
പകുതിവില തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾക്ക് പിന്നാലെ സംസ്ഥാന സർക്കാരിനെ മറയാക്കിയും സായ്ഗ്രാമം ഗ്ലോബൽ ട്രസ്റ്റിൻറെ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എന്. ആനന്ദകുമാർ തട്ടിപ്പ് നടത്തിയതായി പരാതി. സർക്കാർ നൽകിയ ഭൂമിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പണിയുമെന്ന പേരിൽ പലരിൽ നിന്നായി തട്ടിയത് ലക്ഷങ്ങളാണെന്നാണ് ആരോപണം. സൗജന്യമായി ഭൂമി വിട്ടു നൽകിയവർ തട്ടിപ്പിൻ്റെ സൂചന ലഭിച്ചതോടെ ഭൂമി തിരിച്ചു വാങ്ങി. സത്യസായി ട്രസ്റ്റിൻ്റെ പേരിലാണ് പെരിയയിലെ തട്ടിപ്പ് നടന്നത്.
കാസർഗോഡ് കാഞ്ഞിരടുക്കത്ത് എൻഡോസൾഫാൻ ദുരിത ബാധിതർ, അമ്മമാർ, കുഞ്ഞുങ്ങൾ എന്നിവർക്ക് മാത്രമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കുമെന്ന പേരിൽ സത്യസായി ട്രസ്റ്റാണ് സർക്കാരിനെ സമീപിച്ചത്. എല്ലാവർക്കും സൗജന്യ ചികിത്സ നൽകാമെന്ന ധാരണയിൽ 2016ൽ ഉമ്മൻ ചാണ്ടി സർക്കാർ അഞ്ച് ഏക്കർ ഭൂമി ട്രസ്റ്റിന് പതിച്ചു നൽകിയിരുന്നു. ഇതിന് പിന്നാലെ ആനന്ദകുമാറിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ വ്യാപാരികളെയും സാധാരണക്കാരേയും നേരിൽ കണ്ട് പണം സമാഹരിച്ചു. പലരും ലക്ഷങ്ങളാണ് നൽകിയത്. ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തിയ അതേ വേദിയിൽവച്ചായിരുന്നു പലരും ചെക്ക് കൈമാറിയത്.
തുടർച്ചയായി യോഗങ്ങൾ വിളിക്കുകയും പ്രദേശത്ത് സായി മന്ദിരം സ്ഥാപിക്കുകയും ചെയ്ത് ആനന്ദകുമാർ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു. ഇതോടെ സ്വന്തം സ്ഥലം പോലും ട്രസ്റ്റിന് സൗജന്യമായി നൽകാൻ ജനങ്ങൾ തയ്യാറാകുകയായിരുന്നു. സിഎസ്ആർ ഫണ്ട് ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു ആദ്യഘട്ടത്തിലെ നിർമാണ പ്രവൃത്തികൾ. പിന്നീട് ജോലി ചെയ്തവർക്കു പോലും കൂലി നൽകാതായതോടെ നിർമാണ് പ്രവർത്തനങ്ങൾ പതിയെ നിലച്ചു. പകുതിവില തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ പുറത്തുവന്നതോടെ പണം നൽകിയവർ ആനന്ദകുമാറിനെ പലതവണ ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടി ഉണ്ടായില്ല. പണം കൈപ്പറ്റിയതിന് രസീത് പോലും ലഭിക്കാത്തതിനാൽ പരാതി നൽകാനാകാത്ത അവസ്ഥയിലാണ് നിക്ഷേപം നടത്തിയവർ.