ട്രോളുകൾ ഇറക്കി മാനസികമായി തളർത്താൻ ശ്രമിച്ചാൽ അത് നടക്കില്ല
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ രാജീവ് ചന്ദ്രശേഖർ നേരത്തെ എത്തിയതിനെ തുടർന്നുണ്ടായ പരിഹാസങ്ങളിൽ മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നട്ടെല്ലുള്ള നേതാവാണ് ഞങ്ങളുടെതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. കാര്യങ്ങൾ പറയേണ്ടത് പോലെ പറയാൻ അറിയുന്ന നേതാവാണ്. പ്രസംഗിക്കാൻ വന്നതല്ല പ്രവർത്തിക്കാൻ വന്നതാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
പാസ് എടുത്ത് കാത്ത് നിന്നല്ല രാജീവ് ചന്ദ്രശേഖർ വന്നത്. തിരുമാനിക്കേണ്ടവർ തീരുമാനിച്ചതു കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിയുടെ വേദിയിലിരുന്നത്. ഗഡ്കരി കൊടുത്ത റോഡിൽ നിന്ന് സെൽഫി എടുത്ത് പോസ്റ്റ് ചെയ്യുകയാണ് റിയാസ്. നാണമുണ്ടോ റിയാസിനെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു. ട്രോളുകൾ ഇറക്കി മാനസികമായി തളർത്താൻ ശ്രമിച്ചാൽ അത് നടക്കില്ല. കുമ്മനത്തെ മെട്രോ ഉദ്ഘാടന വേളയിൽ പരിഹസിച്ചുവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിനെതിരായ പരിഹാസങ്ങളിൽ നേരത്തെ ബിജെപി നേതാവ് കെ. സുരേന്ദ്രനും പ്രതികരിച്ചിരുന്നു. രാജീവ് ചന്ദ്രശേഖർ പങ്കെടുത്തത് സംസ്ഥാന സർക്കാരിൻ്റെ ഔദാര്യത്തിലല്ല. രാജീവ് ചന്ദ്രശേഖറിനെ ട്രോളിയത് പോലെ മറ്റുള്ളവരെ ട്രോളിയില്ല. ബിജെപിക്ക് ഏത് അധ്യക്ഷൻ വന്നാലും ഈ സമീപനമാണ് ചില മാധ്യമങ്ങൾ സ്വീകരിക്കുന്നത്. രാജീവ് ഒരു മുദ്രാവാക്യവും വിളിച്ചിട്ടില്ല. ഭാരത് മാതാ കീ ജയ് എന്നാണ് രാജീവ് വിളിച്ചതെന്നും കെ. സുരേന്ദ്രൻ പ്രതികരിച്ചു.
കെ. സുധാകരൻ എന്തെല്ലാം വിഡ്ഢിത്തം പറഞ്ഞാലും അദ്ദേഹത്തെ ആരും കളിയാക്കില്ല. കേന്ദ്ര ഗവൺമെൻ്റ് നിശ്ചിയിച്ച ഗസ്റ്റുകളെ പോലെ സംസ്ഥാന ഗവൺമെൻ്റിനും ആളുകളെ നിശ്ചയിക്കാം. മുഖ്യമന്ത്രിയുടെ മരുമകനായത് കൊണ്ട് ഒരാളെ വേദിയിൽ ഇരുത്താനാവില്ല. അദ്ദേഹം പരാതി പറയേണ്ടത് അമ്മായി അച്ഛനോടാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിൽ ഉമ്മൻ ചാണ്ടിക്ക് പങ്കില്ല എന്ന് തങ്ങൾ പറയില്ല. യുഡിഎഫ് പരിപാടിയിൽ നിന്ന് വിട്ടു നിന്നത് ആത്മഹത്യാപരമായ തീരുമാനമാണ്. വി.ഡി സതീശനെ പോലെ തലയിൽ ആളില്ലാത്ത ഒരാളായത് കൊണ്ടാണ് ചടങ്ങ് ബഹിഷ്കരിച്ചതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.