കൂടുവിട്ട് കൂടുമാറ്റങ്ങളും അപ്രതീക്ഷിതവും അതിസാഹസികവുമായ പൊളിറ്റിക്കല്‍ ട്വിസ്റ്റുകളുമായിരുന്നു പ്രചരണകാലത്തുടനീളം. വിധിദിനത്തിലും നിര്‍ണായകവും നാടകീയവുമായ നിമിഷങ്ങളുണ്ടായേക്കാം.
കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ കൈ നിറഞ്ഞത് യുഡിഎഫിന്. വയനാട്ടില്‍ പ്രതീക്ഷിച്ചതു പോലെ പ്രിയങ്ക ഗാന്ധിക്ക് വെല്ലുവിളിയാകാന്‍ മറ്റ് മുന്നണികള്‍ക്ക് കഴിഞ്ഞില്ല. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ അതിവേഗം ബഹുദൂരം എന്ന നിലയിലായിരുന്നു പ്രിയങ്ക. 2024 ല്‍ രാഹുല്‍ ഗാന്ധി നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷം പ്രിയങ്ക സ്വന്തമാക്കി. 3,65,000 ആണ് പ്രിയങ്കയുടെ ഭൂരിപക്ഷം
Also Read: ഇന്ദിരയുടെ പേരക്കുട്ടി, കോൺഗ്രസിൻ്റെ 'കോൺഫിഡൻസ്'; തെരഞ്ഞെടുപ്പ് ഗോദയിലേക്കുള്ള പ്രിയങ്കയുടെ യാത്ര
കേരളം ഉറ്റുനോക്കിയ പാലക്കാട് കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നു പോരാട്ടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചു. 13ാം റൗണ്ട് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ രാഹുലിന്റെ ലീഡ് 20000 കടന്നു. കോണ്‍ഗ്രസില്‍ നിന്ന് ഇടഞ്ഞ് ഇടത് പാളയത്തിലെത്തി സ്ഥാനാര്‍ഥിയായ സരിന് വലിയ ചലനം സൃഷ്ടിക്കാനായില്ല. ബിജെപി സ്ഥാനാര്‍ഥി കൃഷ്ണ കുമാര്‍ രണ്ടാം സ്ഥാനത്തായി.
പ്രതീക്ഷിച്ചതു പോലെ ചേലക്കര ഇടതുപക്ഷത്തെ കൈവിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപ് മിന്നുന്ന വിജയമാണ് ചേലക്കരയില്‍ സ്വന്തമാക്കിയത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ തന്നെ യു.ആര്‍. പ്രദീപ് മുന്നിലായിരുന്നു. 12,122 വോട്ടുകള്‍ക്കാണ് യു. ആര്‍. പ്രദീപിന്റെ വിജയം.