'SIO-സോളിഡാരിറ്റി സമരം തെറ്റായ സന്ദേശം നൽകി, വിദ്വേഷ അജണ്ട നിറഞ്ഞ സമരരീതികളെ അംഗീകരിക്കാനാകില്ല': കേരള നദ്‌വത്തുൽ മുജാഹിദീൻ

ഇത്തരം വിദ്വേഷ അജണ്ട നിറച്ച സമര രീതികളെ അംഗീകരിക്കാൻ കഴിയില്ലെന്നും കെഎൻഎം പറഞ്ഞു
'SIO-സോളിഡാരിറ്റി സമരം തെറ്റായ സന്ദേശം നൽകി, വിദ്വേഷ അജണ്ട നിറഞ്ഞ 
സമരരീതികളെ അംഗീകരിക്കാനാകില്ല': കേരള നദ്‌വത്തുൽ മുജാഹിദീൻ
Published on

മുസ്ലീം ബ്രദര്‍ഹുഡിന്റെയും ഹമാസിന്റെയും നേതാക്കളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള എസ്ഐഒ-സോളിഡാരിറ്റി സമരത്തെ തള്ളി കേരള നദ് വത്തുൽ മുജാഹിദീൻ(കെഎൻഎം). വഖഫ് ഭേദഗതിക്കെതിരെ നടത്തിയ സമരം സമൂഹത്തിന് തെറ്റായ സന്ദേശം നൽകിയെന്നാണ് കെഎൻഎമ്മിൻ്റെ വിമർശനം. ഇത്തരം വിദ്വേഷ അജണ്ട നിറച്ച സമര രീതികളെ അംഗീകരിക്കാൻ കഴിയില്ലെന്നും കെഎൻഎം പറഞ്ഞു.


എസ്ഐഒയും സോളിഡാരിറ്റിയും ചേർന്ന് വഖഫ് ഭേദഗതിക്കെതിരെ നടത്തിയ സമരം സമൂഹത്തിന് തെറ്റായ സന്ദേശം നൽകിയെന്നാണ് കെഎൻഎം സംസ്ഥാന നേതൃസമ്മേളനത്തിൽ ഉയർന്ന വിമർശനം. വഖഫ് സമരത്തിനു പൊതു സമൂഹം നൽകുന്ന പിന്തുണ ഇല്ലാതാക്കുന്ന തെറ്റായ നീക്കം ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗത്തിൽ നിന്നും ഉണ്ടായി. ഇത്തരം വിദ്വേഷ അജണ്ട നിറച്ച സമര രീതികളെ അംഗീകരിക്കാൻ കഴിയില്ലെന്നും കെഎൻഎം വ്യക്തമാക്കി.

വഖഫ് ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചുകൊണ്ട് സോളിഡാരിറ്റിയും എസ്‌ഐഒയും പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ പ്രതിഷേധത്തില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെയും ഹമാസിന്റെയും നേതാക്കളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായി. ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്ന, എഴുത്തുകാരനും മുസ്ലീം ബ്രദര്‍ഹുഡ് നേതാവുമായ സയ്യിദ് ഖുതുബ്, ഹമാസ് നേതാക്കളായ അഹമ്മദ് യാസിന്‍, യഹിയ സിന്‍വാര്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രതിഷേധത്തിനിടെ ഉയര്‍ത്തിയത്.


സമരത്തിനെതിരെ കാന്തപുരം വിഭാഗവും രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ആരെങ്കിലും ഇസ്ലാമിന്റെ പേരില്‍, ഇസ്ലാമിന്റെ ലേബലില്‍ നടത്തുന്ന സമരങ്ങള്‍ മുസ്ലീം മുഖ്യധാരയുടെ ഭാഗമല്ലെന്നായിരുന്നു കാന്തപുരം വിഭാഗം നേതാവ് ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ പ്രസ്താവന. ഏതെങ്കിലും വിഷയത്തില്‍ മുസ്ലീങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ ഭരണകൂടത്തിനെതിരെ നടത്തുന്ന സമരം തികച്ചും സമാധാനപരമായിരിക്കണമെന്നും അബ്ദുൾ ഹക്കീം അസ്ഹരി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com