
ജോർജ് കുര്യനും ആർഎസ്എസും ബിജെപിയുമെല്ലാം കേരളത്തിനെതിരാണെന്നും അവരുടെ ലക്ഷ്യം കേരളമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതുകൊണ്ടാണ് ഇവിടെ ദാരിദ്ര്യം വേണമെന്ന് അവർ പറയുന്നത്. സാമ്പത്തിക പ്രതിരോധവും ആശയ പ്രതിരോധവും സൃഷ്ടിക്കുന്നത് അതിന് വേണ്ടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എ.ഐ വിഷയത്തിൽ പാർട്ടിയുടെ നിലപാട് മാറിയിട്ടില്ല. എ.ഐ സംവിധാനം മുഴുവൻ കുത്തക മുതലാളിമാരുടെ കയ്യിലാണ്. ഭാവിയിൽ തൊഴിലില്ലായ്മ രൂക്ഷമാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ആർഎസ്എസിൻ്റെ കോടിയേരി അധിക്ഷേപത്തിനും എം.വി. ഗോവിന്ദൻ മറുപടി നൽകി. കോടിയേരിയെ അധിക്ഷേപിക്കുന്നത് ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. അങ്ങനെ ഒരാളെ അധിക്ഷേപിക്കുന്ന ആർഎസ്എസുകാരെ പറ്റി എന്ത് പറയാനാണ്? കോടിയേരി നൽകിയത് അതുല്യമായ സംഭാവനകളാണ്. അതുകൊണ്ടാണ് സിപിഎം സമ്മേളന നഗറുകൾക്കെല്ലാം കോടിയേരിയുടെ പേര് നൽകിയതെന്നും എം.വി. ഗോവിന്ദൻ വിശദീകരിച്ചു.
മുകേഷിന് വീണ്ടും പിന്തുണ നൽകിയോ എന്ന ചോദ്യത്തിന് കോടതിയിലാണ് ആ പ്രശ്നം ഉള്ളതെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. ഇപ്പോൾ ഉള്ള നിലപാട് ആണ് പാർട്ടിക്കുള്ളത്. കോടതി പറയട്ടെ അപ്പോ നോക്കാം. ഓരോ ഘട്ടത്തിലും അത് വേണോ.. ഇത് വേണോ എന്ന് ചോദിക്കരുത്. ധാർമികത നോക്കി എംഎൽഎ സ്ഥാനം രാജിവെച്ചാൽ ധാർമികത പറഞ്ഞു എംഎൽഎ സ്ഥാനം തിരിച്ചെടുക്കാൻ പറ്റുമോ? കോടതി വിധി വരുമ്പോൾ എംഎൽഎ സ്ഥാനം തിരിച്ചു കൊടുക്കുമോയെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് ചോദിച്ചു.