കർഷകർക്കെതിരായ നീക്കത്തിൽ മുന്നോട്ടുപോയാൽ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി എടുക്കുകയെന്ന് കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി
വഖഫ് ഭൂമി തർക്കത്തിൽ കർഷകർക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ താക്കീതുമായി കർണാടക സർക്കാർ. വഖഫ് ഭൂ രേഖകളുടെ പരിധിയിൽ വരുന്നതായി തർക്കമുള്ള കൃഷിഭൂമി ഒഴിയാൻ നോട്ടീസ് നൽകിയ റവന്യൂ വകുപ്പ് നടപടിയാണ് കർണാടക സർക്കാർ മരവിപ്പിച്ചത്. കർഷകർക്കെതിരായ നീക്കത്തിൽ മുന്നോട്ടുപോയാൽ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി എടുക്കുകയെന്ന് കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി. കർഷകർക്ക് കൃഷി ചെയ്യാനുള്ള സാഹചര്യം നിഷേധിക്കപ്പെടരുതെന്നും സിദ്ധരാമയ്യ പറഞ്ഞു. കർഷകരെ ദ്രോഹിക്കുന്ന നിലപാട് എടുക്കരുതെന്ന് മുഖ്യമന്ത്രി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ALSO READ: വഖഫ് രാജ്യത്തെ പ്രധാന പ്രശ്നം; സന്ദീപ് വിഷയത്തിൽ മറുപടിയില്ലെന്ന് പ്രകാശ് ജാവ്ദേക്കർ
ഇതുസംബന്ധിച്ച് റീജിയണൽ കമ്മീഷണർമാർക്കും ഡെപ്യൂട്ടി കമ്മീഷണർമാർക്കും ഉത്തരവ് കൈമാറി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. കർണാടകയിലെ വിജയപുരയിൽ വഖഫ് ഭൂമിയെന്ന് കാണിച്ച് 423 കർഷകർക്ക് സ്ഥലം ഒഴിയാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. കർണാടക വഖഫ് ബോർഡിന് അനുകൂലമായി ഭൂരേഖകളിൽ മാറ്റം വരുത്തിയെന്ന പരാതിയും ഉയർന്നു. വിഷയത്തിൽ ബിജെപി ഇടപെടുകയും സംഭവം രാഷ്ട്രീയ വിവാദമാവുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. കർഷകർക്കും ഭൂവുടമകൾക്കും അയച്ച നോട്ടീസുകൾ അടിയന്തരമായി റദ്ദാക്കാനാണ് നിർദേശം. സംസ്ഥാനത്ത് മൂന്നിടത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് സർക്കാരിന്റെ തിരക്കിട്ട നടപടി.
ALSO READ: സുരേഷ് ഗോപിയുടെ വഖഫ് പരാമർശം; അജ്ഞത കൊണ്ടെന്ന് സാദിഖലി തങ്ങള്‍, പൊലീസിൽ പരാതി നൽകി കോൺഗ്രസ്
മുഖ്യമന്ത്രിയുടെ ഇടപെടലോടെ വിവാദ വിഷയം അവസാനിക്കുമെന്നാണ് സർക്കാർ കരുതുന്നത്. ഒഴിപ്പിക്കൽ നോട്ടീസിനെ തുടർന്ന് ഒരു കർഷകൻ വിജയനഗറിൽ ആത്മഹത്യ ചെയ്തുവെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് കടബാധ്യതയെ തുടർന്നാണെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. തുടർന്ന് തേജ്സ്വിക്കെതിരെ കർണാടക പൊലിസ് കേസെടുത്തു. വഖഫ് വിഷയം രാഷ്ട്രീയമായി ബിജെപി ഉയർത്തുകയും ജെപിസി അധ്യക്ഷൻ ജഗദാംബിക പാൽ കർഷകരെ കാണുകയും പരാതികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കർണാടക സർക്കാർ ഇടപെടൽ.