മഞ്ഞപ്പട അവതരിച്ചു; തനിനാടന്‍ ലുക്കില്‍ ടീം അംഗങ്ങളെ പരിചയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്

മഞ്ഞപ്പട അവതരിച്ചു; തനിനാടന്‍ ലുക്കില്‍ ടീം അംഗങ്ങളെ പരിചയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്

സെപ്റ്റംബർ 15ന്, തിരുവോണ ദിവസം കലൂർ ജവഹർ ലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയെ നേരിടും
Published on

ഐഎസ്എൽ പതിനൊന്നാം സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ ഔദ്യോഗികമായി അവതരിപ്പിച്ചു. കൊച്ചി ലുലു മാളില്‍ നടന്ന മീറ്റ് ദ് ബ്ലാസ്റ്റേഴ്‌സ് പരിപാടിയില്‍ താരങ്ങള്‍ ആരാധകരുമായി സംവദിച്ചു. പരിശീലകൻ മിഖായേല്‍ സ്റ്റാറേക്കും താരങ്ങൾക്കും ആവേശോജ്ജ്വല സ്വീകരണമാണ് ആരാധകർ നൽകിയത്. വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റൻ അഡ്രിയൻ ലൂണ ചടങ്ങിൽ പങ്കെടുത്തില്ല.


ലൂണ ഒഴികെ 25 താരങ്ങളും പരിപാടിയില്‍ പങ്കെടുത്തു. കേരളത്തിന്‍റെ തനതു ശൈലിയിൽ മുണ്ടുടുത്താണ് താരങ്ങളും പരിശീലകരും എത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും അധികം ആരാധകരുള്ള ടീമിന്‍റെ കോച്ച് ആകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ആരാധകരുടെ പ്രതീക്ഷക്കൊത്തവണ്ണം ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ഉയരുമെന്നും മിഖായേല്‍ സ്റ്റാറേ പറഞ്ഞു.


പരിപാടിയില്‍ ബ്ലാസ്റ്റേഴ്സിന്‍റെ സ്റ്റേഡിയം ജഴ്സി പുറത്തിറക്കി. റെയോർ സ്പോർട്സ് സിഇ‌ഒ ആന്‍ഡ് മാനേജിങ് ഡയറക്ടർ ഭാഗേഷാണ് ജഴ്സി പ്രകാശനം ചെയ്തത്. താരങ്ങള്‍ ആരാധകർക്കിടയിലേക്ക് ജഴ്സി വലിച്ചെറിഞ്ഞ് ആവേശം ഇരട്ടിപ്പിച്ചു. 175 രൂപയാണ് ജഴ്സിയുടെ വില. ആദ്യ ഘട്ടത്തില്‍ സ്റ്റേഡിയത്തില്‍ നിന്നും പിന്നീട് ഓണ്‍ലൈനായും ജഴ്സി ലഭ്യമാകും.


നേരത്തെ ഡ്യൂറൻഡ് കപ്പിനും കൊൽക്കത്തയിലെ പരിശീലനത്തിനും ശേഷം കൊച്ചി വിമാനത്താവളത്തിൽ തിരികെയെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ആവേശകരമായ സ്വീകരണമാണ് ആരാധകർ നൽകിയത്. ഇത്തവണ കിരീടം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് മത്തപ്പട.  സെപ്റ്റംബർ 15ന്, തിരുവോണ ദിവസം കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയെ നേരിടും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം

അഡ്രിയൻ ലൂണ (ക്യാപ്റ്റൻ), സച്ചിൻ സുരേഷ്, നോറ ഫെർണാണ്ടസ്, സോം കുമാർ (ഗോൾ കീപ്പർമാർ). മിലോസ് ഡ്രിൻസിച് (വൈസ് ക്യാപ്റ്റൻ), അലക്സാണ്ടർ കോയഫ്, പ്രീതം കോട്ടാൽ, ഹോർമിപാം, സന്ദീപ് സിങ്, നവോച്ച സിങ്, ഐബൻഭ ധോലിങ്, മുഹമ്മദ് സഹീഫ് (പ്രതിരോധം), ഫ്രെഡി ലാലൻമാവിയ, വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, യൊഹൻബ മെയ്തേയ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് അയ്മൻ, ബ്രെയ്സ് മിറാൻഡ, സൗരവ് മണ്ഡൽ, നോവ സദൂയി (മധ്യനിര), ആർ.ലാൽത്തൻമാവിയ, കെ.പി.രാഹുൽ‌, ഇഷാൻ പണ്ഡിത, ക്വാമെ പെപ്ര, ജെസുസ് ഹിമിനെ (മുന്നേറ്റ നിര).

News Malayalam 24x7
newsmalayalam.com