്‍ ടാറ്റ എന്റെ ഹീറോ ആയിരുന്നു. ജീവിതത്തിലുടനീളം ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ചയാള്‍. രാഷ്ട്ര നിർമാണത്തിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ആധുനിക ഇന്ത്യയുടെ കഥയിൽ എക്കാലവും പതിഞ്ഞുകിടക്കും അദ്ദേഹം ഒരു ദേശീയ നിധിയാണ്.

അദ്ദേഹത്തിന്റെ യഥാര്‍ഥ സമ്പത്ത് ഭൗതികമായ സമ്പത്തല്ല, മറിച്ച് ധാര്‍മികതയും വിനയവും രാജ്യസ്‌നേഹവുമാണ്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം താജ് ഹോട്ടലില്‍ വെച്ച് അദ്ദേഹത്തെ കണ്ടിരുന്നു. രാജ്യം പ്രതിസന്ധിയിലായിരിക്കുന്ന ആ ഘട്ടത്തില്‍ അദ്ദേഹം തലയുയര്‍ത്തി നിന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ പുനർനിർമിക്കാനും കൂടുതൽ ശക്തമായി ഉയർന്നുവരാനുമുള്ള ഇന്ത്യയുടെ താത്പര്യത്തിന്റെ ആൾരൂപമായി. അദ്ദേഹത്തിൻ്റെ വിയോഗത്തില്‍ കുടുംബത്തിനും സുഹൃത്തുക്കൾക്കും ടാറ്റ ഗ്രൂപ്പിനും ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും എൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു- കമൽഹാസൻ കുറിച്ചു.

ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായി നീണ്ട 21 വര്‍ഷം പ്രവര്‍ത്തിച്ചിരുന്ന രത്തന്‍ ടാറ്റ ഇന്ത്യയിലെ തന്നെ ഏറ്റവും ജനുപ്രിയനായ വ്യവസായി എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. ബുധനാഴ്ച രാത്രി 11.30 യോടെയായിരുന്നു അദ്ദേഹം അന്തരിച്ചത്. 86 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മുബൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആയിരുന്നു വിയോഗം. ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിൽ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്സിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് വെർളിയിലെ പൊതു ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com