
മുല്ലപ്പെരിയാറിൽ വീണ്ടും കൊമ്പുകോർത്ത് കേരളവും തമിഴ്‌നാടും. ഡാം ബലപ്പെടുത്താനുള്ള തമിഴ്നാടിൻ്റെ നിർമാണപ്രവർത്തനങ്ങൾ ഡാം സുരക്ഷയ്ക്ക് ഭീഷണിയെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളം. മേൽനോട്ടസമിതി തമിഴ്നാടിന് അനുമതി നൽകിയ മൂന്ന് നിർമാണപ്രവർത്തികൾ സംബന്ധിച്ച് സുപ്രീം കോടതിയിൽ കേരളം സത്യവാങ്മൂലം നൽകി.
മേൽനോട്ടസമിതിയുടെ നിർദേശങ്ങൾ കേരളം പാലിക്കുന്നില്ലെന്ന് കാണിച്ച് തമിഴ്നാട് നൽകിയ കേസിലാണ് കേരളം മറുപടി നൽകിയിരിക്കുന്നത്. കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേരളത്തിൻ്റെ സത്യവാങ്മൂലം. വി 1, വി 5 ഷട്ടറുകൾ ബലപ്പെടുത്താൻ കേരളവും അനുമതി നൽകിയെങ്കിലും സുരക്ഷ സംബന്ധിച്ച് ഉയർത്തിയ ആശങ്കകളോട് തമിഴ്നാട് ഇതുവരെ പ്രതികരിച്ചിട്ടില്ല.പദ്ധതിപ്രദേശത്തെ ആന ട്രഞ്ച് അറ്റകുറ്റപ്പണികൾ, ഡാമിന് സമീപത്തെ ഷെഡ്ഡിൻ്റെ പണി എന്നിവ സംബന്ധിച്ച നടപടിക്രമങ്ങൾ തമിഴ്നാട് പാലിച്ചില്ലെന്നും കേരളം പറയുന്നു. ഇക്കാര്യങ്ങളിൽ തമിഴ്നാടിനോട് കേരളം രേഖാമൂലം വിശദീകരണം ചോദിച്ചിട്ടും മറുപടി കിട്ടിയിട്ടില്ല.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് മേല്‍നോട്ടസമിതിയുടെ നിര്‍ദേശങ്ങള്‍ കേരളവും തമിഴ്‌നാടും നടപ്പാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. കേരള-തമിഴ്‌നാട് വാട്ടര്‍ റിസോര്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഇരു സംസ്ഥാനങ്ങളിലെയും ഇറിഗേഷന്‍ ചുമതലയുള്ള ചീഫ് എഞ്ചിനിയര്‍മാര്‍, കാവേരി സെല്‍ ചെയര്‍മാന്‍ എന്നിവര്‍ അടങ്ങിയതാണ് മേല്‍നോട്ട സമിതി. മുല്ലപെരിയാര്‍ ഡാമിന്റെ എല്ലാ സുരക്ഷ സംബന്ധമായ വിഷയങ്ങളും മേല്‍നോട്ട സമിതിയാണ് പരിഗണിക്കുക.