
കണ്ണൂർ കരിവെള്ളൂരിൽ നവവധുവിന്റെ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. കൊല്ലം സ്വദേശിനിയായ ആർച്ച എസ്. സുധിയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. വിവാഹ ദിവസം തന്നെയാണ് ഭർതൃവീട്ടിലെ അലമാരയിൽ സൂക്ഷിച്ച 30 പവൻ സ്വർണം മോഷണം പോയത്.
തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ആർച്ച മെയ് ഒന്നിനാണ് കരിവെള്ളൂർ സ്വദേശിയെ വിവാഹം ചെയ്തത്. കൊട്ടണച്ചേരി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് വധുവും സംഘവും വരൻ്റെ വീട്ടിലേക്ക് എത്തിയിരുന്നു. അവിടെ എത്തിയ ഉടൻ തന്നെ ആഭരണങ്ങൾ വീടിൻ്റെ മുകൾനിലയിലുള്ള റൂമിലെ അലമാരയിൽ സൂക്ഷിച്ച് വെച്ചിരുന്നു. പിന്നീട് രണ്ടാം തീയതി വൈകീട്ടോടു കൂടിയാണ് വീട്ടിലെത്തിയ ബന്ധുക്കളെ കാണിക്കാൻ ആഭരണം പുറത്തെടുക്കാൻ നോക്കിയപ്പോൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ആഭരണങ്ങൾ സൂക്ഷിച്ചിരുന്നു പെട്ടികളും കവറുകളുമെല്ലാം അതേപടി ഉണ്ടായിരുന്നു. എന്നാൽ, ആഭരണങ്ങൾ മാത്രം എടുത്തുകൊണ്ട് പോകുന്ന സാഹചര്യമാണ് ഉണ്ടായത്.
പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പരിശോധനയ്ക്കെത്തിയ നായ വീടിന് ചുറ്റും തന്നെ സഞ്ചരിക്കുകയാണ് ഉണ്ടായത്. നായ വീടിന് പുറത്തേക്ക് പോയിരുന്നില്ല. വിവാഹച്ചടങ്ങുകൾക്ക് എത്തിയ ആരെങ്കിലും ഇത്തരത്തിൽ കവർച്ച നടത്തിയോ എന്നും സംശയമുണ്ട്. വിവാഹച്ചടങ്ങകളുമായി ബന്ധപ്പെട്ട് പല ജോലികളുമുണ്ടായിരുന്നു. അതിന് എത്തിയ ആരെങ്കിലുമാണോ പിന്നിലെന്നും സംശയമുണ്ട്. വിശദമായ അന്വേഷണം തുടരുകയാണ്.