വെടിക്കെട്ട് ആനകളെ അസ്വസ്ഥപ്പെടുത്തുന്നുവെങ്കില്‍ എന്തിന് അവിടേക്ക് കൊണ്ടുപോകുന്നു: ഹൈക്കോടതി

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞത് പടക്കം പൊട്ടിയപ്പോള്‍ പേടിച്ചാകാമെന്ന് ഗുരുവായൂര്‍ ദേവസ്വം
വെടിക്കെട്ട് ആനകളെ അസ്വസ്ഥപ്പെടുത്തുന്നുവെങ്കില്‍ എന്തിന് അവിടേക്ക് കൊണ്ടുപോകുന്നു: ഹൈക്കോടതി
Published on

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞത് പടക്കം പൊട്ടിയപ്പോള്‍ പേടിച്ചാകാമെന്ന് ഗുരുവായൂര്‍ ദേവസ്വം. ഹൈക്കോടതിയിലാണ് ഗുരുവായൂര്‍ ദേവസ്വം വിശദീകരണം നല്‍കിയത്. വെടിക്കെട്ട് ആനളെ അസ്വസ്ഥപ്പെടുത്തുന്നുവെങ്കില്‍ എന്തിന് അവിടേക്ക് കൊണ്ടുപോകുന്നുവെന്ന് കോടതി ചോദിച്ചു.

ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളെ ആനക്കോട്ടക്ക് പുറത്തേക്ക് എന്തിന് കൊണ്ടുപോകുന്നുവെന്നായിരുന്നു കോടതിയുടെ ചോദ്യം. എഴുന്നള്ളിപ്പുകള്‍ക്ക് കൊണ്ടുപോകുമ്പോള്‍ ആനകളുടെ ഭക്ഷണകാര്യങ്ങളും മറ്റും എങ്ങനെ ഉറപ്പാക്കുന്നുവെന്നതടക്കം വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വത്തോട് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയെന്ന നിലയില്‍ ദേവസ്വത്തിന്റെ കടമയാണെന്ന് ഹൈക്കോടതി മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു.

മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിലാണ് ആനയിടഞ്ഞുണ്ടായ അപകടത്തില്‍ കുറുവങ്ങാട് സ്വദേശികളായ ലീല (85), അമ്മുക്കുട്ടി (85), രാജന്‍ വടക്കായി എന്നിവരാണ് മരിച്ചത്. ആന ഇടഞ്ഞതിനെ തുടര്‍ന്ന് ആളുകള്‍ ചിതറിയോടുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം. സംഭവത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

ക്ഷേത്രത്തിന് സമീപം ആനകള്‍ എത്തിയപ്പോള്‍ പടക്കം പൊട്ടിച്ചതാണ് ഇടയാനുള്ള കാരണമെന്നാണ് നിഗമനം. ഇടഞ്ഞ ആന തൊട്ടു മുന്‍പിലുള്ള ആനയെ കുത്തി. തുടര്‍ന്ന് രണ്ട് ആനകളും വിരണ്ടോടുകയായിരുന്നു. ഗുരുവായൂരില്‍ നിന്നെത്തിച്ച ഗോകുല്‍, പീതാംബരന്‍ എന്നീ ആനകളാണ് ഇടഞ്ഞത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com