ശശി തരൂരിന്റേത് കോണ്‍ഗ്രസിനുള്ളിലെ ബിജെപി സ്ലീപ്പിങ് സെല്ലില്‍ ബെര്‍ത്ത് ഉറപ്പിക്കാനുള്ള ശ്രമം: ബിനോയ് വിശ്വം

ഇത്തരം കാര്യങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് ബിജെപിക്ക് അറിയാമെന്നും ബിനോയ് വിശ്വം
ബിനോയ് വിശ്വം, ശശി തരൂര്‍
ബിനോയ് വിശ്വം, ശശി തരൂര്‍
Published on
Updated on



ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടം ലോകത്തെ അറിയിക്കാനുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ തലവനായി നിര്‍ദേശിക്കപ്പെട്ട കോണ്‍ഗ്രസ് എംപി ശശി തരൂരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ സ്ലീപ്പിങ് സെല്ലില്‍ സ്ഥാനം തേടുകയാണ് ശശി തരൂരെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇത്തരം കാര്യങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് ബിജെപിക്ക് അറിയാം. ഭീകരതയ്ക്കെതിരായ പോരാട്ടത്തെ പാര്‍ട്ടി നേട്ടത്തിനായുള്ള പോരാട്ടമായി ബിജെപി മാറ്റുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

"കോണ്‍ഗ്രസിനുള്ളിലെ ബിജെപി സ്ലീപ്പിങ് സെല്ലിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ആശങ്ക നിസാരമല്ല. ശശി തരൂര്‍ ആ സെല്ലില്‍ തന്റെ ബര്‍ത്ത് തേടുകയാണെന്ന് തോന്നുന്നു. ഇത്തരം കാര്യങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് ബിജെപിക്ക് അറിയാം. ഭീകരതയ്ക്കെതിരായ പോരാട്ടം പോലും അവര്‍ പാര്‍ട്ടി നേട്ടങ്ങള്‍ക്കായുള്ള പോരാട്ടമാണ്" -എന്നായിരുന്നു ബിനോയ് വിശ്വം എക്സില്‍ കുറിച്ചത്.

സര്‍വകക്ഷി സംഘത്തിലെ പ്രാതിനിധ്യത്തെ ചൊല്ലി കോണ്‍ഗ്രസും തരൂരും തമ്മില്‍ ഭിന്നാഭിപ്രായം ഉടലെടുത്ത സാഹചര്യത്തിലാണ് ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം. പാര്‍ട്ടി നല്‍കിയ പേരുകള്‍ അവഗണിച്ച് തരൂരിനെ പ്രതിനിധി സംഘത്തില്‍ ഒന്നിന്റെ തലവനായി സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ, ലോക്‌സഭ ഡെപ്യൂട്ടി ലീഡർ ഗൗരവ് ഗൊഗോയ്, ഡോ. സയ്യിദ് നസീർ ഹുസൈൻ എംപി, രാജ ബ്രാർ എംപി എന്നിവരുടെ പേരാണ് കോണ്‍ഗ്രസ് നല്‍കിയിരുന്നത്. അത് മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ തരൂരിനെ തിരഞ്ഞെടുത്തത്.

അതേസമയം, രാഷ്ട്രീയത്തേക്കാള്‍ വലുതാണ് രാഷ്ട്രമെന്ന് പ്രതികരിച്ച തരൂര്‍ ക്ഷണം അഭിമാനത്തോടെ സ്വീകരിക്കുകയാണെന്ന് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ക്ഷണത്തിൽ രാഷ്ട്രീയം കാണേണ്ടതില്ല. തന്റെ കഴിവിനെപ്പറ്റിയോ കഴിവില്ലായ്മയെപ്പറ്റിയോ കോൺഗ്രസിന് അഭിപ്രായമുണ്ടാകാം. എന്നാൽ രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ. രാജ്യത്തിനായി എല്ലാ പാർട്ടി പ്രതിനിധികൾക്കും അവസരം നൽകുമ്പോൾ, അതിനനുസരിച്ച് പ്രവർത്തിക്കേണ്ടത് കടമ കൂടിയാണെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.

ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ, ഭീകരതയ്ക്കെതിരായ നിലപാട് ലോകത്തെ അറിയിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി പ്രതിനിധി സംഘത്തെ നിശ്ചയിച്ചത്. എംപിമാര്‍ ഉള്‍പ്പെടെ 59 അംഗങ്ങളാണ് പ്രതിനിധി സംഘത്തിലുള്ളത്. ഇവരില്‍ 31 പേര്‍ എന്‍ഡിഎയില്‍നിന്നും 20 പേര്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുമുള്ളവരാണ്. ഇവരെ സഹായിക്കാനായി മുന്‍ നയതന്ത്രജ്ഞരുമുണ്ട്. ഏഴ് സംഘങ്ങളായി തിരിഞ്ഞ്, 32 രാജ്യങ്ങളാണ് ഇവര്‍ സന്ദര്‍ശിക്കുക. ബിജെപിയില്‍ നിന്നുള്ള ബൈജയന്ത് ജയ് പാണ്ഡെ, രവിശങ്കര്‍ പ്രസാദ്, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡെ, ഡിഎംകെ എംപി കനിമൊഴി, എന്‍സിപി (ശരദ് പവാര്‍) നേതാവ് സുപ്രിയ സുലെ എന്നിവരാണ് സംഘത്തെ നയിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com