ഐപിഎല്ലിലെ വെടിക്കെട്ട് വീരൻ മുൻ വിൻഡീസ് താരം കീറൺ പൊള്ളാർഡാണ് പട്ടികയിലെ രണ്ടാമൻ
അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമല്ലെങ്കിലും, നിലവിൽ പ്രാദേശിക ലീഗ് മത്സരങ്ങളിലൊക്കെയായി ടി20 ക്രിക്കറ്റിൽ സജീവമായി തുടരുന്ന ബാറ്റർമാരിൽ റൺവേട്ടയിൽ മുന്നിലുള്ളത് ഒരു പാകിസ്ഥാൻ താരമാണ്. പട്ടികയിൽ ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്ലിക്ക് പോലും നാലാമതാണ് സ്ഥാനം.
1. ഷോയിബ് മാലിക്
പാകിസ്ഥാൻ്റെ മുൻ മധ്യനിര ബാറ്റർ ഷോയിബ് മാലിക്കാണ് ലിസ്റ്റിലെ ടോപ്പർ. കരിയറിലാകെ 503 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 13,360 റൺസാണ് നേടിയിരിക്കുന്നത്. 42കാരനായ മാലിക് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടില്ലെങ്കിലും, 2021 നവംബർ മുതൽ പാകിസ്ഥാന് വേണ്ടി കളിച്ചിട്ടില്ല. ആഭ്യന്തര ടി20 ക്രിക്കറ്റ് ടൂർണമെൻ്റുകളിൽ അദ്ദേഹം ഇപ്പോഴും സജീവമാണ്.
2. കീറൺ പൊള്ളാർഡ്
ഐപിഎല്ലിലെ വെടിക്കെട്ട് വീരൻ മുൻ വിൻഡീസ് താരം കീറൺ പൊള്ളാർഡാണ് പട്ടികയിലെ രണ്ടാമൻ. 602 മത്സരങ്ങളിൽ നിന്നായി 13,151 റൺസാണ് മുൻ മുംബൈ ഇന്ത്യൻസ് ഫിനിഷർ സ്വന്തമാക്കിയിട്ടുള്ളത്. കരീബിയൻ പ്രീമിയർ ലീഗിന് ഒടുവിൽ മാലിക്കിനെ മറികടക്കാൻ 103 റൺസ് കൂടിയാണ് പൊള്ളാർഡിന് വേണ്ടത്.
READ MORE: "ബൈ.. ബൈ.. മോയിൻ അലി"; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഓൾറൗണ്ടർ
3. അലക്സ് ഹെയ്ൽസ്
മൂന്നാം സ്ഥാനത്ത് ഇംഗ്ലീഷ് ബാറ്റർ അലക്സ് ഹെയ്ൽസാണ് ഉള്ളത്. 471 മത്സരങ്ങളിൽ നിന്ന് 12,987 റൺസാണ് ഇംഗ്ലീഷ് പവർ ഹിറ്ററുടെ സമ്പാദ്യം.
4. വിരാട് കോഹ്ലി
382 മത്സരങ്ങൾ കളിച്ചിട്ടുള്ള ഇന്ത്യൻ ലെജൻഡ് വിരാട് കോഹ്ലിയാണ് ആദ്യ അഞ്ച് പേരുടെ പട്ടികയിലുള്ള ഏക ഇന്ത്യൻ താരം. 12,886 റൺസാണ് കോഹ്ലി ഇതുവരെ നേടിയത്. ലോകകപ്പ് കിരീട നേട്ടത്തോടെ, അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഐപിഎല്ലിൽ കോഹ്ലി തുടർന്നും കളിക്കുമെന്നാണ് റിപ്പോർട്ട്.
READ MORE: ക്ലച്ച് 'GOAT' പുനരവതരിച്ചു; സ്കോട്ടിഷ് ഫ്രൈ ഒരുക്കി രണ്ടാം ജയത്തോടെ പറങ്കിപ്പട മുന്നോട്ട്
5. ഡേവിഡ് വാർണർ
അഞ്ചാം സ്ഥാനത്ത് ഓസ്ട്രേലിയൻ മുൻ ഓപ്പണർ ഡേവിഡ് വാർണറുണ്ട്. 384 മാച്ചുകളിൽ നിന്ന് 12,411 റൺസാണ് വാർണറുടെ സമ്പാദ്യം. നിലവിൽ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിൻ്റേയും, ടി20 ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടറിൻ്റെയും കളിക്കാരനാണ്.