
ട്രംപ് വീണ്ടും യുഎസ് പ്രസിഡൻ്റായാൽ ഗർഭഛിദ്ര നിരോധന നിയമം പ്രാബല്യത്തിലാക്കുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി കമലഹാരിസ്. യുഎസിലെ 20 ഓളം സംസ്ഥാനങ്ങളില്‍ നിലവിൽ 'ട്രംപ് അബോർഷൻ പ്ലാന്‍' നിലനിൽക്കുന്നുണ്ട്. ബലാത്സംഗ കേസുകൾക്കു പോലും അതിൽ ഒരു ഇളവില്ല. ട്രംപ് വീണ്ടും അധികാരത്തിലെത്തിയാൽ ഗർഭഛിദ്ര നിരോധന നിയമം ഏകീകൃതമാക്കുമെന്നാണ് കമല പറയുന്നത്.
കമലക്ക് മറുപടിയായി ഗർഭഛിദ്ര നിരോധന നിയമത്തിൽ ഒപ്പിടില്ലെന്നും നിരോധിക്കാനായി കാരണങ്ങളൊന്നും ഇല്ലെന്നുമായിരുന്നു ട്രംപിൻ്റെ മറുപടി. എന്നാൽ ഗർഭഛിദ്രത്തിനായുള്ള നിയമസംരക്ഷണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ ട്രംപ് കള്ളം പറയുകയാണ് എന്നായിരുന്നു ഹാരിസിൻ്റെ ആരോപണം. പ്രത്യുൽപാദന അവകാശങ്ങളെക്കുറിച്ചുള്ള ട്രംപിൻ്റെ നയങ്ങൾ അമേരിക്കയിലെ സ്ത്രീകളെ അപമാനിക്കുന്നതിനു തുല്യമാണെന്നും ഹാരിസ് തിരിച്ചടിച്ചു. ഗർഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം അവസാനിപ്പിച്ചുകൊണ്ട് 2022 ലാണ് സുപ്രീംകോടതി നിയമം പാസാക്കിയതെന്നും കമല പറഞ്ഞു.
ഫിലാഡൽഫിയിൽ നടന്ന സംവാദത്തിൽ ഗർഭഛിദ്രവും, ട്രംപിനെതിരായ ക്രിമിനൽ കുറ്റങ്ങളും ഹാരിസ് ഉന്നയിച്ചപ്പോൾ അഭയാർഥി പ്രശ്നമാണ് തിരിച്ചടിക്കാൻ ട്രംപ് തെരഞ്ഞെടുത്തത്. ട്രംപിൻ്റെ മുൻകാല ഭരണത്തെയും ഹാരിസ് അപലപിച്ചു. മഹാമാന്ദ്യത്തിനു ശേഷം യുഎസിലുണ്ടായ ഏറ്റവും വലിയ തെഴിലില്ലായ്മയാണ് ട്രംപിൻ്റെ കാലത്ത് ഉണ്ടായത്. എന്നാൽ അതിനുശേഷം ഭരണത്തിലെത്തിയ തങ്ങളുടെ സർക്കാർ ഇതെല്ലാം പരിഹരിച്ചുവെന്നും ഹാരിസ് പറഞ്ഞു. ട്രംപിൻ്റെ കാലഘട്ടത്തിലുണ്ടായ പൊതുജനാരോഗ്യ പ്രശ്നങ്ങളും ഹാരിസ് ചൂണ്ടിക്കാട്ടി.