മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ വേഗത്തില്‍ പരിഹാരം കണ്ടെത്തണമെന്ന് എസ്‌വൈഎസ്. വഖഫ് സംരക്ഷണ സമിതിയുമായി വിഷയം സംസാരിച്ചതായും എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി. അബ്ദുള്‍ ഹക്കിം അസ്ഹരി പറഞ്ഞു. ഇതൊരു സാമൂഹിക പ്രശ്‌നമായി മാറരുത്. മതപണ്ഡിതരുമായി ചര്‍ച്ച ചെയ്ത് വിഷയം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം വിഷയം എന്ത് കാരണവശാലും മതങ്ങള്‍ തമ്മിലുള്ള പ്രശ്‌നമല്ല. സ്വത്തിന് വേണ്ടിയുള്ള അവകാശ തര്‍ക്കം മാത്രമാണ്. സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചതില്‍ സന്തോഷമുണ്ടെന്നും അസ്ഹരി പ്രതികരിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് ഉടന്‍ അത് വഖഫ് ഭൂമിയാണോ അല്ലയോ എന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വഖഫ് വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കി മുനമ്പം നിവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. വഖഫ് ആക്ടിന്റെ പ്രതീകാത്മക രൂപം കടലില്‍ താഴ്ത്തിയായിരുന്നു പ്രദേശവാസികള്‍ കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയത്. റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നത് വരെ സമരം തുടരുമെന്നാണ് ഭൂസംരക്ഷണ സമിതി അറിയിക്കുന്നത്. വേളാങ്കണ്ണി മാതാ പള്ളിയില്‍ നിന്നും പ്രതിഷേധ റാലിയായിട്ടാണ് മുനമ്പം നിവാസികള്‍ കടല്‍ക്കരയിലേക്ക് എത്തിയത്.
വഖഫ് നിയമത്തിലെ വിവിധ വകുപ്പുകള്‍ എഴുതിച്ചേര്‍ത്ത പ്രതീകാത്മക കോലം കടലില്‍ കെട്ടിത്താഴ്ത്തിയായിരുന്നു മുനമ്പം നിവാസികള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. തങ്ങള്‍ താമസിക്കുന്ന ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിക്കുക എന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. രേഖകളുള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രി സമരക്കാരുമായി നടത്തിയ യോഗത്തില്‍ വ്യക്തമാക്കിയത്. താമസക്കാരുടെ എല്ലാ ആശങ്കകളും ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിക്കാനുള്ള അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുമായുള്ള യോഗത്തില്‍ പ്രതീക്ഷ ഉണ്ടെങ്കിലും ഭൂമി പ്രശ്‌നത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടാകുന്നതുവരെ വ്യത്യസ്തവും സമാധാനപരവുമായ സമര രീതികളുമായി മുന്നോട്ടുപോകാനാണ് സമര സമിതിയുടെ തീരുമാനം. സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനെ സമരക്കാര്‍ ആദ്യം എതിര്‍ത്തത് പെട്ടെന്നുണ്ടായ വികാരം മൂലമാണെന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പി.രാജീവ് പ്രതികരിച്ചിരുന്നു.
അതേസമയം സമരസമിതി നടത്തുന്ന റിലേ നിരാഹാര സമരം 43-ാം ദിവസത്തിലേക്ക് കടന്നു. സമരം തുടരുമെങ്കിലും ജുഡീഷ്യല്‍ കമ്മീഷനോട് സഹകരിക്കാനാണ് സമരസമിതിയുടെ തീരുമാനം. മുഖ്യമന്ത്രിയോട് നേരിട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ഉണ്ടാകണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ കമ്മീഷനോട് മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. കമ്മീഷന്റെ ശുപാര്‍ശ പരിശോധിച്ച ശേഷമാകും സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ ഉണ്ടാവുക.