ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതാണ് ബന്ധു കൂടിയായ ആദിശേഖറിനെ കൊലപ്പെടുത്താൻ കാരണം
തിരുവനന്തപുരം കാട്ടാക്കടയിൽ 15കാരൻ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പൂവച്ചൽ സ്വദേശി പ്രിയരഞ്ജൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തിരുവനന്തപുരം വഞ്ചിയൂർ കോടതിയുടേതാണ് വിധി. ഐപിസി 302 വകുപ്പ് പ്രകാരം പൂവച്ചൽ സ്വദേശിയായ പ്രിയരഞ്ജൻ കുറ്റക്കാരനെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.
ALSO READ: എ. രാജയ്ക്ക് ആശ്വാസം, ദേവികുളത്തെ എംഎൽഎ ആയി തുടരാം; തെരഞ്ഞെടുപ്പ് വിജയം ശരിവെച്ച് സുപ്രീം കോടതി
2023 ആഗസ്റ്റ് 30നാണ് പ്രതി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയത്. പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതാണ് ബന്ധു കൂടിയായ ആദിശേഖറിനെ കൊലപ്പെടുത്താൻ കാരണം. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പ്രതിയുടെ ശിക്ഷാവിധി ഇന്ന് 2.30ന് കോടതി പുറപ്പെടുവിക്കും.
"പ്രിയരഞ്ജൻ എൻ്റെ കുഞ്ഞിനെ ഉപദ്രവിക്കുന്നത് എൻ്റെ കുഞ്ഞമ്മ കണ്ടിട്ടുണ്ട്. അതാണ് കൊലപാതകമെന്ന് തെളിയാൻ കാരണം. കാർ ഇടിച്ചുണ്ടായ അപകടമാണെങ്കിൽ പ്രതി ഒളിവിൽ പോകേണ്ട കാര്യമില്ലല്ലോ. 13 ദിവസമാണ് തമിഴ്നാട്ടിൽ പ്രതി ഒളിവിൽ കഴിഞ്ഞത്. അപകടം നടന്ന സമയത്ത് പ്രതി വാഹനം റോഡിന് കുറുകെയിട്ട് രക്ഷാപ്രവർത്തനം തടസപ്പെടുത്തിയിരുന്നു.ആശുപത്രിയിലെത്തി കുട്ടി മരിച്ചെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് പ്രതി വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. ക്രൂര മനസ് ഉള്ളവർക്ക് മാത്രമേ, ഇത്ര നിസാര കാര്യത്തിന് വിദ്വേഷം മനസിൽ വെച്ച് നടക്കാൻ സാധിക്കുകയുള്ളൂ" ,ആദിശേഖറിൻ്റെ പിതാവ് ന്യൂസ് മലയാളത്തോട് പറഞ്ഞു.